Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

ജൂണ്‍ ഒന്നുമുതല്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ പുനസ്ഥാപിച്ചു തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. മുന്‍കരുതലുകളെല്ലാം എടുത്തായിരിക്കും നടപടി. 200 നോണ്‍ എസി ട്രെയിനുകള്‍ അടുത്ത മാസം ആദ്യം മുതല്‍ ഓടിക്കും. ഇതില്‍ ദീര്‍ഘ-ഹ്രസ്വ ദൂര ട്രെയിനുകളും ഉള്‍പ്പെടും.

സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്നും ബുക്കിങ്ങുകള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മെയ് 12 മുതല്‍ 15 ഓളം ട്രെയിനുകള്‍ രാജ്യത്ത് സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ എസി ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

കേരളത്തിലേക്കുള്ള പ്രത്യേക നോണ്‍ എസി ട്രെയിന്‍ 20ന് വൈകിട്ട് ആറിന് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും.  1304 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. 971 പേര്‍ ഡല്‍ഹിയില്‍ നിന്നും 333 പേര്‍ യുപി, ജമ്മു കശ്മീര്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്.

ലോക്ഡൗണില്‍ അന്യ സംസ്ഥാനത്ത് കുടുങ്ങിപ്പോയവര്‍ക്കായാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തിയത്. സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ കേരളത്തില്‍ അന്തര്‍ജില്ലാ യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുന്‍കൂര്‍ ബുക്ക് ചെയ്തവര്‍ക്ക് പണം മടക്കി നല്‍കുമെന്നും അറിയിച്ചിരുന്നു.