Wed. Jan 22nd, 2025
ഇടുക്കി:

ഇടുക്കി അണക്കെട്ടിലെ കേടായ മൂന്ന് ജനറേറ്ററുകൾ ഉടൻ നന്നാക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ലോക്ക് ഡൗൺ മൂലം വിദഗ്ധരെ കൊണ്ടുവന്ന് പണി നടത്താനാകില്ല. നിലവിൽ ഡാമിലെ ജലനിരപ്പ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു.

മൂന്ന് മാസം മുമ്പുണ്ടായ പൊട്ടിത്തെറിയാലാണ് ഇടുക്കി അണക്കെട്ടിലെ രണ്ട് ജനറേറ്ററുകൾ തകരാറിലായത്. ഒരെണ്ണം വാർഷിക അറ്റകുറ്റപണിയിലാണ്. ഇപ്പോൾ മൂന്ന് ജനറേറ്ററുകൾ വച്ച് മാത്രമാണ് വൈദ്യുതോൽപാദനം നടത്തുന്നത്. ഇതോടെ അണക്കെട്ടിൽ മുൻ വർഷത്തേക്കാളും 20 അടി ജലനിരപ്പ് കൂടിയിട്ടും പ്രയോജനമില്ലാത്ത സ്ഥിതിയായി.

വൈദ്യുതി ഉൽപാദനം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ മഴ കനത്താൽ ഡാം തുറക്കുകയല്ലാതെ കെഎസ്ഇബിക്ക് മുന്നിൽ മറ്റ് വഴികളില്ല. ജലനിരപ്പ് 2373 അടിയിൽ എത്തിയാലെ ഡാമിൽ നിന്ന് പുറത്തേക്ക് വെള്ളം ഒഴുക്കി വിടാനാകൂ. ഇത് എത്തണമെങ്കിൽ ഇനി 30 അടി വെള്ളം കൂടണം. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച കാര്യങ്ങൾ തമിഴ്നാടുമായി ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.