വാഷിങ്ടണ്‍:
കോവിഡ് മഹാമാരിയുണ്ടാക്കിയ ആഘാതത്തിൽനിന്ന് ആഗോള സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവു നടത്താൻ മുൻപ് പ്രതീക്ഷിച്ചിരുന്നതിനേക്കാൾ സമയമെടുക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി. 2020-ൽ ആഗോളതലത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ മൂന്നുശതമാനമെങ്കിലും കുറവുണ്ടാകുമെന്നാണ് ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ വ്യക്തമാക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നു ലഭിച്ച വിവരങ്ങൾ ആദ്യം പ്രതീക്ഷിച്ചിരുന്നതിനേക്കാൾ മോശമാണ്, പ്രതിസന്ധിയിൽനിന്ന് കരകയറാൻ കൂടുതൽസമയം വേണ്ടിവരുമെന്നാണ് ഇതിനര്‍ത്ഥമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആഗോള സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവു നടത്തുംവരെ ആഗോളതലത്തിൽ കടബാധ്യതയും രാജ്യങ്ങളിലെ ധനക്കമ്മിയും കുതിച്ചുയരും. കമ്പനികളുടെ പാപ്പരത്തനടപടികളും തൊഴിലില്ലായ്മയും പട്ടിണിയും സാമൂഹിക അസമത്വവും ഉയരും. അതേസമയം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ പ്രാധാന്യം കൈവരുമെന്ന് ക്രിസ്റ്റലീന ജോർജീവ പറഞ്ഞു.