Fri. Nov 22nd, 2024
കൊല്‍ക്കത്ത:

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സംസ്ഥാനത്തേക്ക് തിരികെ എത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ മുഴുവന്‍ യാത്ര ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

‘ഞങ്ങളുടെ കുടിയേറ്റക്കാര്‍ നേരിടുന്ന കഷ്ടപ്പാടിനെ അഭിവാദ്യം ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പശ്ചിമ ബംഗാളിലേക്കുള്ള പ്രത്യേക ട്രെിയിനുകളില്‍ എത്തുന്ന ഞങ്ങളുടെ കുടിയേറ്റ തൊഴിലാളികളുടെ മുഴുന്‍ യാത്ര ചെലവും വഹിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയാണ്. അതില്‍ സന്തോഷം പ്രകടിപ്പിക്കുകയാണ്. ഒരു കുടിയേറ്റക്കാരനും യാത്രാചെലവ് വഹിക്കേണ്ടതില്ല.’ മമത അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കുടിയേറ്റ തൊഴിലാളികളെ കൊണ്ടുവരുന്നതിന് 105 പ്രത്യേക ട്രെയിനുകള്‍ ബംഗാള്‍ സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിരുന്നു. കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്നതില്‍ ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന കേന്ദ്രത്തിന്റെ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു തീരുമാനം.

കേരളത്തില്‍ നിന്നടക്കം അടുത്ത ദിവസങ്ങളില്‍ ബംഗാളിലേക്ക് പ്രത്യേക ട്രെയിനുകളുണ്ടാകും. ഇതിന് തൊഴിലാളികള്‍ പണം നല്‍കേണ്ടതില്ലെന്നാണ് മമതയുടെ പ്രഖ്യാപനം. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പണം കൈമാറാമെന്ന്‌ റെയില്‍വേയെ അറിയിച്ചിട്ടുണ്ടെന്ന് മമത വ്യക്തമാക്കി.