Sun. Dec 22nd, 2024
കൊൽക്കത്ത:

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനങ്ങളെ സഹായിക്കാൻ ഒന്നുമില്ലാത്ത സാമ്പത്തിക പാക്കേജ് ഒരു വട്ട പൂജ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ജനങ്ങളെ തെറ്റിധരിപ്പിച്ചുകൊണ്ട് സംസ്ഥാനങ്ങളെ സാമ്പത്തിക ലോക്ക് ഡൗണിൽ തളച്ചിടുകയാണ് കേന്ദ്രം എന്നും മമത പ്രതികരിച്ചു.

പ്രധാനമന്ത്രി 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനങ്ങളുടെ താത്പര്യം കൂടി പരി​ഗണിക്കുമെന്ന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ നിർമ്മല സീതരാമിന്റെ പ്രഖ്യാപനത്തോടെ എല്ലാ ഇല്ലാതായി. പ്രധാനമന്ത്രി പറഞ്ഞതെല്ലാം നാടകമായിരുന്നെന്ന് ധനമന്ത്രി തെളിയിച്ചു. അവർ കൂട്ടിച്ചേർത്തു. കർഷകരുടെ കടം എഴുതി തള്ളാത്തതിനെതിരെയും മമത വിമർശനം ഉന്നയിച്ചു.

പശ്ചിമ ബം​ഗാൾ ധനവകുപ്പ് മന്ത്രി അമിത് മിത്രയും സംസ്ഥാനങ്ങളെ അവ​ഗണിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ ജിഡിപി വളർച്ച പത്ത് ശതമാനത്തിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് പാക്കേജിൽ ഉൾപ്പെടുത്തിയത് എന്ന് പരസ്യം ചെയ്തെങ്കിലും രണ്ട് ശതമാനം വളർച്ചയ്ക്ക് ഉള്ളത് പോലും പാക്കേജിൽ ഇല്ലെന്നും അദ്ദഹം അഭിപ്രായപ്പെട്ടു.