ന്യൂ ഡല്‍ഹി:
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കേന്ദ്രസർക്കാർ ജീവനക്കാർക്കായി ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം പതിവു തൊഴിൽരീതിയാക്കാൻ കേന്ദ്രസർക്കാർ കരടു മാർഗരേഖ തയ്യാറാക്കി. വിവിധ മന്ത്രാലയങ്ങളോട് ഈ മാസം 21നകം നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡിനെത്തുടർന്ന് 75 മന്ത്രാലയങ്ങൾ ജീവനക്കാർക്ക് വീട്ടിലിരുന്നുള്ള ജോലി നിർബന്ധമാക്കിയിരുന്നു. ഇതിൽ 57 മന്ത്രാലയങ്ങളിലെ 80 ശതമാനം ജോലികളും ഇ-ഓഫീസ് വഴിയായിക്കഴിഞ്ഞു. കേന്ദ്രമന്ത്രാലയങ്ങളുടെ ഇ-ഓഫീസ് കാര്യക്ഷമമാക്കാനും രഹസ്യസ്വഭാവം ഉറപ്പാക്കാനുമുള്ള സാങ്കേതിക സൗകര്യങ്ങൾ നടപ്പാക്കാൻ നാഷണൽ ഇൻഫോമാറ്റിക് സെന്‍ററിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭാവികാല നയമെന്ന തരത്തിൽ ജീവനക്കാർക്കു വർഷത്തിൽ 15 ദിവസം വീട്ടിലിരുന്നു ജോലിയെടുക്കാവുന്ന തരത്തിൽ മന്ത്രാലയങ്ങൾ പദ്ധതി തയ്യാറാക്കണമെന്നാണ് കരടു മാർഗരേഖ നിര്‍ദ്ദേശിക്കുന്നത്.