ദുബായ്:
കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ വിസ നിയമലംഘകരെയും പിഴയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് യുഎഇ സർക്കാർ. യുഎഇ പ്രസിഡന്റ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാനാണ് ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പേർക്ക് ആശ്വാസമാകുന്ന ഉത്തരവ് പുറത്തിറക്കിയത്.
2020 മാർച്ച് ആദ്യവാരത്തിൽ കാലാഹരണപ്പെട്ട എൻട്രി അല്ലെങ്കിൽ റെസിഡൻഷ്യൽ പെർമിറ്റുള്ള ആളുകൾക്ക് പിഴ നൽകേണ്ടതില്ല എന്നാണ് യുഎഇ ഭരണാധികാരി അറിയിച്ചത്. ഇവർക്ക് മെയ് 18ന് തുടങ്ങി മൂന്ന് മാസത്തിനുള്ളിൽ യുഎഇ വിട്ടാൽ മതിയെന്നും ഉത്തരവിൽ പറയുന്നു.
മെയ് 18ന് ശേഷം സർക്കാർ അനുവദിച്ച മൂന്ന് മാസക്കാലയളവിനുള്ളിൽ രാജ്യം വിടാൻ തയ്യാറാകുന്ന കാലാഹരണപ്പെട്ട പെർമിറ്റോ റെസിഡൻസി പെർമിറ്റോ ഉള്ള മുഴുവൻ ആളുകളുടെയും പിഴ പൂർണ്ണമായി എഴുതിത്തള്ളുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റി ആൻഡ് സിറ്റിസൺഷിപ്പ് വക്താവ് ബ്രിഗേഡിയർ ഖാമിസ് അൽ കാബി കൂട്ടിച്ചേർത്തു. കാലാഹരണപ്പെട്ട എമിറേറ്റ്സ് ഐഡി, വർക്ക് പെർമിറ്റ് എന്നിവയ്ക്കുള്ള പിഴയും ഒഴിവാക്കപ്പെടും.