ന്യൂ ഡല്‍ഹി:
മധ്യപ്രദേശിലെ ഗുനയില്‍ ട്രക്കില്‍ ബസ്സിടിച്ച് 8 അതിഥി തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ ദേശീയപാതയില്‍ ആറ് അതിഥി തൊഴിലാളികള്‍ ബസ്സിടിച്ച് മരിച്ച് മണിക്കൂറുകള്‍ കഴിയും മുന്‍പാണ് രാജ്യത്ത് വാഹനാപകടത്തില്‍ 8 പേരുടെ ജീവന്‍ കൂടി പൊലിഞ്ഞത്.
മഹാരാഷ്ട്രയില്‍ നിന്ന് 70 ഓളം തൊഴിലാളികളുമായി ഉത്തര്‍പ്രദേശിലേക്ക് പോകുകയായിരുന്ന ട്രക്കില്‍ ഗുനയിലെ ബൈപാസ് റോഡില്‍വെച്ച് ബസ് ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ നടന്ന അപകടത്തില്‍ എട്ട് തൊഴിലാളികള്‍ മരിക്കുകയും 55-60 തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൊഴിലാളികളില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശിലെ ഉനാവോ ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് വിവരം.
രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്കെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ ഔറംഗാബാദല്‍ തീവണ്ടിക്കടിയില്‍പ്പെട്ട് അതിഥി തൊഴിലാളികള്‍ മരിച്ചിരുന്നു. സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന അതിഥി തൊഴിലാളികള്‍ക്ക് മേല്‍ ചരക്കു വണ്ടി കയറുകയായിരുന്നു.