Wed. Jan 22nd, 2025
അഹമ്മദാബാദ്:

വോട്ടെണ്ണലിലെ കൃത്രിമം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തെളിഞ്ഞതിനാൽ ഗുജറാത്തിലെ വിദ്യാഭ്യാസ, നിയമകാര്യ മന്ത്രി ഭൂപേന്ദ്രസിങ് ചുഡാസമയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. എതിർസ്ഥാനാർഥി കോൺഗ്രസിന്റെ അശ്വിൻ റാത്തോഡിന്റെ ഹർജിയിലാണ് ജസ്റ്റിസ് പരേശ് ഉപാധ്യായയുടെ വിധി. അഹമ്മദാബാദ് ജില്ലയിലെ ധോൽക്കയിൽനിന്ന് 2017-ൽ 327 വോട്ടിനാണ് ചുഡാസമ വിജയിച്ചത്.

വരണാധികാരിയായിരുന്ന ഡെപ്യൂട്ടി കളക്ടർ ധവാൽ ജനി ബിജെപി സ്ഥാനാർഥിക്കായി പല ഇടപെടലും നടത്തിയതായി ഹൈക്കോടതി കണ്ടെത്തി. കേസിൽ വാദം നടക്കുന്നതിനിടെ ജഡ്ജി പക്ഷപാതപരമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി മന്ത്രി സുപ്രീംകോടതിയിൽ പോയിരുന്നെങ്കിലും ഫലമുണ്ടായില്ല. നിയമമന്ത്രി കൂടിയായ ചുഡാസമയുടെ നടപടിയിൽ ഹൈക്കോടതി അതൃപ്തി സൂചിപ്പിച്ചതിനാൽ അദ്ദേഹത്തിനു നേരിട്ട് ഹാജരായി മാപ്പ് അപേക്ഷിക്കേണ്ടിവന്നിരുന്നു.

അഞ്ചുവട്ടം ധോൽക്കയിൽ നിന്ന് എംഎൽഎ ആയിരുന്ന ചുഡാസമ സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കളിൽ ഒരാളാണ്. നരേന്ദ്രമോദി മന്ത്രിസഭയിലടക്കം അഞ്ച്‌ മന്ത്രിസഭകളിൽ അംഗമായിരുന്നു.