അഹമ്മദാബാദ്:
ഗുജറാത്തിലെ ന്യൂസ് പോര്‍ട്ടല്‍ എഡിറ്ററെ രാജ്യദ്രോഹക്കുറ്റത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തു. കൊവിഡ് പ്രതിരോധത്തില്‍ ഗുജറാത്ത് സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വിമര്‍ശനം വരുന്നതിനിടെ ഗുജറാത്ത് ബിജെപി സര്‍ക്കാരില്‍ നേതൃത്വമാറ്റം നടക്കാനിടയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ പേരിലാണ് ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
ഫേസ് ഓഫ് നാഷന്‍ എന്ന ഗുജറാത്ത് ന്യൂസ് പോര്‍ട്ടലിന്റെ എഡിറ്ററായ ധാവെല്‍ പട്ടേലിനെയാണ് അഹമ്മദാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.
അഹമ്മദാബാദിലെ വസതിയില്‍ വെച്ചായിരുന്നു അറസ്റ്റ്.
ഗുജറാത്തിലെ ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ മന്‍ഷുഖ് മന്ദാവിയയെ ഉന്നത നേതാക്കള്‍ വിളിച്ചെന്നും ഗുജറാത്ത് സര്‍ക്കാരില്‍ നേതൃമാറ്റത്തിന് സാധ്യതയുണ്ടെന്നും മെയ് ഏഴിന് ധാവെല്‍ പട്ടേല്‍ ഫേസ് ഓഫ് നാഷനില്‍ വാര്‍ത്ത നല്‍കിയിരുന്നു.
കൊവിഡ് പ്രതിരോധത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി പരാജയമാണെന്ന് ബിജെപി നേതൃത്വത്തിന് തോന്നലുണ്ടെന്നും പാര്‍ട്ടി ഹൈക്കമാന്‍ഡ് മന്ദാവിയയെ ഫോണില്‍ വിളിക്കുകയും ചെയ്ത്തിനാല്‍ ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തുന്ന ഐപിസി സെക്ഷന്‍ 124 എ, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് സെക്ഷന്‍ 54 എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.