Sun. Jan 19th, 2025
ന്യൂഡല്‍ഹി:

മറ്റുള്ളവരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങളുണ്ടാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ സാങ്കേതിക വിദഗ്ധര്‍ക്കും ദേശീയ സാങ്കേതികവിദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിവാദനം അറിയിച്ചു. പൊഖ്റാനില്‍ ഇന്ത്യ ആണവപരീക്ഷണം നടത്തിയ ദിവസമാണ് ദേശീയ സാങ്കേതികവിദ്യ ദിനമായി(National Technology Day) ആചരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ ആണവപരീക്ഷണമായിരുന്നു അത്.

എബി വാജ്‌പേയുടെ കരുത്തുറ്റ രാഷ്ട്രീയനേതൃത്വമാണ് രാജ്യത്തിന്റെ ആ നേട്ടത്തിന് പിന്നിലെന്നും 1998 മെയ് പതിനൊന്നാം തീയതിയുടെ ചരിത്രനേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരേയും ഈ ദിനത്തില്‍ ഓര്‍മിക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിവാദനം അറിയിച്ചത്.

അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടേയും ഡോ എപിജെ അബ്ദുള്‍ കലാമിന്റേയും നേതൃത്വത്തിലായിരുന്നു രാജസ്ഥാനിലെ പൊഖ്റാനില്‍ ഇന്ത്യ മിസൈല്‍ പരീക്ഷണം നടത്തിയത്. വിജയകരമായ ഈ പരീക്ഷണത്തിന് ശേഷം ഇന്ത്യയെ ആണവരാഷ്ട്രമായി വാജ്‌പേയി പ്രഖ്യാപിക്കുകയും ചെയ്തു.

ഇപ്പോള്‍ ലോകം നേരിടുന്ന കോവിഡ്19 നെ നിര്‍മാര്‍ജനം ചെയ്യാന്‍ അഹോരാത്രം പരിശ്രമിക്കുന്ന സാങ്കേതികവിദഗ്ധര്‍ക്കും പ്രധാനമന്ത്രി അഭിവാദനം അറിയിച്ചു. ഗവേഷണങ്ങളിലൂടെയും പുതിയ കണ്ടുപിടിത്തങ്ങളിലൂടെയും ലോകത്തെ കോവിഡ് മുക്തമാക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും ആശംസ അറിയിച്ചതിനൊപ്പം ലോകത്തെ കൂടുതല്‍ സ്വാസ്ഥ്യമുള്ളതും മെച്ചപ്പെട്ടതുമായി മാറ്റാന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ സാധിക്കട്ടെയെന്നും മോദി കൂട്ടിച്ചേര്‍ത്തു.