ന്യൂ ഡല്‍ഹി:
കൊവിഡ് പശ്ചാത്തലത്തിൽ മാറ്റി വെച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലെ പ്രവേശന പരീക്ഷയായ ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷൻ അഡ്വാൻസ്‌ഡ് 2020 ഓഗസ്റ്റ് 23-ന് നടത്തുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു. ഇതിന് മുന്നോടിയായുള്ള ജെഇഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23 വരെ നടക്കും.
ജെഇഇ മെയിന്‍ ബിഇ, ബിടെക് പരീക്ഷയില്‍ വിവിധ കാറ്റഗറികളിലായി മുന്നിലെത്തുന്ന നിശ്ചിത എണ്ണം പേര്‍ക്ക് മാത്രമേ അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ കഴിയൂ. അതേസമയം, പ്രധാനമന്ത്രി റിസര്‍ച്ച് ഫെലോഷിപ്പ് നിബന്ധനകളിലും കേന്ദ്ര മാനവശേഷി മന്ത്രാലയം ഭേദഗതി വരുത്തി. ഇനിമുതൽ അംഗീകൃത സ്ഥാപനങ്ങളിലോ സര്‍വകലാശാലകളിലോ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഗേറ്റ് സ്‌കോര്‍ 650-ഉം സിജിപിഎ സ്‌കോര്‍ എട്ടും ഉള്ളവര്‍ക്ക് ഫെലോഷിപ്പിന് അപേക്ഷിക്കാം. നേരത്തെ ഗേറ്റ് സ്‌കോര്‍ 750 ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളൂ.