Fri. Apr 26th, 2024
ലക്നൗ:

അതിഥി തൊഴിലാളികള്‍ ആരും ഉത്തര്‍പ്രദേശിലെ വീടുകളിലേക്ക് കാല്‍നടയായി മടങ്ങരുതെന്ന് മുഖ്യമന്ത്രി ആദിത്യനാഥ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളില്‍ തൊഴിലെടുക്കുന്ന യുപിയില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ കിലോമീറ്ററുകള്‍ നടന്നും സൈക്കിള്‍ ചവിട്ടിയും നാട്ടിലെത്താനുള്ള ശ്രമം തുടരുകയാണ്. നേരത്തേ ഗര്‍ഭിണിയടക്കമുള്ള സംഘം നടന്ന് നാടെത്താന്‍ ശ്രമിക്കുന്നത് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മഹാരാഷ്ട്രയില്‍ നിന്ന് യുപിയിലേക്ക് സൈക്കിള്‍ ചവിട്ടി പോയ ഒരാള്‍ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഉത്തരേന്ത്യയില്‍ സമാനസംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഡല്‍ഹിയില്‍ നിന്നും നോയിഡയില്‍ നിന്നും 172 പേരാണ് 514 കിലോമീറ്റര്‍ നടന്ന് ലക്നൗവിലെത്താന്‍ ശ്രമിച്ചത്. ഇവരെ പോലീസ് തടഞ്ഞിരുന്നു.

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ അതത് സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ബസ്സുകളിലായി അഞ്ച് ലക്ഷത്തോളം അതിഥി തൊഴിലാളികളെയാണ് യുപി സര്‍ക്കാര്‍ ഇതുവരെ തിരിച്ചെത്തിച്ചത്.