Mon. Dec 23rd, 2024
മുംബൈ:

ആഭ്യന്തര ഇക്വിറ്റികളും മറ്റ് ഏഷ്യൻ കറൻസികളും കരുത്തുകാട്ടിയതോടെ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് ഉയർന്നു. രൂപയുടെ മൂല്യം നിലവിൽ യുഎസ് ഡോളറിനെതിരെ 75.44 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് മൂല്യം 75.26 രൂപയായി ഉയർന്നു.

അതെ സമയം, മറ്റ് ആറ് കറൻസികളുടെ ബാസ്ക്കറ്റിനെതിരെ യുഎസ് ഡോളർ ഇന്ന് ഇടിഞ്ഞു. ഡോളർ സൂചിക 0.15 ശതമാനം ഇടിഞ്ഞ് 99.75 ലെത്തിയിരിക്കുകയാണ്. കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള യുഎസ് -ചൈന സംഘർഷങ്ങൾക്കിടയിൽ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നതോടെ സുരക്ഷിത സ്ഥാനം തേടാനുളള നിക്ഷേപകരുടെ ഒഴുക്ക് യുഎസ് ഡോളറിനെ കഴിഞ്ഞ ഏതാനും സെഷനുകളിൽ ശക്തിപ്പെടുത്തിയിരുന്നു.

യുഎസ് -ചൈനീസ് തമ്മിലുള്ള വ്യാപാര ചർച്ചയിലും കോർപ്പറേറ്റ് വരുമാനത്തിലും നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ഏഷ്യൻ ഓഹരികൾ ഇന്ന് ഉയർന്നു. താൽക്കാലിക വിനിമയ കണക്കുകൾ പ്രകാരം 19,056 കോടി രൂപ ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ (എഫ്ഐഐ) മൂലധന വിപണിയിൽ നിക്ഷേപിച്ചു. എന്നാൽ, ആഭ്യന്തര -ആഗോള സമ്പദ്‌വ്യവസ്ഥയിൽ കോവിഡ് -19 മഹാമാരിയുടെ ആഘാതം സംബന്ധിച്ച ആശങ്കകളെ തുടർന്ന് നിക്ഷേപകരുടെ വികാരം ദുർബലമായി തുടരുന്നു.