ന്യൂ ഡല്‍ഹി:
വിശാഖപട്ടണത്തെ വിഷവാതക ദുരന്തത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്തു. വിശാഖപട്ടണത്ത് വിഷവാതകം ചോര്‍ന്ന് എട്ടുപേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരും പങ്കെടുത്തു.
ദുരന്തബാധിതരുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ‘വിശാഖപട്ടണത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം ദുരന്തനിവാരണ അതോറിറ്റിയുമായി സംസാരിച്ചിട്ടുണ്ട്. സൂക്ഷ്മമായി നിരീക്ഷിച്ചുക്കൊണ്ടിരിക്കുകയാണ്. എല്ലാവരുടേയും സുരക്ഷയ്ക്കും ക്ഷേമത്തിനും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.’ മോഡി ട്വീറ്റ് ചെയ്തു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുമായും പ്രധാനമന്ത്രി സംസാരിച്ചു. ആവശ്യമായ എല്ലാ പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. അമിത് ഷായും അനുശോചനവും പിന്തുണയും അറിയിച്ചു.
വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍ ഫാക്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ ആറു പേര്‍ മരിച്ചെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുന്നൂറോളം പേരെ ആശുപത്രിയിലാക്കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു ചോര്‍ച്ചയുണ്ടായത്. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണവിധേയമാണ്.