Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരള ഡിസാസ്റ്റ൪ ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി സ്പെഷ്യല്‍ പ്രൊവിഷൻ, അഥവ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മറ്റും പണം കണ്ടെത്തുന്നതിന്  സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കുന്നതു സംബന്ധിച്ച ഓർഡിനൻസ്, ഹര്‍ജികളും ഉത്തരവുകളും മറികടന്ന് അംഗീകൃതമായിരിക്കുന്നു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചതോടെ ദുരന്തങ്ങളോ ആരോഗ്യ അടിയന്തരാവസ്ഥയോ പ്രഖ്യാപിച്ചാൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ 25% വരെ മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരം ലഭിച്ചു കഴിഞ്ഞു. മൊത്തം ശമ്പളം 20,000 രൂപയ്ക്ക് മുകളിലുള്ള എല്ലാവരും ഈ സാലറി കട്ടിന് വിധേയരാകും.

മാറ്റിവയ്ക്കുന്ന തുക ഏതു രീതിയിൽ എന്നു തിരിച്ചു നൽകുമെന്ന് 6 മാസത്തിനകം അറിയിച്ചാൽ മതിയെന്നാണ് ഓര്‍ഡിനന്‍സില്‍ പരാമര്‍ശിക്കുന്ന വ്യവസ്ഥ. എന്നാല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ ഈ തുക തിരികെ നല്‍കുമെന്നായിരുന്നു നേരത്തെ നല്‍കിയ വാഗ്ദാനം. ഇത് യാഥാര്‍ത്ഥ്യമാകുമോ എന്നാണ് ജീവനക്കാരുടെ ആശങ്ക.

അതെ സമയം, സംസ്ഥാനത്തിന്‍റെ മൊത്തം വരുമാനത്തില്‍ പകുതിയോളം തുക, ആകെ ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രം ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കുന്നുണ്ട്. ജീവനും മരണത്തിനുമിടയില്‍ അതിജീവനത്തിനു വേണ്ടി തത്രപ്പാടു പെടുമ്പോള്‍ ഈ തുക സഹായമാകുമെങ്കില്‍, ഉത്തരവ് കത്തിച്ചെറിയുന്ന ഈ നിലപാട് വിദ്യാസമ്പന്നരായ ഒരു സമൂഹത്തിന് ഭൂഷണമാണോ?

സാലറി ചലഞ്ച് സാലറി കട്ടായത് എങ്ങനെ ?

താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു എന്നതാണ്, കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം അനുയോജ്യമായ ചൊല്ല്. എന്തെന്നാല്‍, പ്രളയകാലത്ത് സാലറി ചലഞ്ചിന് ഉത്തരവിട്ടപ്പോള്‍ പ്രതീക്ഷിച്ച സഹകരണം സര്‍ക്കാരിനു ലഭിച്ചില്ല എന്നതാണ് സാലറി ചലഞ്ച് ‘സാലറി കട്ട്’ ആകാനുള്ള മൂല കാരണം.

2019ല്‍ കേരളത്തെ വീണ്ടും പ്രളയം ബാധിച്ചപ്പോള്‍ (screen grab, copyrights: Financial Times)

പ്രളയകാലത്ത് 10 മാസം കൊണ്ട് താൽപര്യമുള്ളവരിൽ നിന്ന് മാത്രം 1500 കോടി രൂപ മാത്രമാണ് സർക്കാരിന് സംഭാവനയായി വാങ്ങാൻ കഴിഞ്ഞത്. അന്ന് മുഴുവൻ ശമ്പളവും നൽകാൻ തയാറായതു തന്നെ 40 ശതമാനം ജീവനക്കാർ മാത്രമാണ്.  എയ്ഡഡ് കോളജ് അധ്യാപകരിൽ സാലറി ചാലഞ്ചിൽ പങ്കെടുത്തത് 18 ശതമാനം മാത്രമായിരുന്നു.

അനുഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ബന്ധമുള്ള ഒരു സര്‍ക്കാര്‍ സംവിധാനത്തിന് പിന്നെ മുന്നിലുള്ള വഴി, ശമ്പളം പിടിക്കുക എന്നതു തന്നെ. അഞ്ചുമാസം കൊണ്ട് മുപ്പതു ദിവസത്തെ ശമ്പളം പിടിച്ചുവയ്ക്കാനാണ് തീരുമാനം. അതായത് അടുത്ത അഞ്ചു മാസം ആറു ദിവസത്തെ ശമ്പളം കട്ടാകും എന്നു സാരം.

സ്വമേധയാ സംഭാവന നൽകുന്ന സാലറി ചാലഞ്ചിന് പകരം നിർബന്ധമായി പണം ഈടാക്കുന്ന സാലറി കട്ടിലേക്ക് മാറിയതോടെ 2000 കോടിയോളം രൂപ ശമ്പളയിനത്തിൽ ലാഭിക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. 20,000 രൂപവരെ മൊത്തശമ്പളമുള്ള കാഷ്വൽ സ്വീപ്പർമാർ, താൽക്കാലിക ജീവനക്കാർ, കരാർ തൊഴിലാളികൾ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ നല്ലൊരു പങ്കും 20,000 രൂപക്ക് മേൽ ശമ്പളം വാങ്ങുന്നതിനാൽ അവരും സാലറി കട്ടിന് ഇരകളാകും.

വരുമാനം പൂജ്യം, ചെലവോ?

സമ്പൂര്‍ണ്ണ ലോക്ക് ഡൗണും, നിയന്ത്രണങ്ങളും സര്‍ക്കാരിന്‍റെ വരുമാന ശ്രോതസ്സുകളെ മരവിപ്പിച്ചിരിക്കുകയാണ്. വരുമാനം അക്ഷരാര്‍ത്ഥത്തില്‍ വട്ടപ്പൂജ്യം. ഈ സാഹചര്യത്തിലും സര്‍ക്കാരിനെന്താണ് ഇതിനു മാത്രം ചെലവ് എന്നതാണ് ഒരു വിഭാഗത്തിന്‍റെ ആശങ്ക.

കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നതടക്കം കേരളത്തിന്‍റെ വാര്‍ഷിക റവന്യൂ വരുമാനം 85,000 കോടിയാണ്. ഇതില്‍ 42,000 ശമ്പളയിനത്തില്‍ സര്‍ക്കാരിന് ചെലവാകുന്നുണ്ട്. സംസ്ഥാനത്തിന് ജിഎസ്ടി വഴി ലഭിക്കേണ്ടിയിരുന്നത് 600 കോടി രൂപയാണ്, എന്നാല്‍ ഏപ്രില്‍ മാസം വെറും 25 കോടി രൂപയായിരുന്നു ലഭിച്ചത്.

ധനമന്ത്രി തോമസ് ഐസക്, മുഖ്യമന്ത്രി പിണറായി വിജയനൊപ്പം (screen grab, copyrights: The Hindu)

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഭൂമി ഇടപാടുകളും രജിസ്ട്രേഷനും നിശ്ചലമായതിനാല്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ പൂജ്യമായിരുന്നു വരുമാനം. പ്രതീക്ഷ 600 കോടി ആണെന്നതാണ് ഇവിടെ ഞെട്ടിക്കുന്ന വസ്തുത.

മറ്റൊരു പ്രധാന വരുമാന സ്രോതസ്സ് മദ്യമായിരുന്നു. 900 കോടിയായിരുന്നു ഈ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് വരേണ്ടിയിരുന്നത്. ഇതും പൂജ്യമായിരുന്നു. 800 കോടിയോളം വരുമാനം പ്രതീക്ഷിക്കുന്ന ലോട്ടറി മേഖലയില്‍ നിന്നും സമാന അനുഭവമാണ് നേരിട്ടത്.

ലോക്ക് ഡൗണിനു മുമ്പ് വാഹനം വാങ്ങിയവര്‍ക്ക് പോലും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആകാത്ത സാഹചര്യത്തില്‍, ഈ നികുതിയിനത്തിലും വട്ടപ്പൂജ്യമായിരുന്നു ഫലം. ഇന്ധന നികുതിയായി കിട്ടേണ്ടിയിരുന്ന 1000 കോടിയില്‍ വെറും 250 കോടി മാത്രമാണ് ലഭിച്ചത്.

ഈ അവസ്ഥയിലാണ് ആകെ വരുമാനത്തിന്‍റെ 50 ശതമാനം ചെലവിടുന്ന ശമ്പളയിനത്തില്‍ നിന്ന് തിരിച്ചു പിടിക്കുക എന്നത് സര്‍ക്കാരിനു മുന്നിലെ ന്യായമായ പോംവഴിയാകുന്നത്.

സാങ്കേതിക പരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതും, ഇതു സംബന്ധിച്ച് ഹര്‍ജികളും, ഇതിനെതിരെ ശബ്ദമുയര്‍ത്തുന്ന സംഘടനകളും, വ്യക്തികളും തന്നെയാണ് ഇത്തരം കണക്കുകളെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നത്.

കേരള ഹൈക്കോടതി (screen grab, copyrights: New Indian Express)

നികുതി വരുമാനം കുതിച്ചുയര്‍ന്നാല്‍ മാത്രമെ നേരത്തെ വാഗ്ധാനം ചെയ്തതു പോലെ പിടിച്ചു വയ്ക്കുന്ന പണം ജീവനക്കാര്‍ക്ക് തിരികെ നല്‍കാന്‍ സര്‍ക്കാരിനു സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം കൂടുതൽ കടമെടുക്കാൻ കേന്ദ്രാനുമതി ലഭിക്കണം. അടുത്ത മാസം ശമ്പള പരിഷ്കരണം നടപ്പാക്കേണ്ടതുണ്ടെന്ന് മാത്രമല്ല, 12 ശതമാനം ഡിഎ കുടിശ്ശിക കൊടുത്തുതീർക്കേണ്ടതുമുണ്ട്.

മന്ത്രിമാരെയും എംഎല്‍എമാരെയും വെറുതെ വിട്ടിട്ടുമില്ല.  മന്ത്രിമാരിൽ നിന്ന് മാത്രം ഒരു വര്‍ഷം സംഭാവനയായി ലഭിക്കുക 3.24 ലക്ഷം രൂപയാണ്. എംഎൽഎമാരിൽ നിന്ന് 2.52 ലക്ഷം രൂപയും ലഭിക്കും. മേയർമാർ, ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റുമാർ, ഡെപ്യൂട്ടി മേയർമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, അംഗങ്ങൾ, മുനിസിപ്പാലിറ്റി ചെയർമാന്മാർ, വൈസ് ചെയർമാന്മാർ, കൗൺസിലർമാർ എന്നിവരുടെ പ്രതിമാസ ഓണറേറിയത്തിൽ നിന്നും 30 ശതമാനം കുറയ്ക്കാനും തീരുമാനമുണ്ട്.

കുറഞ്ഞ ശമ്പളക്കാര്‍ കഷ്ടത്തിലാകുമോ?

20,000 രൂപയോ അതിലും അൽപം കൂടുതലോ ശമ്പളം വാങ്ങുന്നവർക്ക് പ്രതിമാസ ശമ്പളത്തില്‍ നിന്ന് 4000ത്തോളം രൂപ കുറയുമെന്നത് നിസ്സാര കാര്യമല്ല. വാഹന വായ്പയും ഹൗസ് ലോണും കുട്ടികളുടെ വിദ്യാഭ്യാസ വായ്പയും അടച്ചതിന് ശേഷം മിച്ചം വരുന്ന തുക പിശുക്കി ചെലവാക്കുന്നവർക്ക് ഈ തീരുമാനം തിരിച്ചടി തന്നെയാണ്.

ഈ സാഹചര്യത്തില്‍ നിർബന്ധിത സാലറി കട്ടിനെ ചോദ്യം ചെയ്ത് ജീവനക്കാർ കോടതിയിൽ പോകുമെന്ന കാര്യം ഉറപ്പാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് ഇത് തിരികെ നല്‍കുമെന്നായിരിക്കും സര്‍ക്കാര്‍ നിരത്താന്‍ പോകുന്ന മറുവാദം. കേന്ദ്ര സർക്കാരിന്റെയും മറ്റു സംസ്ഥാനങ്ങളുടെയും സമാന നടപടികൾ ചൂണ്ടിക്കാട്ടിയാകും സർക്കാർ പ്രതിരോധം തീർക്കുക.

എന്നാല്‍, മൂന്നു കോടി മുപ്പത്തിമൂന്ന് ലക്ഷം ആളുകളുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് വെറും 5 ലക്ഷം ആളുകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെങ്കില്‍ എന്താണ് പ്രശ്നം? അന്യ സംസ്ഥാനങ്ങളും പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളത്തിന്‍റെ സാലറി കട്ട് അനുകരിക്കാന്‍ സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ് അടക്കം ചില സംസ്ഥാനങ്ങള്‍ മുന്നോട്ട് വന്നു കഴിഞ്ഞു.

കേരളത്തിലെ പ്രതിഷേധങ്ങളും, ഹര്‍ജികളും, വിധിയും അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുകയോ പരിശോധിക്കുകയോ ചെയ്താല്‍ അവിടങ്ങളിലെ ഒരു ബഹുഭൂരിപക്ഷത്തിന്‍റെ അവസ്ഥ പരിതാപകരമാകും. മാതൃകയാകുന്നതില്‍ എന്നും ഒന്നാമതായ കേരളം ഇവിടെയും അത് കാത്തുസൂക്ഷിക്കണം.