Thu. Apr 25th, 2024
ഡല്‍ഹി:

കോവിഡ്-19 വൈറസ് രാജ്യവ്യാപകമായി പടരുകയും മരണം വിതക്കുകയും ചെയ്യുമ്പോള്‍ തബ്‌ലീഗ് ജമാഅത്തിന്റെ ആസ്ഥാനമായ നിസാമുദ്ദീനിലെ പള്ളിയില്‍ എന്ത് മതചടങ്ങാണ് നടന്നതെന്ന കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

ഒത്തുചേരലുകളും മതസമ്മേളനങ്ങളുമെല്ലാം വിലക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും, രാജ്യത്താകമാനം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും, തബ്‌ലീഗുകാര്‍ മര്‍ക്കസ് എന്ന പേരില്‍ വിളിക്കുന്ന ഡല്‍ഹിയിലെ നിസ്സാമുദ്ദീന്‍ പള്ളിയില്‍ ആയിരക്കണക്കിനാളുകള്‍ എങ്ങനെയെത്തി? 

രാജ്യത്തെ പുതിയ ‘കൊവിഡ് ഹോട്ട് സ്പോട്ട്’ ആയി മാറിയ, ഡല്‍ഹിയിലെ ഹസ്‍രത് നിസ്സാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദിൽ അവശേഷിക്കുന്നവരെ ഇപ്പോഴും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. സമ്മേളനത്തില്‍ പങ്കെടുത്ത ആറ് പേര്‍ വൈറസ് ബാധയേറ്റ് മരിച്ചതായി തെലങ്കാന സര്‍ക്കാര്‍ സ്ഥിരീകരിച്ചു കഴിഞ്ഞു.

എല്ലാ രാജ്യങ്ങളും കൊവിഡിനെ തുരത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളില്‍ മുഴുകുമ്പോള്‍ നിസ്സാമുദ്ദീനില്‍ നടന്ന സംഭവം വിരല്‍ ചൂണ്ടുന്നതെങ്ങോട്ട്? ആരെയൊക്കെയാണ് ഇത് ആശങ്കയിലാഴ്ത്തുന്നത്?

മര്‍ക്കസില്‍ നടന്നതെന്ത്?

(Screengrab, copyrights: News24)

മറ്റു ഇസ്ലാമിക സംഘടനകളെ അപേക്ഷിച്ച് ഇസ്ലാമികമായ ജീവിതരീതി പ്രായോഗിക തലത്തില്‍ നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കുന്ന സംഘമാണ് തബ്‌ലീഗ് ജമാഅത്ത്. ‘എത്തിച്ചു കൊടുക്കുന്ന’ സംഘം എന്നാണ് ഈ പദത്തിന്‍റെ അര്‍ത്ഥം. ഇസ്ലാമിക പണ്ഡിതനായിരുന്ന മുഹമ്മദ് ഇല്യാസ് 1926-ലാണ് ഈ സംഘത്തിന് രൂപം നല്‍കിയത്. 

ഹരിയാനയിലും രാജസ്ഥാനിലുമായി വ്യാപിച്ച് കിടക്കുന്ന മേവാത്ത് മേഖലയിലാണ് ഇതിന്റെ ആദ്യകാല പ്രവര്‍ത്തനം സജീവമായിരുന്നത്. ഇന്ന് ലോകത്തെ 150-ഓളം രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്നു. 

തബ്‌ലീഗ് ജമാഅത്തിന്റെ പ്രധാന പ്രവര്‍ത്തനം ജീവിതത്തില്‍ ഇസ്ലാമികമായ ചിട്ടകള്‍ പരിശീലിപ്പിക്കുക എന്നതാണ്. ഇതിനായി സ്വന്തം പ്രദേശങ്ങളില്‍ നിന്ന് മറ്റു പ്രദേശങ്ങളിലേക്ക് ഒരു അമീറിന്റെ (നേതാവ്) നേതൃത്വത്തില്‍ ജമാഅത്തായി (സംഘമായി) പുറപ്പെടുന്നു.

മൂന്നു ദിവസം, ഒരാഴ്ച, നാല്‍പ്പത് ദിവസം, ഒരു വര്‍ഷം എന്നിങ്ങനെ വിവിധ കാലയളവുകള്‍ നിശ്ചയിച്ചാണ് യാത്ര. രാജ്യത്തിന് അകത്തും പുറത്തുമായി തബ്ഃലീഗിന് സ്വാധീനമുള്ള പള്ളികളിലൂടെയുള്ള ഈ യാത്രയില്‍ മുസ്ലിംകള്‍ക്കിടയില്‍ മതബോധം വളര്‍ത്തുക, തങ്ങളോടൊപ്പം സംഘമായി യാത്ര പുറപ്പെടാന്‍ പ്രേരിപ്പിക്കുക എന്നിവയാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനം.

(screengrab, copyrights: India TV )

അയ്യായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളുന്ന ഡല്‍ഹിയിലെ ഹസ്‍രത് നിസ്സാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദിൽ ആയിരത്തോളം ആളുകള്‍ താമസിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന തബ്ഃലീഗ് പ്രവര്‍ത്തകര്‍ക്ക് സേവനങ്ങള്‍ ചെയ്യുന്നവരാണിവര്‍.

വര്‍ഷത്തില്‍ 365 ദിവസവും ഇവിടെ മതപഠന ക്ലാസുകള്‍, മശ്ഹൂറയും (കൂടിയാലോചാ യോഗങ്ങള്‍) എന്നിവ നടക്കും. തമിഴ്നാട് സംസ്ഥാനത്തിന്റെ മശ്ഹൂറയാണ് മര്‍ക്കസില്‍ അവസാനമായി നടന്നത്. 

നിസാമുദ്ദീനിലേക്ക് വൈറസ് എത്തിയതെങ്ങനെ?

ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ ക്വാലാലംപൂരില്‍ നടന്ന സൗത്ത് ഏഷ്യ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ നിന്നാണ് ഡല്‍ഹിയിലെ നിസാമുദ്ദീനിലേക്ക് രോഗമെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഡല്‍ഹിക്ക് പുറത്ത് ദിയോബന്ത്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും ഇവര്‍ സഞ്ചരിച്ചതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

ക്വലാലംപൂരില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങില്‍ 16000 ത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ 1500 പേര്‍ വിദേശത്തുനിന്നുള്ളവരായിരുന്നു. മലേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകളില്‍ 428 പേര്‍ക്കും ഈ ചടങ്ങില്‍ പങ്കെടുത്തതിലൂടെയാണ് വൈറസ് വ്യാപിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. പിന്നീട് ഈ പള്ളി അടച്ചുപൂട്ടുകയും ചെയ്തു.

മലേഷ്യയിലെ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സിംഗപ്പൂരില്‍ നിന്നുള്ളവരും പങ്കെടുത്തതിനാല്‍, സിംഗപ്പൂരിലെ എല്ലാ പള്ളികളും മാര്‍ച്ച് 16 മുതല്‍ 26 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

മാര്‍ച്ച് ഒന്ന് മുതല്‍ പതിനഞ്ചു വരെയാണ് നിസാമുദ്ദീനില്‍ തബ് ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം നടന്നത്. ഇന്തോനേഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷം ആയിരത്തിനാനൂറോളം ആളുകള്‍ ജമാഅത്തിന്റെ ‘മര്‍ക്കസില്‍’ താമസിക്കുകയും ചെയ്തു.

മാര്‍ച്ച് 24 ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെട്ടിടം ഒഴിയാന്‍ സംഘാടകരോട് പൊലീസ് ആവശ്യപെട്ടിരുന്നെങ്കിലും പലര്‍ക്കും സ്വന്തം നാട്ടിലേക്ക് പോകാന്‍ സാധിച്ചില്ല.

(SCREENGRAB, COPYRIGHTS: India Today)

രോഗം സ്ഥിരീകരിച്ചവര്‍ പങ്കെടുത്തു എന്നതിനാല്‍ തന്നെ മലേഷ്യയിലേയും സിംഗപ്പൂരിലേയും പള്ളികള്‍ നേരത്തെ അടച്ചിരുന്നു എന്ന വാര്‍ത്തകള്‍ വന്നിട്ടും അതേ സമ്മേളനം ഡല്‍ഹിയില്‍ നടത്താന്‍  അധികൃതര്‍ അനുമതി നല്‍കി എന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് വെളിവാക്കുന്നത്.

നൂറു കണക്കിന് ആളുകളുടെ ജീവന്‍ ആപകടത്തിലാക്കിയ പള്ളി അധികൃതര്‍ക്കെതിരെ അശ്രദ്ധയ്ക്ക് കേസെടുക്കണെമെന്ന് തിങ്കളാഴ്ച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

കേരളത്തിനും ആശങ്കയോ?

തബ്‌ലീഗ് ജമാഅത്ത് പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി ദല്‍ഹിയില്‍ പനി ബാധിച്ച് മരിച്ചതിനു പിന്നാലെയാണ് കേരളം ആശങ്കയിലായത്. അതേസമയം ഇദ്ദേഹത്തിന് കൊവിഡ് 19 ഉണ്ടായിരുന്നെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഡോ. സലീം ആയിരുന്നു മരിച്ചത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ ഇദ്ദേഹത്തിന്‍റെ മരണാനന്തര ചടങ്ങുകള്‍ ഡല്‍ഹിയില്‍ വച്ചുതന്നെയാണ് നടന്നത്. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികള്‍ നിരീക്ഷണത്തിലാണ്.

(screengrab, copyrights: Free Press Journal )

ഈ സാഹചര്യത്തിലാണ് പത്തനംതിട്ടയില്‍ നിലവിലുള്ള നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടാന്‍ കളക്ടര്‍ പിബി നൂഹ് ഉത്തരവിറക്കിയത്. നിസാമുദ്ദീനിലേക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ പോയ എല്ലാവരേയും ട്രേസ് ചെയ്യാനാണ് ഈ തീരുമാനം.

നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികള്‍ക്ക് വൈറസ് ബാധയുള്ളതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയും വ്യക്തമാക്കിയിരുന്നു.

പ്രാര്‍ത്ഥനാ സമ്മേളനം നടന്നത് ഡല്‍ഹിയിലാണെങ്കിലും രാജ്യത്തെ എല്ലാ ഭാഗത്തും ഇതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഇതിനോടകം സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ് ആശങ്കകള്‍ക്ക് വഴിവെക്കുന്നത്.

ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും ആയിരം പേര്‍, തമിഴ്‌നാട്ടില്‍ നിന്നും 1500, ഇന്തോനേഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നും 280 പേര്‍ എന്നിങ്ങനെ നിരവധി പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇവര്‍ ആരെല്ലാമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട് എന്നു കണ്ടെത്തുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കു മുന്നിലുള്ള ശ്രമകരമായ ദൗത്യം.