Sat. Jan 18th, 2025
#ദിനസരികള്‍ 1078

 
ഇന്ത്യയും പ്രാചീന സംസ്കൃതിയും എന്ന ആമുഖം ആരംഭിക്കുന്നത് ഇന്ത്യയുടെ ഭൌമശാസ്ത്രപരമായ പ്രത്യേകതകളെ സൂചിപ്പിച്ചുകൊണ്ടാണ്. പ്രകൃതിതന്നെ കോട്ടകെട്ടിയ വടക്കനതിര്‍ത്തികള്‍ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്ന് ഇന്ത്യയെ വേറിട്ടു നിറുത്തുന്നുവെങ്കിലും അതൊരിക്കലും കടന്നു കയറാനാകാത്ത വിധത്തില്‍ ദുര്‍ഘടങ്ങളായില്ല. “എല്ലാ കാലത്തും കുടിയേറ്റക്കാരും കച്ചവടക്കാരും ഒറ്റപ്പെട്ട ഉന്നത മലമ്പാതകള്‍ വഴി ഇന്ത്യയിലേക്ക് വന്നുകൊണ്ടിരുന്നു. ഇതേ വഴികളിലൂടെ ഇന്ത്യക്കാര്‍ അവരുടെ സംസ്കൃതിയും വ്യാപാരവും അതിര്‍ത്തിക്ക് അപ്പുറത്തേക്ക് കടത്തുകയും ചെയ്തു. ഇന്ത്യ ഒരിക്കലും പൂര്‍ണമായും ഒറ്റപ്പെട്ടിരുന്നില്ല.” എന്ന് ബാഷാം വ്യക്തമാക്കുന്നുണ്ട്.

അതോടൊപ്പം പര്‍വ്വതങ്ങളുടെ പ്രാധാന്യം ഇന്ത്യയെ ഒറ്റപ്പെടുത്തുന്നതിലല്ല മറിച്ച്, ഇന്ത്യയുടെ സംസ്കൃതി തിടംവച്ചുപോന്ന തടങ്ങളെ കാത്തുപോന്ന നദികളുടെ പ്രഭവസ്ഥാനമെന്ന നിലയിലാണെന്നു കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇന്ന് ഭൂരിഭാഗവും പാകിസ്താനിലായിരിക്കുന്ന സിന്ധു നദീതടങ്ങള്‍ ഇന്ത്യന്‍ നാഗരികതകളുടെ കളിത്തൊട്ടിലായിരുന്നുവെന്ന് വിഖ്യാതമാണല്ലോ.

അങ്ങു വടക്കുമുതല്‍ തെക്കുവരെയുള്ള ഭുപരമായ സവിശേഷതകളെ ബാഷാം പറഞ്ഞു പോകുന്നുണ്ട്. വിന്ധ്യനും പശ്ചിമഘട്ട പര്‍വ്വതനിരകളും പീഠഭൂമികളും നര്‍മ്മദയും തപതിയും ബ്രഹ്മപുത്രയും കാവേരിയും മഹാനദിയും കൃഷ്ണയും ഗോദാവരിയുമൊക്കെ ഈ നാടിനെ സംരക്ഷിച്ചു പിടിച്ചതും ഊട്ടി വളര്‍ത്തിയതും ചൂണ്ടിക്കാണിക്കുന്നു. അതോടൊപ്പം തെക്കും വടക്കുമായി നിലകൊള്ളുന്ന രണ്ടു സംസ്കാരങ്ങളുടെ പരസ്പരം യോജിക്കാത്ത സങ്കീര്‍ണ സാഹചര്യങ്ങളെക്കൂടി വിശദമാക്കുന്നു. തെക്കിന്റെ സ്വന്തമായ ദ്രാവിഡ സംസ്കൃതി ഇനിയും വടക്കുമായി ധാരാളം കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിട്ടുണ്ടെങ്കിലും പൂര്‍ണമായും ഇണങ്ങിപ്പോയിട്ടില്ലല്ലോ.

കാലാവസ്ഥയാണെങ്കില്‍ മണ്‍സൂണുകളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ ലഭിക്കുന്ന ഈ മഴകളാണ് കാര്‍ഷിക സംസ്കൃതികളുടെ ആണിക്കല്ലായി വര്‍ത്തിക്കുന്നത്. അതോടൊപ്പം തന്നെ വടക്കു കിഴക്കന്‍ മണ്‍സൂണുകളും ചേരുന്നു. “ഇന്ത്യന്‍ കാലാവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത മണ്‍സൂണ്‍ മഴകളാണ്. പശ്ചിമ ദേശത്തും സിലോണിന്റെ ചില ഭാഗങ്ങളിലുമൊഴികെ ഒരിടത്തും ഒക്ടോബര്‍ മുതല്‍ മെയ് വരെ മഴ പെയ്യുന്നില്ല. അക്കാലത്ത് നദികളിലേയും നീരൊഴുക്കുകളിലേയും ജലം ശ്രദ്ധാപൂര്‍വ്വം വിനിയോഗിച്ച് മാത്രമേ കൃഷി നടത്താനാകൂ. ജലസേചനം വഴിയാണ് ശൈത്യകാല കൃഷി സാധ്യമാകുന്നത്. ഏപ്രില്‍ അവസാനമാകുമ്പോഴേക്കും ഫലത്തില്‍ എല്ലാ വളര്‍ച്ചയും നിലയ്ക്കുന്നു. സമതല ഊഷ്മാവ് നാല്പത്തിമൂന്നു ഡിഗ്രി വരെ ഉയരുന്നു. കടുത്ത ചൂടുകാറ്റ് വീശുന്നു, മരങ്ങള്‍ ഇല പൊഴിക്കുന്നു. പുല്‍ത്തകിടികള്‍ വരണ്ടുണങ്ങുന്നു. വെള്ളം കിട്ടാതെ മൃഗങ്ങള്‍ വന്‍‌തോതില്‍ മരിച്ചു വീഴുന്നു. തൊഴില്‍ വളരെ കുറയുന്നു.” ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ വിവരണങ്ങളെല്ലാം തന്നെ നമ്മുടെ കാലാവസ്ഥയുടെ ഒരു നഖച്ചിത്രം വരയ്ക്കാന്‍ പര്യാപ്തമാകുന്നുണ്ട്.

ഭൌമശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു ശേഷം ഇന്ത്യയുടെ പൌരാണികവും എന്നാല്‍ പാശ്ചാത്യ ചരിത്രകാരന്മാര്‍ പതിനെട്ടാം നൂറ്റാണ്ടുവരെ അവഗണിച്ചതുമായ ചരിത്രത്തെക്കുറിച്ചും ജനതയുടെ ദൈനന്ദിന ജീവിതങ്ങളെക്കുറിച്ചും ബാഷാം ലഘുവായി രേഖപ്പെടുത്തുന്നു. എന്നാല്‍ മറ്റു നാഗരികതകളില്‍ നിന്നും ഭിന്നമായി സ്വന്തം പൌരാണികതയെക്കുറിച്ച് ബോധ്യമുള്ള ഒരു ജനതയായിരുന്നു ഇവിടെയുണ്ടായിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈജിപ്തിലേയോ ഇറാക്കിലേയോ ഗ്രീസിലേയോ കര്‍ഷകന് തന്റെ പൂര്‍വ്വ കാല സംസ്കാരത്തെക്കുറിച്ച് ഒരറവുമുണ്ടായിരുന്നില്ലെന്ന് സൂചിപ്പിച്ച ശേഷം അദ്ദേഹം തുടരുന്നു.

“അവിടങ്ങളിലെല്ലാം ഭൂതവര്‍ത്തമാനങ്ങള്‍ തമ്മില്‍ വിടവുണ്ടായിരുന്നു. മറിച്ചാണ് ഇന്ത്യാക്കാരുടെ സ്ഥിതി. ഏറ്റവും ആദ്യം വന്ന യൂറോപ്യന്‍ സഞ്ചാരികള്‍ പോലും കണ്ടത് സ്വന്തം പൌരാണികത്വത്തെപ്പറ്റി പൂര്‍ണബോധ്യമുള്ള ഒരു സംസ്കൃതിയെയാണ്.സ്വന്തം പൌരാണികത്വത്തെ അതിശയോക്തികരമായി പ്രകീര്‍ത്തിക്കുന്ന, സ്വന്തം സംസ്കൃതി സഹസ്രാബ്ദങ്ങളായി മൌലിക പരിവര്‍ത്തനമില്ലാതെ നിലനില്ക്കുകയാണെന്നവകാശപ്പെടുന്ന ജനങ്ങളെയാണ്. ഇന്നോളം ഇന്ത്യന്‍ ഐതീഹ്യങ്ങളില്‍ ഏറ്റവും എളിയ ഇന്ത്യക്കാരെല്ലാം ഓര്‍മിക്കുന്നത് ക്രിസ്തുവിനും ഒരായിരം കൊല്ലം മുമ്പ് ജീവിച്ചിരുന്ന നാട്ടു പ്രമാണിമാരുടെ പേരുകളാണ്.”

ആധുനിക കാലത്ത് ഇന്ത്യന്‍ മനസ്സിനെക്കുറിച്ച് പഠിച്ച സുധീര്‍ കക്കറിന്റെ The Indians എന്ന പുസ്തകത്തിലെ ആശയങ്ങള്‍ ഇവിടെ ചേര്‍ത്തു വെച്ച് വായിക്കുന്നത് പ്രയോജനകരമായിരിക്കുമെന്ന് കരുതുന്നു. (തുടരും.)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.