Mon. Dec 23rd, 2024
#ദിനസരികള്‍ 1077

 
ചര്‍ച്ചയുടെ തുടക്കം എന്ന ഒന്നാം അധ്യായം മനുഷ്യ പരിണാമത്തെക്കുറിച്ചും അധ്വാനത്തിന്റെ പങ്കിനെക്കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്. ഏംഗല്‍സ് എഴുതിയ ആള്‍ക്കുരങ്ങില്‍ നിന്ന മനുഷ്യനിലേക്കുള്ള മാറ്റത്തില്‍ അധ്വാനത്തിന്റെ പങ്ക് എന്ന കൃതി ഈ ചര്‍ച്ചയെ മുന്നോട്ടു നയിക്കാനുള്ള ആശയങ്ങള്‍ നല്കുന്നുണ്ട്. മനുഷ്യന്‍ ഇന്നു നാം കാണുന്ന മനുഷ്യനായിത്തീര്‍ന്നതില്‍ കൈകള്‍ കൊണ്ട് പ്രവര്‍ത്തിക്കുവാനുള്ള ശേഷി, ഭാഷ ഉപയോഗിക്കുവാനുള്ള പാടവം മസ്തികഷ്കത്തിന്റെ വളര്‍ച്ച എന്നീ സവിശേഷതകളുടെ പ്രാധാന്യം ഏംഗല്‍സ് എടുത്തു പറയുന്നുണ്ട്.

അതുകൊണ്ടുതന്നെ പ്രകൃതിയുമായുള്ള ഇടപെടലിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഏതൊരു ചര്‍ച്ചയും മനുഷ്യപരിണാമത്തെക്കുറിച്ചും അധ്വാനത്തിന്റെ പങ്കിനെക്കുറിച്ചും കൂടിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആദ്യമായി ഒരു കല്ല് കൈയ്യിലെടുത്ത ആള്‍ക്കുരങ്ങ് നേടിയ ശേഷി ഒരു പക്ഷേ മനുഷ്യചരിത്രത്തിലെ നാഴികക്കല്ലായിരിക്കണം. അതൊരു വലിയ കുതിച്ചു ചാട്ടത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായിരുന്നു. ശാരീരികമായുണ്ടായ പരിണാമങ്ങളുടെ ഫലമായി പ്രകൃതിയില്‍ ഇടപെടാനും അതിന്റെ വഴക്കിയെടുക്കാനുമുള്ള ശേഷി അവിടംമുതലാണ് ആരംഭിക്കുന്നത്.

“ആദ്യം നാലുകാലി‍ല്‍ നടന്നിരുന്ന ആള്‍ക്കുരങ്ങുകള്‍ പിന്നീട് പിന്നീട് കാലുകള്‍ ഉറപ്പിച്ച് നിവര്‍ന്നു നില്ക്കാന്‍ പഠിച്ചു. മുന്‍കാലുകള്‍ കൈകകളായി മാറുകയും അവ ഉപയോഗിച്ച് വിവിധ വസ്തുക്കള്‍ അടക്കിപ്പിടിക്കാന്‍ പഠിക്കുകയും ചെയ്തു. ഇത്തരം വസ്തുക്കളെ ഉപയോഗിച്ച് മറ്റു വസ്തുക്കളില്‍ രൂപമാറ്റം വരുത്തുവാന്‍ മനുഷ്യന് സാധിച്ചു. അങ്ങനെ അയാള്‍ പ്രകൃതിയില്‍ നിന്നുള്ള വസ്തുക്കളെ ഉപകരണങ്ങളായി ഉപയോഗിച്ചു തുടങ്ങി. തുടര്‍ന്ന് ആശയ വിനിമയം നടത്താന്‍ ശബ്ദങ്ങളേയും അടയാളങ്ങളേയും ആശ്രയിച്ചു. അങ്ങനെ ഭാഷ വളര്‍ന്നു വന്നു. ഇതിനെയെല്ലാം പര്യാപ്തമാകും വിധം തലച്ചോറും വികസിച്ചുകൊണ്ടിരുന്നു.” എന്ന് ആ വളര്‍ച്ചയെ കെ എന്‍ ഗണേഷ് ചൂണ്ടിക്കാണിക്കുന്നു.

മനുഷ്യപരിണാമം രേഖീയമായ ഒന്നായിരുന്നില്ല. പല പല കൈവഴികളിലൂടെ പലതായി പിരിഞ്ഞാണ് നാം ചരിത്രത്തെ പിന്നിട്ടത്. എന്നാല്‍ എന്തുകൊണ്ട് അതില്‍ ഹോമോസാപിയന്‍സ് മാത്രമായി അവശേഷിച്ചു? ബാക്കിയെല്ലാ കൈവഴികളും എവിടെയെല്ലാമോ അസ്തമിച്ചു? ഉത്തരമായി ശാസ്ത്രജ്ഞര്‍ പലതരത്തിലുള്ള സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. മനുഷ്യപൂര്‍വികര്‍ നിലനിന്ന സാഹചര്യങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങള്‍ പ്രത്യേകിച്ച് നാലു ഹിമയുഗങ്ങളുടെ ഉയര്‍ച്ചയും താഴ്ച്ചയും പല കൈവഴികളേയും നശിപ്പിച്ചിരിക്കാമെന്ന വാദമുണ്ട്.

മനുഷ്യപൂര്‍വികര്‍ തമ്മില്‍ നടന്ന വേഴ്ചകള്‍ വഴി കൈവഴികളുടെ സംയോജനവും നടന്നിരിക്കാം എന്നൊരു വാദമുണ്ട്. അതുപോലെ ഒന്ന് മറ്റൊന്നിനെ കൂട്ടത്തോടെ കൊന്നൊടുക്കിയിരിക്കാം എന്നും വാദിക്കുന്നവരുണ്ട്.” ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും ഹോമോസാപിയന്‍സ് ഇവിടെ എല്ലാ പ്രതികൂല കാലാവസ്ഥകളേയും തള്ളിമാറ്റി അവശേഷിച്ചു.

ശാരീരികമായ പരിണാമത്തോടൊപ്പം സാംസ്കാരികമായ പരിണാമങ്ങളും സംഭവിച്ചു. അതിപ്രാചീനവും മൃഗതുല്യവുമായ ജീവിതരീതിയില്‍ നിന്ന് വിവിധ ഘട്ടങ്ങളിലൂടെ നാം പരിണമിക്കുവാന്‍ തുടങ്ങി. അതില്‍ കാടത്തം, കിരാതത്വം, നാഗരികത എന്നിങ്ങനെയുള്ള മൂന്നു ഘട്ടങ്ങളെ നാം പ്രധാനമായും കണ്ടു – പേജ് 14.

കാടത്തം നായാട്ടിന്റേയും ഭക്ഷ്യ ശേഖരണത്തിന്റെയും യുഗം, കിരാതത്വം കന്നുകാലി വളര്‍ത്തലിന്റേയും കൃഷിയുടെ വളര്‍ച്ചയുടേയും കാലമായി വിലയിരുത്തപ്പെട്ടു. നാഗരികതയിലേക്കുള്ള പലായനം ഇന്നും തുടരുകയും ചെയ്യുന്നു. നാഗരികതകളാകട്ടെ ഒരു കാലത്തും ഏകമുഖമായിരുന്നില്ല. അവ ചരിത്രത്തില്‍ ഉദയം കൊള്ളുകയും വിലയം പ്രാപിക്കുകയും ചെയ്തുപോന്നു. മറ്റൊരു കാലത്തും മനുഷ്യവംശത്തിന് പൊതുവേ ചില ആശയാദര്‍ശങ്ങള്‍ ഇന്നത്തെപ്പോലെ ശക്തമായി നിലവിലുണ്ടായിരുന്നില്ലെന്നു കൂടി നാം മനസ്സിലാക്കണം. അതുകൊണ്ട് നാം ഇന്നെത്തി നില്ക്കുന്ന നാഗരികത പോലും അവസാനമാകുന്നില്ലെന്നു മാത്രമല്ല ഒരു തുടര്‍ച്ചയുടെ ഭാഗമായി മാത്രമേ അടയാളപ്പെടുത്താനും കഴിയൂ.

നാം, മനുഷ്യന്‍ പിന്നിട്ടൂ പോന്ന കാലങ്ങളില്‍ നേടിയവയിലൊക്കെയും അധ്വാനത്തിനുള്ള പങ്കിനെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകില്ല. കൂടുതല്‍ നല്ല ഉപകരണങ്ങള്‍ കണ്ടെത്തി തന്റെ അധ്വാനത്തിന്റെ കാഠിന്യത്തെ അവന്‍ എക്കാലവും കുറച്ചു കൊണ്ടുവന്നു. പ്രകൃതിയുടെ മുകളില്‍ മനുഷ്യന്‍ തന്റെ ആയുധികളെ ഉന്നം വെച്ചു.

പിന്നീട് എപ്പോഴോ അതിനൊരു അധിനിവേശത്തിന്റെ സ്വാഭാവം കൈവന്നു. ഇക്കാര്യത്തില്‍ എംഗല്‍സ് ചില അടിസ്ഥാന ആശയങ്ങളെ മുന്നോട്ടു വെയ്ക്കുന്നുണ്ട്. മറ്റേതൊരു മൃഗത്തേയും പോലെ മനുഷ്യനും ഈ ജൈവപ്രകൃതിയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ പ്രകൃതിയുടെ ഭാഗമാണ് താനെന്ന ബോധം അവനുണ്ടാകേണ്ടതുണ്ട്.

അങ്ങനെയല്ലാതെയായാല്‍ പ്രകൃതിയിലുള്ള കടന്നു കയറ്റത്തിന് നാം മറുപടി പറയേണ്ടിവരുമെന്ന് എംഗല്‍സ് പറയുന്നു. ഉദാഹരണമായി നശിച്ചു പോയ ചില നാഗരികതകളെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സവിശേഷമായ കൊടുക്കല്‍ വാങ്ങലുകളെ ചരിത്രത്തേയും വര്‍ത്തമാനകാലത്തേയും മനസ്സിലാക്കാനുള്ള സാര്‍ത്ഥകമായ ഒരു ചുവടുവെയ്പായി മാറുന്നുണ്ട് ഒന്നാം അധ്യായം. (തുടരും.)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.