Wed. Nov 6th, 2024
#ദിനസരികള്‍ 1076

 
അലങ്കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച നടത്തുന്ന അഞ്ചാം അധ്യായം സാമാന്യം ദീര്‍ഘമാണ്.
അലങ്കാരസ്തു വിജ്ഞേയോ
മാല്യാഭരണവാസസാം
നാനാവിധ സമായോഗോ –
പ്യംഗോപാംഗ വിധി: സ്മൃത എന്നാണ് നാട്യശാസ്ത്രം പറയുന്നത്. ചേരുന്ന വിധത്തില്‍ വിവിധങ്ങളായ ആഭരണങ്ങളെ അണിയുന്നതുപോലെ കാവ്യശരീരത്തിന് ഇണങ്ങുന്ന വര്‍ണനകളെ വിളക്കിച്ചേര്‍ക്കുന്നത് എന്ന് അലങ്കാരത്തെ നമുക്ക് മനസ്സിലാക്കാം.

ആഭരണങ്ങള്‍ ശരീരത്തിന്റെ ഭാഗമെന്നപോലെ ഒത്തിണങ്ങിയിരിക്കണം. ഒരു മുക്കുത്തി ജന്മനാതന്നെ മൂക്കില്‍ ഉണ്ടായിരുന്നതായി തോന്നത്തക്കവിധത്തില്‍ സ്വാഭാവികമായിരിക്കണം എന്നു പറഞ്ഞാല്‍ എല്ലാ വ്യക്തമാകുമെന്ന് കരുതാം. തട്ടോ തടവോ ഇല്ലാതെ ശരീരത്തോട് ഇഴുകിച്ചേര്‍ന്നു നില്ക്കുന്ന ആടയാഭരണാദികളെന്ന പോലെ ഒട്ടും ഏച്ചുകെട്ടലുകളില്ലാതെ കാവ്യശരീരത്തോട് ചേര്‍ന്നു നില്ക്കുന്ന വിശേഷതകളാണ് അലങ്കാരം.

അര്‍ഥൌചിത്യവതാ സൂക്തിരലങ്കാരേണ ശോഭതേ
പീനസ്തന സ്ഥിതേനേവ ഹാരേണ ഹരിണേക്ഷണാ എന്ന് ഔചിത്യവിചാരകാരന്‍ വിശദമാക്കുന്നു.

“അലങ്കാരമെന്ന പദത്തിന്റെ സാമാന്യവും വിശേഷവുമായ രണ്ടുതരം അര്‍ത്ഥങ്ങളില്‍ സൌന്ദര്യകരണം (അലങ്കരണം) എന്ന വിശേഷാര്‍ത്ഥത്തിനാണ് കൂടുതല്‍ പ്രസിദ്ധി. രുദ്രദാമന്റെ ഗീര്‍നാര്‍ശാസനത്തില്‍ (എഡി രണ്ടാം ശതകം) ഗദ്യപദ്യങ്ങള്‍ അലങ്കൃതങ്ങളാകണമെന്ന് പറയുന്നു.നാട്യശാസ്ത്രം പതിനേഴാം അധ്യായത്തില്‍ മുപ്പത്തിയാറു ലക്ഷണങ്ങളും നാല് അലങ്കാരങ്ങളും വിവേചിക്കുന്നുണ്ട്. അര്‍ത്ഥങ്ങളോടിണക്കി അവ പ്രയോഗിക്കപ്പെടേണ്ടതാണ് എന്ന് ഭരതന്‍ പറയുന്നു” എന്നാല്‍ നാട്യശാസ്ത്രകാരന് നാലു അലങ്കാരങ്ങള്‍ സര്‍വ്വപ്രധാനങ്ങളായിരുന്നു:- ഉപമ, രൂപകം, ദീപകം യമകം. “ഉപമയ്ക്ക് പ്രശംസോപമ, കല്പിതോപമ മുതലായി അഞ്ചുവകഭേദങ്ങളും യമകത്തിന് പദാന്തയമകം, കാഞ്ചീയമകം, വിക്രാന്ത യമകം ചതുര്‍വ്യവസിതം എന്നിങ്ങനെ പത്തുഭേദങ്ങളും” ഭരതന്‍ നിര്‍‍ദ്ദേശിക്കുന്നുണ്ട്.

ഭരതനില്‍ നിന്ന് ഭാമഹിനിലേക്ക് എത്തുന്ന ഒരു നീണ്ടകാലം അലങ്കാരങ്ങളെക്കുറിച്ച് വലിയ കലാപങ്ങളൊന്നും നമ്മുടെ സാഹിത്യമിംമാസാരംഗത്ത് നടന്നില്ല. തീര്‍ത്തും ഇല്ലയെന്നല്ല, രൂപകാദി അലങ്കാരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നമുക്ക് കണ്ടെത്താനാകും. വക്രോക്തിയാണ് കാവ്യാത്മാവ് എന്ന വാദത്തോട് ഐക്യപ്പെടുന്ന ഭാമഹന്‍, കാവ്യാലങ്കാരം എന്ന ഗ്രന്ഥത്തിലൂടെ അലങ്കാര ശാസ്ത്രത്തിന് ഒരു പുതിയ പടുത നിര്‍മ്മിക്കുകയായിരുന്നു.

വാചാം വക്രാര്‍ത്ഥ ശബ്ദോക്തിരലങ്കാരായ കല്പതേ എന്ന് വിധിച്ച ഭാമഹന്‍ എന്നാല്‍ തനിക്ക് പിന്നാലെ വന്ന കുന്തകനോളം വക്രോക്തിവാദിയായില്ലെന്നത് എടുത്തു പറയണം. വക്രോക്തിയാണ് കാവ്യജീവിതമെന്ന് ശഠിച്ച കുന്തകന്‍ പക്ഷേ ഈ ആശയത്തിന്റെ വേരുകള്‍ കണ്ടെത്തിയത് ഭാമഹനിലാണെന്ന് പറയാം.നേരെ പറയുക എന്നത് വാര്‍ത്താവിതരണം മാത്രമാണെന്നും വളച്ചു കെട്ടുലുകളോടെ പറയുന്നതാണ് കാവ്യമെന്നും വക്രോക്തിവാദികള്‍ ശഠിച്ചു.വക്രതയുള്ള വാക്യമാണ് കാവ്യം എന്ന വാദത്തിനെ സാധുകരിക്കാന്‍ കാളിദാസാദി മഹാകവികളും ഉദാഹരിക്കപ്പെട്ടുന്നു. കുന്തകന്റെ വക്രോക്തിവാദത്തെ നാം പിന്നീട് വിശദമായി പരിചയപ്പെടും (തുടരും.)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.