Fri. Apr 26th, 2024
ഹർദോയ്:

 
ഉത്തർപ്രദേശിലെ രണ്ടുപേർ കൊറോണക്കാലത്ത് വിവാഹിതരാകാൻ തീരുമാനിച്ചു. കൊറോണവൈറസ് കാരണം രാജ്യം ലോക്ക് ഡൌൺ ആയിരിക്കുമ്പോൾ അവർ ഫേസ് ടൈം ആപ്പിന്റേയും ഫോണിന്റേയും സഹായത്താൽ വിവാഹിതരായെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്തു.

വധുവായ മെഹ്ജബീൻ വിവാഹവസ്ത്രങ്ങളണിഞ്ഞ്, തന്റെ അടുത്ത ബന്ധുക്കൾക്കൊപ്പം സ്വന്തം വീട്ടിൽ ഇരുന്നു. വരനായ ഹമീദ്, തന്റെ കുടുംബാംഗങ്ങളോടൊപ്പം തന്റെ വീട്ടിലും ഇരുന്നു.

ഇരുവരുടേയും വീടുകൾ തമ്മിൽ ഏകദേശം പതിനഞ്ചു കിലോമീറ്ററുണ്ട്.

വീഡിയോ കോൺഫറൻസു വഴിയാണ് ഇരുവരുടേയും നിക്കാഹ് നടത്തിയത്. അതിനുശേഷം രണ്ടുപേരുടെയും കുടുംബാംഗങ്ങൾ ചെറിയ രീതിയിൽ വിവാഹസത്കാരം നടത്തി.

ലോക്ക് ഡൌൺ കാരണം വിവാഹഘോഷയാത്ര നടത്താൻ യാതൊരു മാർഗവുമില്ലെന്ന് വരൻ പറഞ്ഞു. എന്നാലും വിവാഹം ഏതു രീതിയിലും നടത്താമെന്ന് തീരുമാനിക്കുകയാണുണ്ടായത്.

ലോക്ക് ഡൌൺ തീരുമ്പോൾ തന്റെ ഭാര്യയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുമെന്നും വീട്ടിൽ വലിയ തോതിൽ വിവാഹസത്കാരം നടത്തുമെന്നും ഹമീദ് പറഞ്ഞു.