Mon. Dec 23rd, 2024
#ദിനസരികള്‍ 1071

 
livescience.com ല്‍ മനുഷ്യവംശത്തെ നാളിതുവരെ ബാധിച്ച എണ്ണം പറഞ്ഞ ഇരുപതു മഹാവ്യാധികളുടെ ചരിത്രമുണ്ട്. വെറുതെയൊന്ന് വായിച്ചു നോക്കുക. ഇന്നത്തെപ്പോലെ ശാസ്ത്രമുന്നേറ്റമുണ്ടാകാതിരുന്ന ഒരു കാലത്ത് – ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന വ്യാധിയുടെ കഥയ്ക്ക് അയ്യായിരത്തോളം വര്‍ഷത്തെ പഴക്കമുണ്ട്. അതായത് ബി സി 3000 ല്‍ – മനുഷ്യരെങ്ങനെയായിരിക്കും ഇത്തരത്തിലുള്ള വ്യാധികളെ നേരിട്ടുണ്ടാകുകയെന്ന് ഇന്ന് നമ്മുടെ സമൂഹത്തില്‍ പൊതുവേ പരന്നിരിക്കുന്ന ആശങ്കകളുടെ അടിസ്ഥാനത്തില്‍ ഒന്നാലോചിച്ചു നോക്കുക. ഇന്ന് നമുക്കെത്രമാത്രം സൌകര്യങ്ങളുണ്ട്?

എന്താണ് അസുഖമെന്നും എങ്ങനെയാണ് അതു പടരുന്നതെന്നും എന്തൊക്കെ പ്രതിവിധികളാണ് സ്വീകരിക്കാനാകുകയെന്നും ഏതു തരത്തിലുള്ള മരുന്നുകളാണ് ജീവന്‍ നിലനിറുത്താന്‍ സഹായിക്കുക എന്നുമൊക്കെയുള്ള കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ നിശ്ചയിക്കാന്‍ കഴിയുന്നു. അതുകൊണ്ടു തന്നെ വ്യാധികളെ നിയന്ത്രിക്കാനും മനുഷ്യവംശം ഭൂലോകത്തു നിന്നും തുടച്ചു നീക്കപ്പെടുന്നത് തടയാനും കഴിയുന്നു.

എന്നാല്‍ അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് എന്തായിരിക്കും നടന്നിട്ടുണ്ടാകുക? ഊഹങ്ങളേയുള്ളു. പ്രാഗ്‌ചരിത്ര ഘട്ടമാണ്. ഖനനത്തിലൂടെ കൂട്ടമായി കുഴിച്ചു മൂടിയവരുടെ അവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെടുക്കപ്പെട്ടപ്പോഴാണ് ഇക്കഥ നാം അറിയുന്നതുതന്നെ. ചൈനയില്‍ ഇന്ന് ഹമിന്‍ മംഗ എന്നറിയപ്പെടുന്ന ഒരിടത്താണ് പ്രായഭേദമെന്യേ കുഴിച്ചിട്ടിരിക്കുന്നവരുടെ അവശിഷ്ടം കണ്ടെത്തിയത്. മറ്റൊരു പ്രദേശത്തു നിന്നും അതേ കാലഘട്ടത്തില്‍‌ത്തന്നെ മറ്റൊരിടവും കണ്ടെത്തിയതോടെ ഏതോ പകര്‍ച്ച വ്യാധി ബാധിച്ചതിനെത്തുടര്‍ന്ന് ജീവനോടെയോ അല്ലാതെയോ കുഴിച്ചിടപ്പെട്ടവരുടെ അവശിഷ്ടമാണതെന്ന് നിഗമനത്തിലേക്ക് നാം എത്തുകയായിരുന്നു.

അതുപോലെ ഏഥന്‍സില്‍ ബി സി 430 ലുണ്ടായ പ്ലേഗ് 100,000 മനുഷ്യരെയാണ് കൊന്നൊടുക്കിയതെന്ന് പറയപ്പെടുന്നു. ടുസിഡൈഡ്സ് എന്ന ചരിത്രകാരനെഴുതിയ ലക്ഷണങ്ങളില്‍ നിന്നും രോഗമെന്താണെന്ന് മനസ്സിലാക്കിയെടുക്കാനുള്ള നീണ്ട ശ്രമങ്ങളാണ് ശാസ്ത്രജ്ഞന്മാരുടെ ഭാഗത്തു നിന്നുമുണ്ടായത്. ടൈഫോയിഡാണെന്നും എബോളയാണെന്നുമൊക്കെയുള്ള വാദഗതികളുണ്ടായി. എന്തായാലും ജനലക്ഷങ്ങളെ കൊന്നൊടുക്കിയ ആ മഹാവ്യാധി മനുഷ്യവംശം നേരിട്ട മറ്റൊരു വെല്ലുവിളിയായിരുന്നു.

ഇങ്ങനെ പ്രാഗ് ചരിത്ര കാലത്തു നിന്നും തുടങ്ങി ഇന്നുവരെ നാം നേരിട്ട അഥവാ നേരിട്ടു കൊണ്ടിരിക്കുന്ന മാഹമാരികളുടെ രേഖീയമായ ഒരു ചരിത്രം നമുക്കിവിടെ വായിക്കാം. ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത ആ മഹാമാരികള്‍ എന്തുകൊണ്ടുണ്ടായി എന്നു പോലും അക്കാലത്ത് അറിവുണ്ടായിരുന്നില്ല. ചില ലക്ഷണങ്ങള്‍ വെച്ചും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുമായിരുന്നു ലഭ്യമായ മരുന്നുകള്‍ ഉപയോഗിച്ചത്. (മരുന്ന് എന്ന് ഞാന്‍ പറഞ്ഞത് നിഷ്കൃഷ്ടമായ പരീക്ഷണങ്ങളിലൂടെ വിജയിച്ച് പരുവപ്പെടുത്തിയ ഒന്നായിരുന്നില്ലെന്നു കൂടി മനസ്സിലാക്കണം. വ്യക്തിപരമായ ചില ധാരണകളായിരുന്നു മരുന്ന് നിഗമനങ്ങളിലേക്ക് എത്തിച്ചത്. ഭാഗ്യം തുണച്ചാല്‍ ‘മരുന്ന്’ വിജയിക്കുമെന്ന് മാത്രം.)

താന്‍ പാതി ദൈവം പാതിയുടെ അക്കളികളില്‍ നിന്നും നാം ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ പകര്‍ച്ച വ്യാധികളുടെ മുന്നില്‍ ശാസ്ത്രം കാഴ്ചക്കാരനാകുന്നില്ല. നാളിതുവരെ നേരിടാത്ത വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് ഇപ്പോള്‍ നമുക്കുണ്ട്.

എന്നാല്‍ കൃത്യമായ മരുന്നിന്റെ അഭാവം നമ്മെ അലട്ടുന്നുണ്ടാകാം. ഇപ്പോഴത്തെ കൊറോണയുടെ കാര്യത്തില്‍ സംഭവിക്കുന്ന പോലെ. എന്നാല്‍ ഇപ്പോള്‍ നമുക്ക് കൊറോണയെക്കുറിച്ച് എല്ലാമറിയാം.

എങ്ങനെ പടരുമെന്നും പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നും നമുക്കറിയാം. രോഗബാധിതരായവരെ എങ്ങനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാം എന്നും അറിയാം. കൃത്യമായ മരുന്ന് കണ്ടെത്താനുള്ള ശ്രമത്തില്‍ ചരിത്രത്തിലിന്നു വരെയില്ലാത്ത വേഗതയില്‍ നാം പ്രതിരോധ വാക്സിനും പരീക്ഷിച്ചു കഴിഞ്ഞിരിക്കുന്നു.

ഇപ്പോള്‍ നാം നേരിടുന്ന വ്യാധികൊണ്ട് മരണങ്ങളില്ല എന്നല്ല മറിച്ച് മരണനിരക്ക് പിടിച്ചു നിറുത്തുവാന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നുവെന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത്. അത് രോഗത്തിന്റെ സ്വഭാവം പഠിച്ച് എങ്ങനെ പകരാതിരിക്കാനും നിയന്ത്രിച്ചു നിറുത്താനും കഴിയുമെന്ന് തിരിച്ചറിഞ്ഞതിന്റെ ഫലം തന്നെയാണ്. അതുകൊണ്ടാണ് ശാസ്ത്രലോകം തരുന്ന മുന്നറിയിപ്പുകളെ നാം മാനിക്കണം എന്ന് നിരന്തരമായി ആവശ്യപ്പെടുന്നത്.

ശാസ്ത്രത്തിന്റെ സമര്‍ത്ഥമായ ഇടപെടല്‍ കൊണ്ട് ഫലപ്രദമായ മരുന്ന് കണ്ടെത്തി ഈ പകര്‍ച്ചവ്യാധിയെ നാം അധികം താമസിയാതെ ചികിത്സിക്കാന്‍ തുടങ്ങും. മനുഷ്യവംശം വീണ്ടും സജീവമാകും. അവര്‍ തെരുവുകളിലും കടലോരങ്ങളിലും പുല്‍‌മൈതാനികളിലും വീണ്ടും ഒത്തു കൂടും.

ഉദയാസ്തമയങ്ങളെ നോക്കി സ്വപ്നങ്ങള്‍ പങ്കുവെയ്ക്കും. നമ്മുടെ കുട്ടികള്‍ മണല്‍പ്പരപ്പുകളിലും കാട്ടുപൊന്തകളിലും ഓടിത്തിമര്‍ക്കും. പുല്‍ച്ചാടികളെയും പച്ചത്തവളകളേയും കൌതുകപൂര്‍വ്വം നോക്കി നില്ക്കും. അകലെ ആകാശവിതാനങ്ങളെ അലങ്കരിക്കുന്ന നക്ഷത്രങ്ങളെ നോക്കി വിസ്മയിക്കും. പരസ്പരം കൈകള്‍ കോര്‍ത്ത് പ്രണയങ്ങളില്‍ അഭിരമിക്കും.

അങ്ങനെയൊരു കാലം വരണമെങ്കില്‍ നാളെ അവര്‍ ജനിക്കേണ്ടതുണ്ട് എന്നു മാത്രം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.