Mon. Dec 23rd, 2024
#ദിനസരികള്‍ 1070

 
ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കെ എന്‍ ഗണേഷ്, തന്റെ പ്രകൃതിയും മനുഷ്യനും എന്ന പുസ്തകം ആരംഭിക്കുന്നത്:- “മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ഇന്ന് നിലനില്ക്കുന്ന പരിസ്ഥിതി പ്രസ്ഥാനങ്ങളുടേയും അക്കാദമിക പരിസ്ഥിതി ശാസ്ത്രത്തിന്റേയും നിലപാടുതറകളില്‍ നിന്നു മാത്രം കൈകാര്യം ചെയ്താല്‍ മതിയോ? പ്രകൃതിയുമായുള്ള മനുഷ്യരുടെ ബന്ധത്തെക്കുറിച്ച് മനുഷ്യസമൂഹങ്ങള്‍ തന്നെ വളര്‍ത്തിക്കൊണ്ടുവന്ന സമീപനങ്ങള്‍ പരിശോധിക്കേണ്ടതില്ലേ?

ഇത്തരം സമീപനങ്ങളുടെ ചരിത്രപരത പ്രസക്തമല്ലേ? ഇവ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി മാത്രമല്ല, മനുഷ്യന്‍ തമ്മിലുള്ള ബന്ധങ്ങളിലും മനുഷ്യരുടെ മനസ്സും ശരീരവും തമ്മിലുള്ള ബന്ധങ്ങളിലും സ്വാധീനം ചെലുത്തിയിട്ടില്ലേ?” ഈ ചോദ്യങ്ങള്‍, ഇന്ന് ഏറ്റവുമധികം കലങ്ങി മറിഞ്ഞിരിക്കുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആനുകാലിക പ്രസക്തമായ വിചിന്തനങ്ങളിലേക്ക് നമ്മെ ആനയിക്കുന്നു.

പ്രകൃതിയോട് മനുഷ്യന്‍ പെരുമാറേണ്ടതെങ്ങനെ എന്ന ചോദ്യത്തിന് മനുഷ്യനോളംതന്നെ പഴക്കമുണ്ട്. എന്നാല്‍ ഇക്കാലങ്ങളിലേതുപോലെ പ്രകൃതി വിഭവങ്ങളുടെ മേല്‍‌ ആക്രമോത്സുകമായ ഒരു സമീപനം സ്വീകരിക്കാത്ത അക്കാലത്ത് അടിസ്ഥാന ജീവിതത്തെ ബാധിക്കുന്ന മറ്റു ചിലതിനെയെല്ലാം കുറിച്ച് നമുക്ക് ചിന്തിക്കാനുണ്ടായിരുന്നു. ഇക്കാലത്താകട്ടെ ജീവിക്കണമെങ്കില്‍ പ്രകൃതിയുമായുള്ള പ്രവര്‍ത്തനത്തെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന സങ്കീര്‍ണമായ സാഹചര്യത്തിലേക്ക് നാം എത്തിപ്പെട്ടിരിക്കുന്നു.

അതുകൊണ്ടുതന്നെ ഇന്നില്‍ നിന്നു കൊണ്ട് ഈക്കാണാവുന്ന പ്രകൃതിയോട് നാം എങ്ങനെയൊക്കെയാണ് സംവദിക്കേണ്ടത് എന്ന ചിന്ത അപ്രസക്തമല്ലതന്നെ. ‘പ്രകൃതിയും മനുഷ്യനും’ എന്ന പുസ്തകത്തിലാകട്ടെ, കെ എന്‍ ഗണേഷ് ചെയ്യുന്നത്, കേവലം പ്രകൃതിവാദികള്‍ ഉന്നയിക്കുന്നതുപോലെ ഉപരിപ്ലവമായി കുറേ ആശയങ്ങളെ എറിഞ്ഞിടുകയല്ല, മറിച്ച് ഇനി നമുക്ക് മനുഷ്യനെന്ന നിലയില്‍ ഈ പ്രകൃതിയില്‍ മുന്നോട്ടു പോകണമെങ്കില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട മേഖലകളെ അവധാനപൂര്‍വ്വം ചൂണ്ടിക്കാണിക്കുകയാണ്. ഇത് ഒരേ സമയം തന്നെ സൈദ്ധാന്തികവും അതേ സമയം പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ വഴികാട്ടിയുമാകുന്നു.

പ്രകൃതിയുമായുള്ള ഏതൊരു ഇടപെടലിനേയും ചൂഷണം എന്ന വിശേഷണത്തെ പിന്‍‌പറ്റി അഭിവീക്ഷിക്കുന്ന ഭൂരിപക്ഷം വരുന്ന ജനസാമാന്യത്തേയും എന്നാല്‍ ഇങ്ങനെ ചിലതെല്ലാം നടന്നാലേ മനുഷ്യന് ഇവിടെ ജീവിക്കുവാന്‍ കൂടുതല്‍ സുഖവും സമൃദ്ധവുമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയുള്ളു എന്ന് ചിന്തിക്കുന്ന കുറഞ്ഞൊരു പക്ഷക്കാരേയും നമുക്ക് കാണാനാകും. രണ്ടു പക്ഷവും വിരുദ്ധമായ രണ്ടു ധ്രുവങ്ങളിലാണ് ചവിട്ടി നില്ക്കുന്നത്. എങ്കില്‍, മധ്യവര്‍ത്തിയായ ഒരു ആശയമാണ് നാം പുലര്‍‌‌ത്തേണ്ടതെങ്കില്‍, അത് യാഥാര്‍ത്ഥ്യവുമായി എത്രമാത്രം ഇണങ്ങിപ്പോകുന്നതായിരിക്കും?

“ഭൂമിയും പ്രകൃതി വിഭവങ്ങളും കമ്പോളത്തിന് കീഴടങ്ങുമ്പോള്‍ അവയെ ആശ്രയിച്ചു നിന്നവരുടെ ജീവിതം തകരുന്നു. കാടും മലകളും സമുദ്രസമ്പത്തും ഇല്ലാതാകുമ്പോള്‍ ജീവത സാമഗ്രികള്‍ക്കു വേണ്ടി മനുഷ്യന് കമ്പോളങ്ങളെത്തന്നെ ആശ്രയിക്കേണ്ടി വരുന്നു. വിഭവനാശവും പരിസ്ഥിതി നാശവം സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥകള്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങളേയും സംശയദൃഷ്ടിയോടെ കാണാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു.

നഗരങ്ങളിലെ ഖരമാലിന്യങ്ങള്‍ ജനജീവിതത്തെ ദുസ്സഹമാക്കുന്നു. ഇതിന്റെയെല്ലാം ഭാരം പേറേണ്ടി വരുന്നത് അഥസ്ഥിതരും സ്വന്തം ജീവിതത്തില്‍ നിന്ന് പിഴുതെറിയപ്പെട്ടവരുമായ ദരിദ്ര ഭൂരിപക്ഷമാണ്.” അത്തരമൊരു സാഹചര്യത്തിലാണ് “പരിമിതമായ വിഭവ സാമഗ്രകികള്‍ ഉപയോഗിച്ചു കൊണ്ടാണെങ്കിലും ഇന്നത്തെ പരിസ്ഥിതി നാശത്തിന്റെ താത്വികമായ ഉറവിടങ്ങള്‍ അന്വേഷിക്കേണ്ടതാണെന്ന് തോന്നിയത്. അവ കണ്ടെത്തിയാല്‍ മാത്രമേ പ്രായോഗികമായ സമീപനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്താനാകൂവെന്ന” അസന്ദിഗ്ദ്ധമായ നിലപാടാണ് കെ എന്‍ ഗണേശ് പുലര്‍ത്തുന്നത്.

അത്തരത്തിലുള്ള ഒരു ചിന്തയുടെ അടിസ്ഥാനത്തിലാണ് “ആധുനിക സാമൂഹ്യ വ്യവസ്ഥയുടെ അടിത്തറയില്‍ കിടക്കുന്ന പ്രകൃതിയോടും മനുഷ്യാധ്വാനത്തോടുമുള്ള സമീപനം” എന്താണെന്ന് പരിശോധിക്കപ്പെടുന്നത്. പ്രകൃതിയോടും മനുഷ്യാധ്വാനത്തോടുമുള്ള സമീപനം എന്ന പരിപ്രേക്ഷ്യത്തിന്റെ ഇഴവിടര്‍ത്തിയ രൂപമാണ് പ്രകൃതിയും മനുഷ്യനും എന്നതാണ് വസ്തുത. പതിനഞ്ച് അധ്യായങ്ങളിലായിട്ടാണ് ആ ചര്‍ച്ച നയിക്കപ്പെടുന്നത്.

കുറിപ്പ്:- ഈ പുസ്തകം വായിക്കുന്നതിന് മുമ്പോ (ഇനി ശേഷമോ) ബെല്ലാമി ഫോസ്റ്ററുടെ The Vulnerable Planet കൂടി നോക്കുന്നത് ഉചിതമായിരിക്കും.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.