Wed. Jan 22nd, 2025
#ദിനസരികള്‍ 1067

 
കൊറോണയുടെ വ്യാപനത്തിനെതിരെ നാം, കേരളം, കടുത്ത പ്രതിരോധത്തിലാണ്. കഴിഞ്ഞ രണ്ടു ദിവസമായി പുതിയ കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഫലിക്കുന്നുവെന്നതിന്റെ സൂചനയാണ്. എന്നാലും ഭീഷണി ഒഴിഞ്ഞു കഴിഞ്ഞുവെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല.

സമൂഹവ്യാപനമെന്ന മൂന്നാം ഘട്ടം നമുക്കു മുന്നില്‍ വലിയ ഭീഷണിയുയര്‍ത്തുന്നുണ്ട്. പൊതുവേ കണ്ടുവരുന്നതുപോലെ സമൂഹ വ്യാപനത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍പ്പിന്നെ ഈ പറയുന്ന പ്രതിരോധങ്ങളെല്ലാം തന്നെ അപ്രസക്തമാകും. പിന്നീട് കാര്യങ്ങള്‍ നിയന്ത്രിക്കുക ഒന്നും രണ്ടും ഘട്ടങ്ങളിലേതുപോലെ എളുപ്പമാകില്ല.

അതിലേക്ക് എത്താതിരിക്കുവാന്‍ സര്‍ക്കാറും മറ്റു ഏജന്‍സികളും നല്കുന്ന നിര്‍‌ദ്ദേശങ്ങള്‍ നാം ജാഗ്രതയോടെ പാലിക്കുകയെന്നതല്ലാതെ ഇപ്പോള്‍ നമ്മുടെ മുന്നില്‍ മറ്റു വഴികളൊന്നും തന്നെയില്ല. കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാം കരുതലോടെ ഇടപെടേണ്ട രണ്ടു മേഖലകള്‍ കൂടിയുണ്ട് എന്നു സൂചിപ്പിക്കുവാനാണ് ഈ കുറിപ്പ്. ഒന്ന് കൊവിഡ് ഭീതിയെത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരുടെ കാര്യമാണ്. മറ്റേത്, വരാനിരിക്കുന്ന, ഒരു പക്ഷേ ഇപ്പോഴേ വന്നു കഴിഞ്ഞ സാമ്പത്തിക പരാധീനതയാണ്.

ഇതില്‍ ഒന്നാമത്തേതിനോട് നാം കൂടുതല്‍ കരുതല്‍ കാണിക്കേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കാരണം, സാമ്പത്തികമായി ശേഷിയുള്ളവര്‍ പോലും കൊറോണ ഭയത്തിനു മുന്നില്‍ കാലിടറി ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നുണ്ട് എന്നതാണ് വസ്തുത. ഇന്നലെ തിരുവനന്തപുരത്ത് ഒരു പോലീസുകാരന്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത നോക്കുക.

കുമളിയില്‍ ജോലി നോക്കിയിരുന്ന മുപ്പത്തിയെട്ടുകാരനായ പോലീസുദ്യോഗസ്ഥനാണ് തനിക്ക് കൊറോണയുണ്ടെന്ന സംശയത്തില്‍ ആത്മഹത്യ ചെയ്തത്. ഇതൊന്നു മാത്രമല്ല. പത്രമാധ്യമങ്ങള്‍ ഇത്തരത്തില്‍ കേരളത്തിനകത്തും പുറത്തും ആത്മഹത്യ ചെയ്യുന്നവരുടെ വിവരങ്ങള്‍ നമുക്ക് കൊണ്ടു തരുന്നുണ്ട്.

കൊറോണയെക്കുറിച്ചുള്ള ഭീതി ഇനിയും വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍ ആത്മഹത്യകള്‍ കൂടുമെന്നു തന്നെയാണ് കരുതേണ്ടത്. അതുമുന്നില്‍ കണ്ടുകൊണ്ട് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാനും മനോബലം കൂട്ടുവാനുമുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ടെങ്കിലും കൂടുതല്‍ സജീവമായ ശ്രദ്ധ ഈ വിഷയത്തിലുണ്ടാകേണ്ടിയിരിക്കുന്നു. മാനസികാരോഗ്യം മറ്റെന്തിനെക്കാളും പ്രധാനപ്പെട്ടതാണെന്ന പ്രചാരണത്തിന് ഇനിയുള്ള നാളുകള്‍ നാം നീക്കിവെക്കേണ്ടി വരും.

രണ്ടാമത്തേത്, സാമ്പത്തികമായി നേരിടാന്‍ പോകുന്ന വിഷമങ്ങളാണ്. ആത്മഹത്യാനിരക്ക് വര്‍ദ്ധിക്കുന്നതിന് ഒരു പ്രധാന കാരണമായി സാമ്പത്തിക രംഗത്തെ തകര്‍ച്ച പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എല്ലാ തരത്തിലുള്ള ബഡ്ജറ്റുകളും താളം തെറ്റുകയാണ്.

കൊറോണ ഭീതി തുടര്‍ന്നാല്‍ സാധാരണക്കാരായ തൊഴിലാളികള്‍ പണിയില്ലാതെ മുഴുപ്പട്ടിണിയിലേക്ക് കൂപ്പുകുത്തുന്ന സാഹചര്യം അധികം താമസിയാതെ തന്നെ ഉടലെടുക്കും. ഇപ്പോള്‍ത്തന്നെ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വീട്ടില്‍ നിന്നും ജോലി ചെയ്യുക എന്നു പ്രചരിപ്പിക്കുന്ന ലളിതവത്കരണങ്ങള്‍ ഇവിടെ ഒന്നിനും മറുപടിയാകുന്നില്ല.

ചെറുഗ്രാമങ്ങളിലെ ചായക്കടകള്‍ പോലും അടച്ചിരിക്കുന്നു. എല്ലാ മേഖലകളും ഏറെക്കുറെ ഇതേ അവസ്ഥയിലാണ്. ഈ ദിവസങ്ങളില്‍ കടകളില്‍ നിന്നും സാധനങ്ങള്‍ ലഭ്യമാണെങ്കിലും ഇനിയങ്ങോട്ട് എന്താകുമെന്ന വേവലാതി പൊതുവേയുണ്ട്. കുറച്ച് അരിയെങ്കിലും വാങ്ങി കരുതിവെയ്ക്കുവാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്ത കുടുംബങ്ങള്‍ എത്രയെങ്കിലുമുണ്ട്.

ഈ നില തുടര്‍ന്നാല്‍ അരാജകത്വത്തിലേക്ക് വഴുതി വീഴാനുള്ള സാധ്യത ഏറെയാണ്. സ്വന്തം ജീവന്‍ നിലനിറുത്താന്‍ ജനത പിടിച്ചു പറിക്കാന്‍ തെരുവിലേക്ക് ഇറങ്ങുക എന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? അപരനോടുള്ള കരുതല്‍ എന്നൊക്കെ നമുക്ക് കവിത പാടാമെങ്കിലും എല്ലാ അതിര്‍ത്തിയും ലംഘിച്ചു കഴിഞ്ഞാല്‍, എല്ലാ സാധ്യതയും വിനിയോഗിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അവശേഷിക്കുന്നതെന്ത് എന്ന ചോദ്യം ആരേയും ഭയപ്പെടുത്തുന്നതാണ്.

കടത്തിപ്പറഞ്ഞ് പരിഭ്രാന്തി പരത്താനുള്ള ശ്രമമല്ല. വരാനിരിക്കുന്ന ഒരു വലിയ വിപത്തിനെ ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം. കരുതലോടെയിരിക്കേണ്ടത് നമ്മളാണ്, കരുതലെടുക്കേണ്ടതും നമ്മളാണ്. നാം ഇനിയും സങ്കല്പിക്കാത്ത വിധത്തിലുള്ള കെട്ടകാലങ്ങള്‍ നമ്മെ കാത്തിരിക്കുന്നുണ്ടാകാം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.