സ്വാതന്ത്ര്യവും ജനാധിപത്യവും ആവശ്യപ്പെട്ട കുറ്റത്തിനാണ് ഒരു ദശാബ്ദത്തോളമായി സിറിയ ചോരക്കളിക്ക് സാക്ഷിയായത്. വടക്കു പടിഞ്ഞാറന്‍ നഗരമായ ഇദ്‌ലിബില്‍ ആഭ്യന്തര യുദ്ധത്തിന്‍റെ അവസാന പാദം അരങ്ങേറുകയാണിപ്പോള്‍.
ഒരു വശത്ത് പട്ടണം നിയന്ത്രിക്കുന്ന വിമതര്‍, അവര്‍ക്ക് പരോക്ഷ പിന്തുണ നല്‍കുന്ന തുര്‍ക്കി, മറുവശത്ത് ബഷര്‍ അല്‍ അസദ് സര്‍ക്കാര്‍, സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന റഷ്യയും ഇറാനും. ഇവയ്ക്കു നടുവില്‍ സംഘര്‍ഷങ്ങളെ ഭയന്ന് പലായനം ചെയ്യുന്ന ജനത. ഇതാണ് സിറിയ നല്‍കുന്ന ചിത്രം.
ബഷര്‍ അല്‍ അസദിന്‍റെ സൈന്യം പട്ടണങ്ങള്‍ ഒന്നൊന്നായി പിടിച്ചടക്കി, അവസാനം എത്തി നില്‍ക്കുന്നത് ഇദ്‌ലിബിലാണ്. യുദ്ധം അനാഥമാക്കിയ സിറിയന്‍ ജനതയുടെ ഭൂരിഭാഗവും അഭയം തേടിയത് ഇദ്‌ലിബിലായിരുന്നു. 35 ലക്ഷമാണ് ഇവിടെ നിലവിലെ ജനസംഖ്യ.
എന്നാല്‍ ഇദ്‌ലിബ് സംഘര്‍ഷ ഭൂമി ആകുമ്പോള്‍ അവര്‍ക്ക് ചേക്കാറാന്‍ ഇടങ്ങളില്ല. കാരണം അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കി, അഭയാര്‍ത്ഥികളുടെ പ്രവാഹം തടയാന്‍ നടപടികള്‍ നേരത്തെ സ്വീകരിച്ചതു തന്നെ.
2020 ഫെബ്രുവരി ആദ്യമായിരുന്നു അസദിന്‍റെ സൈന്യം ഇദ്‌ലിബിനു നേരെ തിരിഞ്ഞത്. ഇതോടെയാണ് പോരാട്ടം രൂക്ഷമായത്. സിറിയയിലെ റഷ്യ നിയന്ത്രിക്കുന്ന ഖമൈം വ്യോമ താവളം, സിറിയന്‍ തലസ്ഥാനം ദമാസ്കസും, മറ്റൊരു പ്രധാന നഗരമായ ആലപ്പൊയും ബന്ധിപ്പിക്കുന്ന എം4, എം5 ഹൈവേകള്‍ എന്നിവയാണ് ഇദ്‌ലിബിനെ തന്ത്രപ്രധാനമാക്കുന്നത്. ഇവ നിയന്ത്രണത്തിലായാല്‍ വര്‍ഷങ്ങളായുള്ള യുദ്ധം ജയിക്കുമെന്ന് അസദ് കണക്കു കൂട്ടുന്നു.
ആഭ്യന്തര യുദ്ധം രൂക്ഷമായ ഈ സാഹചര്യത്തിലാണ് സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിൽ തുർക്കി സൈന്യവും റഷ്യയുടെ പിന്തുണയുള്ള സിറിയൻ സൈന്യവും തമ്മിൽ വെടിനിർത്തലിന് ധാരണയായത്.
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനും തുർക്കി പ്രസിഡന്റ് രജപ് ത്വയപ് ഉർദുഗാനും തമ്മിൽ ആറുമണിക്കൂറോളംനീണ്ട കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. എന്നാല്‍ ഇത് സംഘര്‍ഷങ്ങള്‍ക്ക് ഒരു സ്ഥിരമായ പരിഹാരമാണോ? എന്താണ് ഈ കരാര്‍ നേടിയത്? ഇദ്‌ലിബില്‍ ഇനി എന്ത് നടക്കും?
തുര്‍ക്കി-റഷ്യ കരാര്‍ പരാജയപ്പെട്ടതെവിടെ?
ഭരണകൂടത്തിന്‍റെയും, സഖ്യകക്ഷികളുടെയും സൈനിക മുന്നേറ്റത്തെ തടഞ്ഞതിനാല്‍, സംഘര്‍ഷത്തെ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ കരാറിനു സാധിച്ചിട്ടുണ്ട്. ഇദ്‌ലിബില്‍ തുര്‍ക്കി സൈനിക സാന്നിദ്ധ്യം ഉറപ്പിച്ച കരാറിലൂടെ തുര്‍ക്കി-റഷ്യ ബന്ധത്തിന് ഭീഷണിയായ സൈനികാക്രമണങ്ങള്‍ അവസാനിപ്പിക്കാനും കഴിഞ്ഞു.
സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തെ കരാര്‍ അനുവദിക്കുന്നില്ല എന്നതാണ് തുര്‍ക്കിയെ സംബന്ധിച്ച് ഏറ്റവും വലിയ നേട്ടം. എന്നാല്‍, കരാറിന്‍റെ പരിഗണനയില്‍ വരാത്ത മറ്റു ചില കാര്യങ്ങളുമുണ്ട്.
കഴിഞ്ഞ വര്‍ഷം മുതല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ ഉപേക്ഷിക്കാനും, 2018 സെപ്തംബറില്‍ റഷ്യയും തുര്‍ക്കിയും എത്തിച്ചേര്‍ന്ന സോചി കരാര്‍ പ്രകാരം സ്ഥാപിച്ച രേഖകളിലേക്ക് പിന്മാറാനും ഭരണകൂടത്തെ നിര്‍ബന്ധിച്ചില്ല എന്നതാണ് ഇതില്‍ പ്രധാനം. തുര്‍ക്കി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതാണിത്. പകരം, ഡിസംബർ മുതൽ സിറിയൻ ഭരണകൂടങ്ങളും സഖ്യസേനകളും നേടിയ പ്രവിശ്യാ നേട്ടങ്ങള്‍ നിയമവിധേയമാക്കുകയാണ് കരാര്‍ ചെയ്തത്.
സിറിയൻ-തുർക്കി അതിർത്തിയിൽ തിങ്ങിനിറഞ്ഞ് നില്‍ക്കുന്ന ഒരു ദശലക്ഷം സിറിയൻ സിവിലിയന്മാർക്ക്, അല്ലെങ്കിൽ ഏകദേശം മൂന്ന് ദശലക്ഷത്തോളം വരുന്ന ഇദ്‌ലിബ് ജനതയ്ക്ക് ഈ കരാർ ശാശ്വത പരിഹാരമായിരുന്നില്ല. അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ സാധിക്കുന്ന ബഫര്‍ സോണും തുര്‍ക്കിക്ക് ലഭിച്ചില്ല.
സിറിയൻ ഭരണകൂടം ഇദ്‌ലിബ് പ്രവിശ്യയുടെ തന്ത്രപരമായ അടിസ്ഥാന സൗകര്യങ്ങൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും, പ്രാദേശിക ജനസംഖ്യയ്ക്കൊപ്പം മറ്റ് പ്രവിശ്യകളില്‍ നിന്ന് പലായനം ചെയ്തവരും കലര്‍ന്നതിനാല്‍ ജനങ്ങളുടെ മേല്‍ അവകാശ വാദം നിരത്തുന്നില്ല.
എം5 ഹൈവെ, തുർക്കിയുടെ സൈനിക നിരീക്ഷണ പോസ്റ്റുകളുടെ ഭാവി തുടങ്ങിയ കാര്യങ്ങളും കരാറില്‍ പരാമര്‍ശിച്ചിട്ടില്ല. കൂടാതെ, ഈ വെടിനിർത്തൽ, അങ്കാറയും മോസ്കോയും ഇത് ഒരു താൽക്കാലിക നടപടിയായി കാണുകയും സൈനികപരമായി ഇദ്‌ലിബില്‍ തങ്ങളുടെ നിലപാടുകൾ ശക്തിപ്പെടുത്തുകയുമാണ്.
പാശ്ചാത്യ സഖ്യകക്ഷികളുടെ പിന്തുണ നേടാനാണ് തുര്‍ക്കിയുടെ ശ്രമം. റഷ്യയുമായുള്ള ബന്ധം ഉറപ്പിക്കുന്നതിന് യുഎസ് നിർമിത പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ സ്വന്തമാക്കാനുള്ള ആശയം തുര്‍ക്കി മുന്നോട്ട് വച്ചു കഴിഞ്ഞു.
ഈ മിസൈലുകൾ തുർക്കിക്ക് നേരിട്ടോ നാറ്റോ വഴിയോ കടം കൊടുക്കാൻ യുഎസിന് കഴിയും. തുർക്കിയിൽ റഷ്യൻ എസ്-400 സിസ്റ്റത്തിന്റെ സാന്നിധ്യം ഉള്ളതിനാൽ ഇപ്പോൾ ഒരു വിൽപ്പന സാധ്യമല്ല, കാരണം ഈ സംവിധാനങ്ങൾ, സജീവമായാൽ, സെൻസിറ്റീവ് നാറ്റോ സാങ്കേതികവിദ്യകളിൽ വിട്ടുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് യുഎസ് വാദിക്കുന്നു.
കൂടുതൽ പിന്തുണ നൽകാൻ യൂറോപ്പിനെ പ്രേരിപ്പിക്കാനും ഇദ്‌ലിബിൽ ചില ഇളവുകൾ നൽകാൻ റഷ്യയിൽ കൂടുതൽ സമ്മർദ്ദം ചെലുത്താനും, അങ്കാറ, റെഫ്യൂജി കാര്‍ഡുകള്‍ ഉപയോഗിക്കുന്നു. ഇത്, ഇദ്‌ലിബിലെ സുരക്ഷാ മേഖലകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ആക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
മാർച്ച് 9 ന് എർദോഗൻ യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്കായി ബ്രസ്സൽസിലേക്ക് പോയെങ്കിലും ആ സന്ദർശനം പ്രതീക്ഷിച്ച ഫലം നൽകിയില്ല. പ്രസ്തുത വിഷയത്തില്‍ ഉപദേശങ്ങള്‍ നല്‍കല്‍, രഹസ്യാന്വേഷണ സഹകരണങ്ങള്‍, ഭാഗിക സാമ്പത്തിക സഹായം, 2016 ലെ തുർക്കി-യൂറോപ്യൻ യൂണിയൻ അഭയാർഥി ഇടപാടിന്‍റെ പുനരവലോകനം എന്നിവയ്ക്കാണ് യുറോപ്യന്‍ യൂണിയന്‍ പ്രതിജ്ഞാബദ്ധമായിട്ടുള്ളത്.
ഇനിയെന്ത് സംഭവിക്കും?
മാർച്ച് 15 ന്, തുർക്കി, റഷ്യൻ സൈനികർ, ലതാകിയയെ അലപ്പോയുമായി ബന്ധിപ്പിക്കുന്ന എം4 ഹൈവേയിൽ സംയുക്ത പട്രോളിംഗ് ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ കരാറിനെതിരെ പ്രതിഷേധിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തതിനാല്‍ പട്രോളിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പട്രോളിംഗുമായി ഇരുപക്ഷവും മുന്നോട്ട് പോകുമോ ഇല്ലയോ എന്നത് ഈ ഇടപാടിന്റെ മൊത്തത്തിലുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കും.
റഷ്യയും തുർക്കിയും, അടുത്ത ഘട്ടത്തിലെ അക്രമത്തിന് തയ്യാറെടുക്കുന്നതിന് സൈനികപരമായി തങ്ങളുടെ നിലപാടുകൾ ശക്തിപ്പെടുത്താന്‍ ഈ കരാറിനെ ഉപയോഗപ്പെടുത്താനും സാധ്യതയുണ്ട്.
സിറിയന്‍ ഭരണകൂടത്തിന്‍റെ ഏറ്റുമുട്ടലിനു പുറമെ, റഷ്യൻ-തുർക്കി ഉഭയകക്ഷി കരാറിനെ ദുർബലപ്പെടുത്താൻ ഇറാനും ശ്രമിക്കും. കൂടാതെ ചര്‍ച്ചകളില്‍ ടെഹ്റാനെ ഉള്‍പ്പെടുത്താത്തതും ഇറാനെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തുര്‍ക്കിയെ പ്രകോപിപ്പിച്ച് ഈ കരാര്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും സാധ്യതയേറെയാണ്.