വാഷിങ്ടണ്‍:
കൊറോണ വൈറസ് ബാധ പരിശോധിക്കാനും, ടെസ്റ്റുകള്‍ ചെയ്യാനുമായി ഗൂഗിള്‍ നിര്‍മ്മിക്കുന്ന സ്ക്രീനിങ് വെബ്സൈറ്റ് ഈ ആഴ്ച അവസാനത്തോടെ പൂര്‍ത്തിയാകും. സൈറ്റ് സംബന്ധിച്ച് ചില വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഗൂഗിളിന്‍റെ പ്രസ്താവന.
അമേരിക്കന്‍ ജനതയ്ക്ക് രാജ്യത്ത് എവിടെ നിന്നും കൊറോണ വൈറസ് ബാധ പരിശോധിക്കാന്‍ ഗൂഗിളിന്‍റെ നേതൃത്വത്തില്‍ വെബ്സൈറ്റ് ഒരുങ്ങുന്നതായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, അദ്ദേഹത്തിന്‍റെ പ്രസ്താവന തീര്‍ത്തും അവ്യക്തമായിരുന്നു. ലാന്‍റിങ് പേജോ, ഗൂഗിളിൽ നിന്നുള്ള പത്രക്കുറിപ്പോ, എക്സിക്യൂട്ടീവുകളില്‍ നിന്നുള്ള അറിയിപ്പോ വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായിരുന്നില്ല.
ട്രംപ് പറഞ്ഞ കാര്യങ്ങളില്‍ ഗൂഗിളിന് പൂര്‍ണ്ണമായ അറിവുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു നിശ്ചിത സ്ഥല പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കാവുന്ന ഒരു പൈലറ്റ് പ്രോഗ്രാം, ഗൂഗിളിന്‍റെ സഹോദര സ്ഥാപനമായ വെരിലി ആയിരുന്നു ഏകോപിപ്പിച്ചിരുന്നത്.
വെബ്സൈറ്റ് സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍, വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനായി കൂടുതല്‍ വ്യാപ്തിയോടെ പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റ് നിര്‍മ്മിക്കുമെന്ന പ്രസ്താവനയുമായി ഗൂഗിള്‍ രംഗത്ത് വന്നു. പുതിയ ഇന്‍ഫര്‍മേഷന്‍ സൈറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സമയം ആവശ്യമാണെന്നും ഗൂഗിള്‍ വക്താവ് പറഞ്ഞു.
അതെസമയം, വൈറ്റ്ഹൗസ് വാഗ്ദാനം ചെയത പോലെ സമഗ്രവും ദേശീയവുമായ സ്ക്രീനിംഗ് സവിശേഷതകൾക്കനുസൃതമായാണോ ഗൂഗിള്‍ പുതിയ സൈറ്റ് നിര്‍മ്മിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്‌ക്രീനിംഗും പരിശോധനയും ഉൾപ്പെടെ യുഎസിലെ ആളുകൾക്ക് വൈറസ് സംബന്ധിച്ച ആധികാരിക വിവരങ്ങൾ നൽകുന്നതാകും വെബ്സൈറ്റ് എന്നാണ് ഗൂഗിളിന്‍റെ അവകാശവാദം.
“സിഡിസി (സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍) നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍. ടെസ്റ്റിങ് സൈറ്റുകളില്‍ ഗൂഗിള്‍ മാപ്പ് പോലുള്ള മറ്റ് സേവനങ്ങളും ഉള്‍പ്പെടുത്തും”, ഗൂഗിള്‍ വക്താവ് വ്യക്തമാക്കി.
കാലിഫോര്‍ണിയയിലെ ബേ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന കൗണ്ടികളിലാണ്, വെരിലി ഏകോപിപ്പിച്ചെടുത്ത പൈലറ്റ് പ്രോഗ്രാം പ്രവര്‍ത്തനക്ഷമമായത്. ഇതിന്‍റെ പരിമിതികള്‍ തിരിച്ചറിഞ്ഞ്, അധികൃതരുടെ ഇടപെടലോടുകൂടി സൈറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്.
ട്രംപിന്‍റെ പൊള്ളയായ വാഗ്ദാനങ്ങള്‍
കൊറോണ രോഗബാധയുടെ ലക്ഷണങ്ങള്‍ ഉള്ളവരെ സഹായിക്കാന്‍ രാജ്യ വ്യാപകമായി പ്രവര്‍ത്തിക്കുന്ന ഒരു വെബ്സൈറ്റ് ഗൂഗിള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും, 1,700 ഓളം എഞ്ചിനീയര്‍മാരാണ് ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു ട്രംപിന്‍റെ പ്രസ്താവന. ഇതുവരെ നിലവിലില്ലാത്ത ഒരു വെബ്സൈറ്റിനെ കുറിച്ച് പൊള്ളയായ വാഗ്ദാനങ്ങളാണ് പ്രസിഡന്‍റ് മുന്നോട്ടു വച്ചത്.
ട്രംപിന്‍റെ റോസ് ഗാര്‍ഡന്‍ പ്രസംഗത്തിന് ഒരു മണിക്കൂര്‍ പിന്നാലെ, വെബ്സൈറ്റ് നിര്‍മ്മിക്കുന്ന വെരിലിയും തങ്ങളും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചുകെീണ്ടായിരുന്നു ഗൂഗിളിന്‍റെ ട്വീറ്റ്.
എന്നാല്‍, പ്രസിഡന്‍റിന്‍റെ പ്രസ്താവന വന്നപ്പോള്‍, വെബ്സൈറ്റ് നിര്‍മ്മാണത്തിന്‍റെ പ്രാരംഭ ഘട്ടത്തിലായിരുന്നു വെരിലി. കേവലം 1000 ജീവനക്കാര്‍ മാത്രമാണ് വെരിലിക്കുള്ളതെന്നും ന്യൂയോര്‍ക്ക് ടൈംസ് പിന്നീട് റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ പ്രസംഗത്തിന് മുമ്പ്, വെരിലിയെ സഹായിക്കാൻ സന്നദ്ധസേവനം നടത്തുന്ന ഒരു ഫോം പൂരിപ്പിച്ച ഗൂഗിൾ എഞ്ചിനീയർമാരുടെ എണ്ണത്തെയാണ്, ട്രംപ് തന്റെ പ്രസംഗത്തിൽ അവകാശപ്പെട്ട 1,700 എന്ന നമ്പർ യഥാർത്ഥത്തിൽ സൂചിപ്പിക്കുന്നതെന്നും പത്രം വ്യക്തമാക്കി.
“അടുത്ത ആഴ്ചയോടു കൂടി പുതിയ സൈറ്റ് നിലവില്‍ വരും”, വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് വിവാദങ്ങള്‍ക്ക് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇത് ഗൂഗിള്‍ വെബ്സൈറ്റ് ആണോ എന്നത് വ്യക്തമാക്കിയിരുന്നില്ല.
വളച്ചൊടിച്ച വിവരങ്ങളുടെ പശ്ചാത്തലം
തന്‍റെ മരുമകനും, ഉപദേശകനുമായ ജേർഡ് കുഷ്നറില്‍ നിന്ന് ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ട്രംപ് അടിസ്ഥാന രഹിതമായ പ്രസ്താവനകള്‍ പരസ്യമാക്കിയത്.
രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി എന്തെങ്കിലും മാര്‍ഗം ഏകോപിപ്പിക്കാന്‍ ടെക്നോളജി വിദഗ്ദരുമായി കുഷ്നര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വെറിലിയുടെ ചീഫ് എക്സിക്യൂട്ടീവ് ആൻഡി കോൺറാഡുമായി നടത്തിയ സംഭാഷണത്തിന് ശേഷമായിരുന്നു കുഷ്നറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടത്.
എന്നാല്‍, വെരിലി അവതരിപ്പിച്ച അപൂര്‍ണ്ണമായ പ്ലാന്‍ കാണിച്ച് അതില്‍ ഗൂഗിളിന്‍റെ പേര് പരാമര്‍ശിക്കുകയായിരുന്നു വൈറ്റ്ഹൗസ്. വൈറസ് വ്യാപനം തടയാന്‍ വെരിലി നടത്തുന്ന പ്രവര്‍ത്തനത്തിന് സന്നദ്ധതയറിയിക്കാന്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തന്‍റെ ജീവനക്കാരോട് ആഹ്വാനം ചെയ്തതും ഇതിന് കാരണമായി.
സാങ്കൽപ്പിക ഗൂഗിള്‍ സൈറ്റ് എങ്ങനെ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കുന്നതിന് വളരെ ലളിതമായ ഫ്ലോ ചാർട്ട് ഉള്ള ഒരു പോസ്റ്റർ ഈ പൊതു പ്രഖ്യാപനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നു. വൈറ്റ്ഹൗസിന്റെ കൊറോണ വൈറസ് റെസ്പോണ്‍സ് കോർഡിനേറ്റർ ഡോ. ഡെബോറ ബിർക്സ് ഈ ചാർട്ട് അവതരിപ്പിക്കുകയും പരിശോധന എങ്ങനെ ആരംഭിക്കുമെന്ന് വിശദീകരിക്കുകയും ചെയ്തു.
മൈക്ക് പെന്‍സും, കുഷ്നറും, ഡിജിറ്റല്‍ സ്റ്റാഫുകളുമായി ചേര്‍ന്ന് പോസ്റ്ററിന്‍റെ ഗ്രാഫിക്സുകള്‍ തയ്യാറാക്കുകയായിരുന്നു. ഈ പ്ലാനിങ് ഘട്ടത്തില്‍ ഗൂഗിളിന് യാതൊരു പങ്കുമില്ലെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് വ്യക്തമാക്കുന്നത്.
സ്ഥലപരിമിതികള്‍ ഇല്ലാതെ രാജ്യ വ്യാപകമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വെബ്സൈറ്റ് ആണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. അമേരിക്കന്‍ ഇംഗ്ലീഷിലായിരിക്കും വെബ്സൈറ്റ് ആരംഭിക്കുന്നത്. സിഡിസി, ലോകാരോഗ്യ സംഘടന എന്നിവ നല്‍കുന്ന വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കും വെബ്സൈറ്റ് കാഴിചവയ്ക്കുക.