Mon. Dec 23rd, 2024
കാസര്‍ഗോഡ്:

പെരിയ കേരള കേന്ദ്ര സര്‍വ്വകാലാശാലയില്‍ വീണ്ടും സംവരണ അട്ടിമറി. പ്രൊ വൈസ് ചാൻസലർ മേധാവിയായ ഇൻറർനാഷണൽ റിലേഷൻസ് പഠനവകുപ്പിൽ ഗവേഷണത്തിന് എസ്സി, എസ്ടി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റ് ജനറൽ വിഭാഗത്തിന് മറിച്ചുനൽകി എന്നായിരുന്നു വിവാദം.

എസ്സി, എസ്ടി വിഭാഗത്തില്‍പെട്ടവര്‍ ഇൻറർവ്യൂവിന് ഉണ്ടായിരുന്നിട്ടും സീറ്റ് നിഷേധിച്ചുവെന്നത് സർവ്വകലാശാല പുറത്തു വിട്ട ആര്‍ടിഐ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്.

എന്നാല്‍, ഇതുസംബന്ധിച്ച് പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നാണ് സര്‍വ്വകലാശാലയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. അട്ടിമറി മറച്ചുവയ്ക്കുന്നതിന് സ്പെഷ്യല്‍ ഡ്രൈവ് നടത്തി പ്രവേശനം നല്‍കിയതായാണ് പരാമര്‍ശം.

എന്നാല്‍ ആദ്യഘട്ട വിജ്ഞാപന പ്രകാരം അപേക്ഷിച്ചിട്ടും പ്രവേശനം നിഷേധിക്കപ്പെട്ട പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളെക്കുറിച്ച് യാതൊരു വിശദീകരണവുമില്ല. രേഖകളില്‍ അധിഷ്ഠിതമായ വസ്തുതകള്‍ക്ക് മുന്നില്‍ മൗനം പാലിക്കുകയാണ് അധികൃതര്‍.

സംവരണം മറച്ചു വച്ച് ഇന്‍റര്‍വ്യൂ ഫലം

കേന്ദ്ര സര്‍വ്വകലാശാലയിലെ സംവരണ അട്ടിമറി സംബന്ധിച്ച്, അപേക്ഷകരായ എസ്ടി വിഭാഗക്കാരുടെ പരാതിയെ തുടർന്നാണ്, സംവരണ പ്രക്ഷോഭ സമിതി കൺവീനറായ ഒപി രവീന്ദ്രൻ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍ മതിയായ രേഖകള്‍ അന്ന് കൈവശമുണ്ടായിരുന്നില്ല.

“ഇതേതുടര്‍ന്ന് ആധികാരിക രേഖകള്‍ അനുവദിക്കാന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുകയും, വസ്തുതകളുടെ അടിസ്ഥാനത്തില്‍ അട്ടിമറി യാഥാർത്ഥ്യമാണെന്ന് കാട്ടി വീണ്ടും പോസ്റ്റിടുകയുമായിരുന്നു” ഒപി രവീന്ദ്രൻ വോക്ക് മലയാളത്തോട് പറഞ്ഞു.

https://www.facebook.com/raveendran.purayil/posts/10206915719369489

2019 ജൂലൈ 31നാണ് കേരള കേന്ദ്ര സർവകലാശാലയിൽ ഡോക്ടറൽ റിസർച്ചിനായി 21 വകുപ്പുകളിലേക്ക് വിജ്ഞാപനം ഇറക്കിയത്. 21 വകുപ്പുകളിലായി 170 സീറ്റാണുണ്ടായിരുന്നത്. ഇവയില്‍ സംവരണ സീറ്റുകളെ സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കിയിരുന്നു.

2019 ജൂലൈ 31ന് പുറത്തിറങ്ങിയ വിജ്ഞാപനം (screen grab, copyrights: cukerala.ac.in)

4 ജനറൽ, 1 ഒബിസി, 4 എസ്സി, 4 എസ്ടി അടക്കം 13 സീറ്റുകളുണ്ടെന്നാണ് നോട്ടിഫിക്കേഷനിലുണ്ടായിരുന്നത്. എന്നാൽ സെപ്റ്റംബർ 17ന് ഇൻറർവ്യൂ നടത്തി ഫലം പ്രസിദ്ധീകരിച്ചപ്പോൾ സംവരണം മറച്ചുവെക്കാൻ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ പേരിനു നേെര ‘സെലക്ടഡ്’ എന്ന് മാത്രം സൂചിപ്പിച്ചു.

സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച റിസള്‍ട്ട്(file photo: Woke Malayalam)

ഇൻറർനാഷണൽ റിലേഷൻസിൽ നാല് ജനറൽ സീറ്റ് ഉണ്ടായിരുന്നപ്പോൾ ഏഴുപേർക്കാണ് പ്രവേശനം നൽകിയത്. ഒരു ഒബിസി സീറ്റ് ഉണ്ടായിരുന്നിടത്ത് മൂന്നുപേർക്ക് പ്രവേശനം നൽകി. നാല് എസ്സി സംവരണ സീറ്റ് ഉണ്ടായിരുന്നിട്ടും ഒരാൾക്ക് മാത്രമാണ് അവസരം നൽകിയത്. നാല് എസ്ടി സീറ്റിൽ രണ്ടു പേർക്ക് മാത്രം പ്രവേശനം നൽകി.

വിവരാവകാശ നിയമപ്രകാരം സര്‍വ്വകലാശാലയില്‍ നിന്ന് ലഭിച്ച പ്രവേശനത്തിന്‍റെ രേഖകള്‍ (file photo : Woke Malayalam)

പ്രൊ വൈസ് ചാൻസലർ ഡോ. കെ ജയപ്രസാദ് വകുപ്പുമേധാവിയുടെ ചുമതല വഹിക്കുന്ന ഏക സർവകലാശാലയാണ് പെരിയ കേന്ദ്ര സര്‍വ്വകലാശാല. ഇദ്ദേഹത്തി​​​​ന്‍റെ കീഴിൽ ബിജെപി ശുപാർശ നടപ്പാക്കാൻ സംവരണ സമുദായങ്ങളുടെ സീറ്റ് പിടിച്ചെടുക്കുകയാണെന്ന ആക്ഷേപങ്ങളും ഇതോടൊപ്പം ഉയര്‍ന്നു വരുന്നുണ്ട്.

ഇംഗ്ലീഷ് വിഭാഗത്തിൽ വിദ്യാർഥികളുടെ സംവരണം അട്ടിമറിച്ചത് ചോദ്യംചെയ്ത അധ്യാപകനെ ഈയിടെ സസ്‌പെൻഡ് ചെയ്തിരുന്നു. ദലിത് വിരുദ്ധനായി  മുദ്രകുത്തി പ്രൊ വൈസ് ചാൻസലറുടെ സംവരണ അട്ടിമറി പൂഴ്ത്തിെവക്കാനാണ് അധ്യാപകനെ സസ്‌പെന്‍റ് ചെയ്തതെന്ന ആരോപണവുമുയരുന്നുണ്ട്.

സ്പെഷ്യല്‍ ഡ്രൈവിന്‍റെ കഥപറഞ്ഞ് അധികൃതര്‍

സംവരണ അട്ടിമറി സംബന്ധിച്ച് വാര്‍ത്തകല്‍ പുറത്തു വന്നതോടെ സര്‍വ്വകലാശാല അധികൃതര്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. അട്ടിമറി സംബന്ധിച്ച് പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നായിരുന്നു സര്‍വ്വകലാശാല പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

പഠനവകുപ്പില്‍ ഏഴ് അദ്ധ്യാപകരുടെ കീഴില്‍ 33 സീറ്റുകളാണ് നിലവിലുള്ളത്. ഇതില്‍ 30 പേര്‍ക്ക് ഇതിനോടകം പ്രവേശനം നല്‍കി. സര്‍വ്വകലാശാല നിയമപ്രകാരം 22.5 ശതമാനമാണ് പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണം. എന്നാല്‍, 23ശതമാനം സംവരണം പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങല്‍ക്കായി നല്‍കിയിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതെസമയം, 2019 ലെ വിജ്ഞാനപ്രകാരമുള്ള ഗവേഷണത്തിന് പ്രവേശനം നല്‍കിയതിന്‍റെ രേഖകള്‍ സംബന്ധിച്ച് സര്‍വ്വകലാശാല മൗനം പാലിക്കുകയാണ്. ഡിസംബറില്‍ സ്പെഷ്യല്‍ ഡ്രൈവ് നടത്തി പ്രവേശനം നല്‍കിയതായാണ് പരാമര്‍ശം.

ജൂലൈയിലെ വിജ്ഞാപനമനുസരിച്ച് അപേക്ഷ നല്‍കിയിട്ടും, പ്രവേശനം ലഭിക്കാത്ത പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെക്കുറിച്ച് വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശിക്കുന്നില്ല എന്നതാണ് മറ്റൊരു വൈരുദ്ധ്യം. സീറ്റുകള്‍ മറിച്ചു നല്‍കിയതിനെക്കുറിച്ചും മൗനം തന്നെ ഭൂഷണമാക്കിയിരിക്കുകയാണ്.

കേന്ദ്ര സര്‍വ്വകലാശാല പുറത്തിറക്കിയ വിജ്ഞാപനത്തിന്‍റെ പകര്‍പ്പ് (screen grab, copyrights: cukerala.ac.in)

ചത്ത് കിടക്കുന്ന എസ്സി, എസ്ടി സെല്ലുകള്‍

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച പത്താം പ്ലാന്‍ പ്രൊഫൈലിലെ ഖണ്ഡിക 10.ബി2 പ്രകാരം, ” നിയമനങ്ങള്‍, സ്റ്റാഫ് കോട്ടേഴ്സുകള്‍, ഹോസ്റ്റലുകള്‍ എന്നിവ അനുവദിക്കല്‍ തുടങ്ങിയ നടപടികളില്‍ എസ്സി, എസ്ടിക്കാരുടെ പരിഗണന ഉറപ്പുവരുത്താന്‍ എസ്സി, എസ്ടി സെല്ലുകള്‍ എല്ലാ സര്‍വ്വകലാശാലകളിലും രൂപീകരിക്കണം” എന്ന് കൃത്യമായി നിഷ്കര്‍ഷിക്കുന്നുണ്ട്.

ഇത്തരത്തിലുള്ള പ്രത്യേക സെല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസഹായം യുജിസി, സര്‍വ്വകലാശാലകള്‍ക്ക് നല്‍കുന്നുമുണ്ട്. ഏകദേശം 26 ലക്ഷത്തോളമാണ് ഈ തുക. വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടികളിലും, അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങളിലും, സംവരണം ഉറപ്പുവരുത്തുക എന്നതാണ് ഈ സെല്ലിന്‍റെ പ്രധാന ചുമതല.

എസ്സി, എസ്ടി സെല്ലുകള്‍ക്ക് യുജിസി നിഷ്കര്‍ഷിക്കുന്ന ചുമതലകള്‍ (screen grab, copyrights: ugc.ac.in)

ഇങ്ങനെ എസ്സി, എസ്ടി വിഭാഗത്തില്‍പെട്ടവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട്, അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതാണ് സെല്ലിന്‍റെ ലക്ഷ്യമെന്നാണ് യുജിസി നിഷ്കര്‍ഷിക്കുന്നത്.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഒന്‍പതാം പ്ലാന്‍ പ്രൊഫൈലിന്‍റെ അവസാന പാദത്തില്‍ തന്നെ 109ഓളം സര്‍വ്വകലാശാലകളില്‍ എസ്സി, എസ്ടി സെല്ലുകള്‍ പ്രവര്‍ത്തനമാരംഭിച്ചതാണ്.

എന്നാല്‍ ഇത്തരം സെല്ലുകള്‍ പല യൂണിവേഴ്സിറ്റികളിലും നിഷ്ക്രിയമാണെന്ന് ഒപി രവീന്ദ്രന്‍ പറയുന്നു. ” തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍, ഐടി വിഭാഗത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംവരണം ഉറപ്പാക്കാറില്ല എന്ന പരാതി നമുക്ക് ലഭിച്ചിട്ടുണ്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും എംഫില്‍, പിഎച്ച്ഡി എന്നീ വിഭാഗത്തില്‍ സംവരണം നല്‍കുന്നില്ല എന്ന് പരാതിയുണ്ട്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുജി, പിജി എന്നീ കോഴ്സുകളില്‍ സംവരണ വിഭാഗത്തിന്‍റെ ഒഴിവ് വന്നാല്‍, അത് പുനര്‍ വിജ്ഞാപനം നടത്തി നികത്തുന്നപോലെ തന്നെ, എംഫില്‍ പിഎച്ച്ഡി കോഴിസുകളുടെ കാര്യത്തിലും ചെയ്യണമെന്ന് യുജിസി നിഷ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ എസ്സി, എസ്ടി സെല്‍ പല സര്‍വ്വകലാശാലയിലും വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല.

കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയിലെ ഇൻറർനാഷണൽ റിലേഷൻസ് പഠനവകുപ്പിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള പ്രസ്തുത അട്ടിമറി വിവാദം അവര്‍ ഏറ്റെടുത്ത് പരിഹാരം കാണണമെന്നാണ് സംവരണ പ്രക്ഷോഭ സമിതി മുന്നോട്ട് വയ്ക്കുന്ന ആവശ്യം.