Sat. Nov 23rd, 2024

ആരോഗ്യരംഗത്തും വ്യക്തി ശുചിത്വത്തിലും  കേരളം ഒന്നാം നമ്പർ എന്ന് നാം പറഞ്ഞുതുടങ്ങിയിട്ട് കാലമേറെയായി. നിരവധി തവണ നമ്മുടെ മികച്ച ആരോഗ്യമേഖല അത് തെളിയിച്ചതുമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക സാങ്കേതിക ശക്തിയായ ചൈനയിൽ നിന്നും തുടങ്ങി ലോകരാജ്യങ്ങളെ പിടിച്ചുലച്ച കൊറോണ വൈറസ്സിനെ കേരളം നേരിട്ടതിനെ അത്ഭുതത്തോടെ നോക്കിനിൽക്കുകയാണ് ലോകം.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ അമരത്തു നിന്ന് നമ്മെ നയിക്കുന്ന ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെയും, പ്രവർത്തനങ്ങളിൽ പങ്കാളികളായ ആരോഗ്യ രംഗത്തെ മുഴുവൻ പ്രവർത്തകരെയും വാനോളം പുകഴ്ത്തുകയാണ് വിദഗ്ദ്ധർ. പ്രതിരോധത്തിന്റെ കേരള മോഡൽ ലോകം ചർച്ചചെയ്യുകയാണ്.

എന്താണ് കേരള മോഡൽ

ആരോഗ്യരംഗത്ത് സുപ്രധാനമായ ഒട്ടനവധി നേട്ടങ്ങൾ ഉണ്ടാക്കിയ സംസ്ഥാനമാണ് കേരളം. മെച്ചപ്പെട്ട ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണനിരക്ക്, കുറഞ്ഞ മാതൃമരണനിരക്ക് എന്നിങ്ങനെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഏറെയാണ്. കേരളം ഉണ്ടാക്കിയ ഈ നേട്ടങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കാവുന്ന ഘടകങ്ങള്‍ പലതാണ്. സാക്ഷരത, രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയെടുത്ത പൊതു അവബോധം, ഭൂപരിഷ്‌കരണം വഴി ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍, മെച്ചപ്പെട്ട പൊതുവിതരണസമ്പ്രദായം, വിപുലമായ പൊതുജനാരോഗ്യ സംവിധാനം, അധികാരവികേന്ദ്രീകരണം എന്നിവ ഇവയില്‍ പ്രധാനമാണ്.

2019-2020ലെ നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം 70 പോയിന്റോടെ ഒന്നാമതാണ്. ആരോഗ്യസൂചികയിലും കേരളം തന്നെയാണ് മുൻപന്തിയിൽ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിലെ ആരോഗ്യപരിപാലനം, ശുചിത്വ നിലവാരം, ആശുപത്രികളുടെ പ്രവർത്തനം, ശിശു ജനന-മരണ നിരക്ക് തുടങ്ങി സമഗ്രമായ ആരോഗ്യപരിപാലനത്തിൽ കേരളം ഇന്ത്യയിൽ തന്നെ ഒന്നാമതാണ്.

നീതി ആയോഗ് സ്കോർ നില (file photo:woke )

2018 നിപ കാലം

2018 ലെ നിപ കാലത്താണ് കേരളത്തിന്റെ പ്രതിരോധപ്രവർത്തനം ലോകശ്രദ്ധയിലേക്കെത്തുന്നത്. മലേഷ്യയിലാണ് ഈ വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. വവ്വാലുകളിൽ നിന്നും പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും വൈറസ് പടർന്നുപിടിച്ചു. ബംഗ്ലാദേശിൽ 2012 വരെയുള്ള കാലയളവിൽ രോഗം ബാധിച്ച 209 പേരിൽ 161 പേർ മരിച്ചു.

ഇന്ത്യയില്‍ 2001 ജനുവരിയില്‍ പശ്ചിമബംഗാളിലെ സിലിഗുരിയിലാണ് നിപ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2001 ല്‍ 66 പേര്‍ക്ക് സിലിഗുരിയില്‍ നിപ വൈറസ് ബാധിച്ചു. ഇതില്‍ 45 പേര്‍ മരിച്ചു. ഇതിനുശേഷം 2007 ഏപ്രിലിലും ബംഗാളില്‍ നിപ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആ വര്‍ഷം പശ്ചിമബംഗാളിലെ നാഡിയയില്‍ അഞ്ച് പേരാണ് മരണപ്പെട്ടത്. മരണനിരക്ക് 75 ശതമാനത്തിലും കൂടുതൽ.

2018 മെയ് മാസത്തിൽ കോഴിക്കോട് പേരാമ്പ്രയിൽ ചെങ്ങരോത്ത് എന്ന ഗ്രാമത്തിലെ മുഹമ്മദ് സാബിത്ത് എന്ന ചെറുപ്പക്കാരനായിരുന്നു നിപ വൈറസ് ബാധയുടെ കേരളത്തിലെ ആദ്യ ഇര. തുടർന്ന് സാബിത്തിന്റെ കുടുംബത്തിലെ തന്നെ മറ്റു മൂന്നുപേരും ഇതേ രോഗലക്ഷണങ്ങൾ കാണിച്ചതോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ അനൂപ് കുമാർ വൈറസ് ബാധ സംശയിച്ചു. തുടർന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യുട്ടിലെ ഫലത്തിൽ നാല് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

 

നിപ ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നു(Screen-grab, Copyrights:economictimes)

പിന്നീട് കേരളം കണ്ട ഏറ്റവും വലിയ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഒരു വലിയ മെഡിക്കൽ ടീം തന്നെ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തനം ആരംഭിച്ചു. ഭയന്നോടാതെ നാടിന്റെ കൂടെ നിന്നുള്ള പ്രവർത്തനം. തുടർന്നങ്ങോട്ട് രോഗം വ്യാപിക്കാതിരിക്കാൻ പല ഘട്ടങ്ങളായി തിരിച്ചു ഐസൊലേഷൻ ആരംഭിക്കുകയും, മറ്റൊരു ഭാഗത്തുനിന്നും രോഗവ്യാപനം ഉണ്ടാവാനുള്ള സാധ്യതകൾ കൃത്യമായി ട്രാക്ക് ചെയ്തുകൊണ്ട് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ജനങ്ങളെ കൃത്യമായി ബോധവത്കരിച്ചു. കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളും രോഗം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. സമൂഹത്തിലെ അവസാന മനുഷ്യരിലേക്കുവരെ എത്തിപ്പെടാൻ ഇതുവഴി സഹായിച്ചു.

ലോകാരോഗ്യ സംഘടന മാരക രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള നിപ വൈറസ് ബാധിച്ച് കേരളത്തിൽ 17 മരണങ്ങൾ സംഭവിച്ചു. വലിയ രീതിയില്‍ പടരാന്‍ സാധ്യതയുള്ളതിനാലാണ് ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധ സമിതി ഈ പട്ടികയുണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഈ രോഗം കൂടുതൽ പേരിലേക്ക് പടരുന്നത് തടയാൻ കേരള ആരോഗ്യവകുപ്പിനു സാധിച്ചു.

2019 കാലയളവിൽ വീണ്ടും ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും കൂടുതൽ പേരിലേക്ക് പടരുകയോ മരണം സംഭവിക്കുകയോ ചെയ്തില്ല. തുടക്കത്തിൽ തന്നെ വൈറസ് ബാധ തിരിച്ചറിയപ്പെടുക എന്നതാണ് പ്രധാന പ്രതിരോധം. അതിൽ കേരളം വിജയിച്ചു. മുന്‍പ് അത്തരമൊരു രോഗത്തെ ചികിത്സിച്ചിട്ടോ പ്രതിരോധിച്ചിട്ടോ കൃത്യമായ ഡയഗ്നോസ് ചെയ്തിട്ടോ യാതൊരുവിധ മുന്‍പരിചയവുമില്ലാതിരുന്നിട്ടും കേരളത്തിലെ ആരോഗ്യരംഗം നിപയെ പൂർണമായും തുടച്ചുനീക്കി.

ഈ കാലയളവിൽ ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയിൽ കെ കെ ശൈലജ ടീച്ചർ കാണിച്ച ജാഗ്രതയും ശ്രദ്ധയും എടുത്തു പറയേണ്ടത് തന്നെയാണ്. നിപ്പകാലത്തെ മികച്ച പ്രവർത്തനത്തിന് കേരളത്തിനെ അമേരിക്കൻ വൈറോളജി ഇൻസ്റ്റിറ്റ്യുട്ട് ആദരിക്കുകയുണ്ടായി.

അമേരിക്കൻ വൈറോളജി ഇൻസ്റ്റിറ്റ്യുട്ടിന്റെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു(Screen-grab, Copyrights:manorama online)

2018 പ്രളയാനന്തര പകർച്ചവ്യാധികൾ

2018 ൽ നിരവധിപേരുടെ ജീവനും ജീവിതവും ഇല്ലാതാക്കി പ്രളയം കടന്നുപോയപ്പോൾ. പ്രളയ ദുരന്തം പോലെതന്നെ കേരളം ഏറെ ഭയപ്പെട്ടിരുന്ന ഒന്നായിരുന്നു പകർച്ച വ്യാധികൾ കേരളത്തിൽ പിടിമുറുക്കുമോ എന്നത്. എന്നാൽ ആരോഗ്യവകുപ്പിന്റെ കൂട്ടായ പ്രവർത്തനത്തിലൂടെ പ്രളയാനന്തര പകർച്ചവ്യാധികൾക്കു പൂർണ്ണമായും തടയിടാൻ കേരളത്തിനായി.

പ്രളയം ഉണ്ടായ ദിവസങ്ങളില്‍ ക്യാമ്പുകളില്‍ തുടങ്ങിയതാണ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. എല്ലാവരും വീടുകളില്‍ താമസം തുടങ്ങി ഓരോ വീട്ടിലും പകര്‍ച്ചവ്യാധികള്‍ ഇല്ല എന്നുറപ്പു വരുത്തുന്നതു വരെ വകുപ്പിന്റെ പ്രവര്‍ത്തനം തുടര്‍ന്നു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ ചിട്ടയായി നടപ്പിലാക്കുന്നതിനായി ആരംഭിച്ച ‘ശ്രദ്ധ’ പരിപാടി വഴി പ്രളയ ബാധിത മേഖലകളിലെല്ലായിടത്തും ആരോഗ്യ വകുപ്പിന്റെ രോഗ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കി, കുടിവെള്ള സ്രോതസ്സുകളുടെ ക്ലോറിനേഷന്‍, കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിപുലമാക്കി, വിവിധ മാധ്യമങ്ങള്‍ വഴിയുള്ള ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളും, എലിപ്പനി പ്രതിരോധ ഗുളിക വിതരണത്തിനായി പ്രത്യേക ‘ഡോക്സി കോര്‍ണറുകള്‍’ ആരംഭിച്ചതും, വിവിധ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഏകോപനം ഉറപ്പ് വരുത്തുന്നതിനായി ആരംഭിച്ച കണ്‍ട്രോള്‍ റൂമിന്റെയും മെഡിക്കല്‍ ഹെല്‍പ് ലൈനിന്റെയും ഇടപെടലുകളും പകര്‍ച്ചവ്യാധികള്‍ നിയന്ത്രണ വിധേയമാക്കി നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.

കൊറോണ എന്ന പകർച്ചവ്യാധി

ചൈനയിലെ വുഹാനിൽ നിന്ന് തുടങ്ങി ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ് കൊറോണ എന്ന മഹാമാരി. ഇതുവരെ അയ്യായിരത്തിലധികം ജീവനുകൾ നഷ്ടപെട്ടുകഴിഞ്ഞു. ചൈനയിൽ രോഗം പടർന്നു പിടിച്ച സാഹചര്യത്തിൽ തന്നെ മറ്റു രാഷ്ട്രങ്ങൾ മുൻകരുതലുകൾ എടുക്കാതെ നിസ്സംഗത പാലിച്ചതിന്റെ ഫലമാണ് ഇന്ന് മിക്ക രാജ്യങ്ങളും അനുഭവിക്കുന്നത്.

കേരളത്തിലും കൊറോണ ബാധയുണ്ടായി ആദ്യം 3 പേർക്ക് രോഗം സ്ഥിരീകരിക്കുകയും എന്നാൽ ആ മൂന്ന് പേരും രോഗമുക്തി നേടി ആശുപത്രി വിട്ടു എന്നത് ആശ്വാസകരമായിരുന്നു. നിപ്പ കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നുള്ള മുൻപരിചയമായിരുന്നു തുടക്കത്തിൽ തന്നെ വൈറസ് ബാധിതരെ കണ്ടെത്താനും പരിചരണം നൽകാനും കൂടുതൽ പേരിലേക്ക് പടരുന്നത് തടയാനും കഴിഞ്ഞത്. ഇതേക്കുറിച്ച് ആരോഗ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്.

“കൊറോണ വൈറസിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് ചൈനയിലെ വുഹാനില്‍ നിന്നുള്ള ചില വാര്‍ത്താ ലേഖനങ്ങള്‍ ആകസ്മികമായി ശ്രദ്ധിച്ചു. അക്കാലത്ത്, ചൈനയിലെ ആളുകള്‍ക്ക് പോലും വരാനിരിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. എന്നാല്‍ നിപയുമായുള്ള തന്റെ അനുഭവം എപ്പോഴും ജാഗരൂകരായിരിക്കാന്‍ പഠിപ്പിച്ചുവെന്നും.

വുഹാനില്‍ മെഡിസിന്‍, എഞ്ചിനീയറിംഗ് പഠിക്കുന്ന കേരളീയ ചെറുപ്പക്കാര്‍ക്ക് ഈ രോഗം ബാധിച്ച് കേരളത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യതയെക്കുറിച്ച് ചിന്തിക്കുകയും, ഉടന്‍ തന്നെ കേരള ആരോഗ്യ സെക്രട്ടറിയെ വിളിച്ച് ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു,” എന്നും മന്ത്രി പറഞ്ഞു.

ചൈനയിൽ നിന്നുള്ള ആദ്യത്തെ വിദ്യാർത്ഥി കേരളത്തിൽ എത്തുന്നതിനു മുൻപ് തന്നെ ആരോഗ്യവകുപ്പ് ആ വിദ്യാർത്ഥിനിയെ ട്രാക്ക് ചെയ്യുകയും എയർപോർട്ടിൽ വച്ചുതന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു. ഇത്തരത്തിൽ എത്തിയ മൂന്ന് വിദ്യാർത്ഥികളെയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും അവരുടെ രക്ഷിതാക്കളെ നിരീക്ഷണത്തിൽ വെക്കുകയും ചെയ്തു.

ആരോഗ്യ മന്ത്രി കെ കെ ശൈലജ മെഡിക്കൽ സംഘത്തോടൊപ്പം (Screen-grab, Copyrights:doolnews )

മൂന്നു പേരും രോഗം ഭേദപ്പെട്ട് ആശുപതി വിട്ടതിനുശേഷം, ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഇറ്റലിയിൽ നിന്നും വന്ന ഒരു കുടുംബം എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാതെ പോവുകയും തുടർന്ന് കൊറോണ വീണ്ടും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. പൂർണ്ണ ജാഗ്രതയോടെ ആരോഗ്യവകുപ്പ് പ്രധിരോധന പ്രവർത്തങ്ങൾ തുടരുകയാണ്.

വിദേശത്തുനിന്നും വരുന്നവരെ കർശനമായി നിരീക്ഷിക്കാനും, രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഐസൊലേഷൻ ചെയ്യുവാനും നടപടികൾ സ്വീകരിച്ചു. അപ്പോള്‍ മുതല്‍ കോണ്ടാക്ട് ട്രെയിസിംഗ് ശ്രമകരമായി നടത്തി. രോഗം റിപ്പോർട്ട് ചെയ്തവരുമായി ബന്ധപ്പെട്ട എല്ലാവരെയും ബന്ധപ്പെട്ട് ചികിത്സ ഉറപ്പുവരുത്തി. ജി പി എസ് ട്രാക്കിങ് അടക്കമുള്ള സവിധാനങ്ങൾ ഉപയോഗിച്ച് വീടുകളിൽ ഉള്ളവരെ നിരീക്ഷിക്കാൻ പ്രത്യേക സംഘം തന്നെ രൂപീകരിച്ചു. കൊറോണ ബാധിച്ച് ഒരാളെപ്പോലും മരണത്തിനു വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ജഗ്രതയോടെ ആരോഗ്യരംഗം ഒന്നടങ്കം പ്രവർത്തിക്കുന്നു.

ജി പി ഐസ് ട്രാക്കിംഗ് വഴി രോഗബാധിതരെ നിരീക്ഷിക്കാൻ രൂപീകരിച്ച സംഘം (source: facebook)

എതിർപക്ഷത്തിന്റെ നുണ പ്രചരണങ്ങളെ അതിജീവിച്ച് കൊറോണ വൈറസ് ഭീഷണിയിൽ നിന്നും കേരളത്തെ രക്ഷിച്ചെടുക്കാൻ കേരളത്തിന്റെ ആരോഗ്യമന്ത്രിക്കു കഴിയട്ടെ. പ്രതിരോധത്തിന്റെ കേരള മോഡൽ തുടരട്ടെ.