കൊവിഡ് 19 വ്യാപനം ആഗോള തലത്തില്‍ വ്യാപാര വിതരണ മേഖലകളിലും ഉത്പ്പാദന രംഗത്തും വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിച്ചുകൊണ്ട് മനുഷ്യത്വ പരമായ നടപടികളാണ് ബിസിനസ് നേതാക്കള്‍ സ്വീകരിക്കുന്നത്.
ലോകമെമ്പാടുമുള്ള പ്രമുഖ കമ്പനികളെല്ലാം തന്നെ തങ്ങളുടെ ഓഫീസുകള്‍ അടച്ചിടുകയും, വൈറസ് ബാധ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ‘വര്‍ക്ക് അറ്റ് ഹോം’ എന്ന ആശയത്തിലേക്ക് എത്തിച്ചേരുകയും ചെയ്തു.
ഇന്ത്യയിലെ പല കമ്പനികളിലെയും ജീവനക്കാര്‍ ഇപ്പോള്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യുകയാണ്. കൊവിഡ് 19 സ്ഥിരീകരിച്ചതിനാലും, വൈറസ് ബാധയ്ക്ക് കൂടുതല്‍ സാധ്യതകള്‍ ഉള്ളതിനാലും, സുരക്ഷാ നടപടികളുടെ ഭാഗമായി കമ്പനികള്‍ പൂര്‍ണ്ണമായും അടച്ചിട്ടു കഴിഞ്ഞു.
എന്നാല്‍, ഇന്ത്യന്‍ നിര്‍മ്മാണ മേഖല ഈ ആശയത്തെ പൂര്‍ണ്ണമായും പിന്താങ്ങുന്നില്ല. പാശ്ചാത്യ രാജ്യങ്ങളിലെന്ന പോലെ വര്‍ക്ക് അറ്റ് ഹോം ഇന്ത്യന്‍ വ്യവസായ മേഖലയ്ക്ക് യോജിക്കുമോ? വീട്ടില്‍ നിന്ന് ജോലി ചെയ്യുമ്പോള്‍ കമ്പനി ആവശ്യപ്പെടുന്ന 100% ഉത്പ്പാദന ക്ഷമത ജീവനക്കാരില്‍ ഉണ്ടാകുമോ?
നിലവിലെ സാമ്പത്തിക പ്രതിസന്ധി 100% ഉത്പാദന ക്ഷമത എന്നതില്‍ വിട്ടുവീഴ്ച വരുത്താന്‍ തയ്യാറല്ല എന്നത് വര്‍ക്ക് അറ്റ് ഹോം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യന്‍ വ്യവസായ മേഖലയ്ക്ക് വിലങ്ങുതടിയാകുന്നില്ലേ?
ഇന്ത്യന്‍ ‘വര്‍ക്ക് അറ്റ് ഹോം’ മോഡല്‍
പാശ്ചാത്യ ലോകത്ത് വര്‍ക്ക് അറ്റ് ഹോം എന്ന ആശയം കൊറോണയ്ക്ക് മുമ്പും ഏറെ പ്രചാരത്തിലുണ്ട്. ഇന്ത്യയിലെ ന്യൂ ജനറേഷന്‍ ബിസിനസ് സ്ഥാപനങ്ങള്‍ മികച്ച മൂലധന സമ്പാദനത്തിന് ഇത്തരം ആശയങ്ങളാണ് കടമെടുക്കുന്നത്.
“വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍, അവരുടെ മുഴുവന്‍ ശ്രദ്ധയും ജോലിയിലായിരിക്കില്ല എന്ന പൊതുവികാരമുണ്ട്. അതുകൊണ്ട് തന്നെ 100% ഉത്പ്പാദന ക്ഷമതയുണ്ടാകില്ലെന്നാണ് അത്തരക്കാരുടെ വാദം, ഇന്ത്യയിലെ പല ഉത്പ്പാദന കമ്പനികളും വര്‍ക്ക് അറ്റ് ഹോം എന്ന ആശയത്തെ ഒരു സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ആയിട്ടാണ് കാണുന്നത്” ടാറ്റ മോട്ടോര്‍സിന്‍റെ മുന്‍ എച്ച്ആറും, പ്രബിര്‍ ജാ പീപ്പിള്‍ അഡ്വൈസറിയുടെ സ്ഥാപകനുമായ പ്രബിര്‍ ജാ പറയുന്നു.
“എന്നാല്‍, ആരോഗ്യപരമായ പ്രതിസന്ധികളില്‍ പെടാതെ ജീവക്കാരെ രക്ഷിക്കാനും, അതിലുപരി അനാവശ്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ചെലവുകള്‍ ഒഴിവാക്കാനും വര്‍ക്ക് അറ്റ് ഹോമിലൂടെ കമ്പനിക്ക് സാധിക്കുന്നു” പ്രബിര്‍ ജാ കൂട്ടിച്ചേര്‍ത്തു.
അതെ സമയം, ചില പ്രവര്‍ത്തനങ്ങള്‍ വീട്ടിലിരുന്നു, മറ്റ് ചില പ്രവര്‍ത്തനങ്ങള്‍ സൈറ്റിലും നടക്കുന്നത് അന്യായമാണെന്നാണ് മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ചീഫ് എച്ച് ആര്‍ ഓഫീസര്‍ രാജേശ്വര്‍ ത്രിപാഠി അഭിപ്രായപ്പെടുന്നത്.
“ഒരു സ്ഥാപനത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഒരു ഫിനാന്‍സ് അല്ലെങ്കില്‍ അക്കൗണ്ട്സ് ഡിപ്പാര്‍ട്ട്മെന്‍റ്, മാനുഫാക്ച്വറിങ്ങ് ഡിപ്പാര്‍ട്ട്മെന്‍റുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടി വരും” അദ്ദേഹം പറഞ്ഞു.
“വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള പ്രവണത എല്ലായ്പ്പോഴും പ്രോത്സാഹിപ്പിക്കാനാകില്ല, കൊറോണ പോലെ പ്രത്യേക സാഹചര്യത്തിലും, ജീവനക്കാരന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴും മാത്രമാണ് ഇത് അനുവദിക്കാവൂ” ത്രിപാഠി കൂട്ടിച്ചേര്‍ത്തു.
രാജ്യം കൊവിഡ് 19 ഭീഷണിയിലായ സാഹചര്യത്തില്‍ ജീവനക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തി മഹീന്ദ്ര പല നടപടികളും കൈകൊണ്ടിട്ടുണ്ട്. വിദേശ യാത്രകള്‍ വിലക്കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമെ രാജ്യത്തിനകത്ത് തന്നെയുള്ള യാത്രകള്‍ക്ക് അനുമതിയുള്ളൂ.
ജീവനക്കാര്‍ തൊഴിലിടങ്ങളില്‍ നിന്ന് ജോലി ചെയ്തപ്പോഴാണ്, നിര്‍മ്മാണ മേഖലയില്‍ വന്‍ നേട്ടങ്ങളുണ്ടായിട്ടുള്ളത്. ഫലത്തില്‍, വര്‍ക്ക് സൈറ്റില്‍ തൊഴിലാളികള്‍ ഉയര്‍ന്ന ക്ഷമത കാട്ടുന്നു എന്ന ധാരണ ഇത് സൃഷ്ടിച്ചു.
“നിര്‍മ്മാണത്തിനു ശേഷം, ഉല്‍പ്പന്നങ്ങളുടെ കാര്യക്ഷമത പരിശോധിക്കേണ്ടതായുണ്ട്. ഇത് പലപ്പോഴും, തൊഴിലിടങ്ങളില്‍ നിന്നുകൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. ഇത്തരം സാഹചര്യങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം ഒരു പ്രതിസന്ധിയാണ്”, സീമെന്‍സ് ഇന്ത്യയുടെ, കണ്‍ട്രി ഹെഡും എച്ച്ആറുമായ കാബ്രാ മഹേശ്വരി പറയുന്നു.
അതെ സമയം, വര്‍ക്ക് അറ്റ് ഹോം എന്ന ആശയം കൊണ്ട് ചില നല്ല ഗുണങ്ങളുമുണ്ടെന്നാണ് ബിസിനസ് വിദഗ്ദര്‍ പറയുന്നത്.
ഇത് അഡ്മിനിസ്ട്രേറ്റീവ് ചെലവുകള്‍ ലാഭിക്കാന്‍ കമ്പനിയെ സഹായിക്കുകയും, ജീവനക്കാരുടെ ദൈനംദിന യാത്രാച്ചെലവുകള്‍ ലഘൂകരിക്കുകയും ചെയ്യും. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജീവനക്കാരെ കമ്പനികളില്‍ നിലനിര്‍ത്താന്‍ സഹായിക്കും.
“കമ്പനിക്ക് വേണ്ടി ജീവനക്കാര്‍ ദുരിതത്തിലാകരുത്, ഫ്ലെക്സിബിലിറ്റിയും, ശാക്തീകരണവുമാണ് കമ്പനി പ്രോത്സാഹിപ്പിക്കാറുള്ളത്, എന്നാല്‍, ഫ്ലെക്സി- വര്‍ക്കിങ് പോളിസി വില്‍പ്പനേതര കമ്പനികള്‍ക്കും, കോര്‍പ്പറേറ്റുകള്‍ക്കും മാത്രമേ ഫലമുണ്ടാക്കൂ. നിര്‍മ്മാണ മേഖലയില്‍ ഈ പോളിസികള്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാണ്”, കൊക്ക കോളയുടെ എച്ച്ആര്‍ ഓഫീസര്‍ ഇന്ദ്രജിത് സെന്‍ഗുപ്ത പറഞ്ഞു.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും ഐടി മേഖലകളിലും തൊഴിലിടങ്ങള്‍, ഔട്ട്പുട്ടിനെ ബാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കമ്പനികള്‍ക്ക് വര്‍ക്ക് അറ്റ് ഹോം ദോഷകരമാകുന്നുമില്ല. എന്നാല്‍, അനൗദ്യോഗിക സ്ഥലങ്ങളില്‍ നിന്ന് ജീവനക്കാര്‍ ജോലി ചെയ്യുമ്പോള്‍ ക്ഷമതയില്‍ നൂറു ശതമാനം ഉറപ്പു നല്‍കാനാവില്ല എന്നതാണ് പ്രശ്നം.
അതെ സമയം, നിര്‍മ്മാണ മേഖല, വര്‍ക്ക് സൈറ്റില്‍ തന്നെ ജീവനക്കാരുടെ സാന്നിദ്ധ്യം ആവശ്യപ്പെടുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ എല്ലാ വിഭാഗങ്ങളും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുന്നതാണ് മറ്റൊരു കാരണം.
അമേരിക്ക കേന്ദ്രമായ, ഹ്യൂമന്‍ റിസോഴ്സ് കണ്‍സള്‍ട്ടിങ് കമ്പനിയായ മെര്‍സര്‍ നടത്തിയ പഠനത്തില്‍ (Business Responces to the Covid-19 Outbreak), 42 ശതമാനത്തോളം കമ്പനികള്‍ വിദൂര സ്ഥലങ്ങളില്‍ നിന്ന് ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതെ സമയം, കമ്പനി അടച്ചു പൂട്ടേണ്ട സാഹചര്യം വന്നപ്പോള്‍ 92.2 ശതമാനം കമ്പനികളാണ് വര്‍ക്ക് അറ്റ് ഹോമിലേക്ക് നീങ്ങിയത്.
ഒരു ബിസിനസ്സ് നയിക്കുന്നതിനുള്ള അസാധാരണമായ സമയമാണിത്, പ്രവർത്തനങ്ങൾ ഉൽപാദനക്ഷമമായി നിലനിർത്തുക മാത്രമല്ല, ഏറ്റവും പ്രധാനമായി, ജനങ്ങളെ സുരക്ഷിതരായി നിലനിർത്തുന്നതിന്, ഉറപ്പുനൽകുന്നതിനും സഹായിക്കുന്നതിനും വേണ്ടിയാണ് സ്ഥാപനങ്ങള്‍ ഇത്തരം ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് എന്നായിരുന്നു മൈക്രോസോഫ്റ്റ് 365 കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്‍റ് , ജേർഡ് സ്പാറ്റാരോ അഭിപ്രായപ്പെട്ടത്.
കൊവിഡ് 19 വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തില്‍, ഫേസ്ബുക്ക്, ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ നേരത്തെ തന്നെ വര്‍ക്ക് അറ്റ് ഹോം എന്ന ആശയം അവലംബിച്ചു കഴിഞ്ഞു.
ഇന്ത്യയിലെ പ്രമുഖ ഐടി സേവന ദാതാക്കളായ കോഗ്നിസൻറ് ഇന്ത്യ, ഹൈദരാബാദ് ഓഫീസ് താൽക്കാലികമായി അടച്ച് ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.
ഇറ്റലി സന്ദര്‍ശനത്തിന് ശേഷം, ഒരു ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനാല്‍, ഡിജിറ്റല്‍ പെയ്മെന്‍റ് പ്ലാറ്റ് ഫോമായ പേടിഎം രണ്ടു ദിവസം അടച്ചിട്ടിരുന്നു. ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, എച്ച്സിഎല്‍ ടെക്നോളജീസ്, നിയര്‍ബൈ, വിപ്രോ, ട്വിറ്റര്‍ എന്നിവയും ജീവനക്കാരോട് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നു.