സൌദി അറേബ്യ:
അശാന്തിയുടെ ദിനങ്ങളിലൂടെയാണ് സൌദി രാജകുടുംബം ഇപ്പോൾ കടന്നുപോകുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ വിശ്വാസത്തിലെടുക്കാമെങ്കിൽ, സൽമാൻ രാജാവിനെതിരെ അട്ടിമറിശ്രമം നടത്തിയതിന് രാജകുടുംബത്തിലെ മൂന്നുപേരെ കിരീടാവകാശിയുടെ നിർദ്ദേശപ്രകാരം അറസ്റ്റു ചെയ്തു.
സൽമാൻ രാജാവിന്റെ ഇളയ സഹോദരനായ അഹ്‌മദ് ബിൻ അബ്ദുൾ അസീസ് രാജകുമാരൻ, മുൻ കിരീടാവകാശിയും രാജാവിന്റെ മരുമകനുമായ മുഹമ്മദ് ബിൻ നയീഫ്, ബന്ധുവായ നഫാഫ് ബിൻ നയീഫ് രാജകുമാരൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
രാജകുടുംബാംഗങ്ങൾ, അമേരിക്കയും മറ്റു രാജ്യങ്ങളും അടക്കമുള്ള വിദേശരാജ്യങ്ങളുമായി സമ്പർക്കം പുലർത്തി അട്ടിമറിശ്രമം നടത്തിയെന്ന് മുഹമ്മദ് ബിൻ സൽമാൻ ആരോപിച്ചതായി ഒരു പ്രാദേശിക സ്രോതസ്സിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു.
ആയിരത്തി തൊള്ളായിരത്തി രണ്ടു മുതൽ അൽ സൌദിലെ രാജകുടുംബത്തിന്റെ ഭരണത്തിനു കീഴിലാണ് സൌദി അറേബ്യ. സൌദ് രാജകുടുംബം തന്നെയാണ് സൌദി അറേബ്യയിലെ ഭരണാധികാരിയുടെ പിന്തുടർച്ചക്കാരെ തീരുമാനിക്കുന്നതും.
സൌദി അറേബ്യയിലെ ഇപ്പോഴത്തെ ഭരണാധികാരി സൽമാൻ രാജാവാണ്. 2015 ജനുവരി 23 നാണ് മുൻ രാജാവായ അബ്ദുള്ള അന്തരിച്ചപ്പോൾ സൽമാൻ രാജാവ് ഭരണത്തിലേറുന്നത്. സൽമാൻ രാജാവായപ്പോൾ മുക്രിൻ രാജകുമാരൻ കിരീടാവകാശി ആയി. മൂന്നുമാസത്തിനുശേഷം സൽമാൻ രാജാവിന്റെ ഉത്തരവുപ്രകാരം മുഹമ്മദ് ബിൻ നയീഫ് കിരീടാവകാശിയായി മാറി.
2017 ജൂൺ 21 ന് മുഹമ്മദ് ബിൻ നയീഫിനു പകരം സൽമാൻ രാജാവിന്റെ പുത്രൻ മുഹമ്മദ് ബിൻ സൽമാൻ കിരീടാവകാശിയായി മാറി.
അറസ്റ്റിന്റെ പ്രത്യാഘാതങ്ങൾ
കിരീടാവകാശിയായ മുഹമ്മദുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്നാണ് അറസ്റ്റ്. രാജകുടുംബത്തിലെ പ്രമുഖവ്യക്തികളായിട്ടാണ് മുഹമ്മദ് ബിൻ നയീഫിനേയും അഹ്‌മദ് ബിൻ അസീസിനേയും കണക്കാക്കുന്നത്. രണ്ടായിരത്തിൽ അൽ ഖ്വയ്ദ ആക്രമണത്തെ ചെറുത്തുനിൽക്കാൻ സാധിച്ചതിനാലും, അമേരിക്കയിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തുന്നതിനാലുമാണ് നയീഫ് ആദരിക്കപ്പെടുന്നത്.
രാജാവിന്റെ സഹോദരന്മാരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് 78 കാരനായ അഹ്‌മദ് ബിൻ അബ്ദുൾ അസീസ്. മുഹമ്മദ് ബിൻ സൽമാന് തക്കതായ പകരമായിട്ട് കരുതാൻ പറ്റുന്ന വ്യക്തിയാണ് അദ്ദേഹം. രാജ്യത്തെ ഏറ്റവും ബഹുമാന്യവ്യക്തിയായ അദ്ദേഹത്തിന് പാശ്ചാത്യരാജ്യങ്ങളിലെ രാഷ്ട്രീയ ശക്തികളുമായും അടുത്ത ബന്ധമുണ്ട്.
ടൈമിന്റെ റിപ്പോർട്ട് അനുസരിച്ച് കിരീടാവകാശിയായ മുഹമ്മദ് രാജകുമാരന്റെ സന്ദേശമാണ് അറസ്റ്റിനു കാരണമായത്. “രാജകുടുംബത്തിൽ വിലക്ക് അനുഭവിക്കുന്നതായി തോന്നുന്ന എല്ലാവർക്കും ഒരു സന്ദേശമയയ്ക്കുക. സമ്മർദ്ദവിധേയരായി അനുസരിക്കുന്നതും, പിറുപിറുക്കുന്നതും നിർത്തുക. കാരണം അഹ്‌മദ് രാജകുമാരൻ അറസ്റ്റ് ചെയ്യപ്പെടുമെങ്കിൽ ഏതു രാജകുമാരനും അറസ്റ്റ് ചെയ്യപ്പെടാം, ചെയ്യും.”
ഇപ്പോഴത്തെ കിരീടാവകാശി അധികാരത്തിൽ പിടിമുറുക്കുമ്പോൾ ആശങ്ക വന്നാൽ രാജകുടുംബാംഗങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരു ബഹുമാന്യവ്യക്തിയായിരുന്നു അഹ്‌മദ് രാജകുമാരൻ. എന്നാൽ, സൌദി ഭരണകൂടം അറസ്റ്റിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന പ്രസ്താവനകളൊന്നും ഇതുവരെ നടത്തിയിട്ടില്ല.
“കുടുംബത്തിൽ നിന്ന് വിമർശനങ്ങളും അതിന്റെ ഫലമായി വഴക്കുകളും ഉണ്ടെന്ന് അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും ഉണ്ട്. പക്ഷേ, സുരക്ഷാസേന മുഖം മറച്ച് അവരുടെ സ്വകാര്യ താമസസ്ഥലങ്ങളിൽ കയറിച്ചെന്ന് അവരുടെ മുറികളിൽ നിന്ന് അവരെ ക്രിമിനലുകളെപ്പോലെ അറസ്റ്റു ചെയ്തതിന് ന്യായീകരണങ്ങളൊന്നുമില്ല.” വാഷിങ്‌ടൺ ഡി സിയിലെ അറബ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഖലീൽ ജഷൻ, അൽ ജസീറയോടു പറഞ്ഞു.
കിരീടാവകാശിയുമായി അഹ്‌മദ് രാജകുമാരന് തുടക്കം മുതലേ പ്രശ്നങ്ങളുണ്ടായിരുന്നു. മുഹമ്മദിനോടുള്ള കൂറ് പ്രഖ്യാപിക്കുന്നതിൽ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു.
രണ്ടായിരത്തി പതിനേഴിൽ കിരീടാവകാശിയായി മാറിയ മുഹമ്മദ്, ദാക്ഷിണ്യമില്ലാത്തവനും അതിമോഹിയുമായിട്ടാണ് കണക്കാക്കപ്പെടുന്നത്. തനിക്കെതിരെ ഒരു ശബ്ദവും ഉയർന്നുകാണരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുൻപ് അദ്ദേഹം പല രാജകുടുംബാംഗങ്ങളേയും, കോടീശ്വരന്മാരായ വ്യവസായികളേയും അറസ്റ്റു ചെയ്യിപ്പിച്ചിരുന്നു. അഴിമതിക്കെതിരായി നടത്തിയതെന്നു പറയപ്പെടുന്ന ആ പ്രവൃത്തി സൌദിയിലും വിദേശത്തും കോളിളക്കം സൃഷ്ടിച്ചിരുന്നു.
പ്രമുഖ പത്രപ്രവർത്തകനായ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിലും ഇദ്ദേഹം ഉൾപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ അവകാശത്തിനായി പ്രവർത്തിക്കുന്നവരെയും എതിർത്തിരുന്നു.