വായന സമയം: 3 minutes
ഭോപ്പാല്‍:

രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ ചരിത്രത്തിന് വേദിയായിരിക്കുകയാണ് മധ്യപ്രദേശ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുന്നില്‍ വഴങ്ങിക്കൊണ്ട്, സര്‍ക്കാരിലെ 16 മന്ത്രിമാരാണ് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം രാജിവെച്ചിരിക്കുന്നത്. സിന്ധ്യ അനുകൂലികളായ, ഇടഞ്ഞു നില്‍ക്കുന്ന എംഎല്‍എമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസനത്തിലൂടെ സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുള്ള, മുഖ്യമന്ത്രി കമല്‍നാഥിന്റെ ശ്രമത്തിന്റെ ഭാഗമായാണ് രാജി.

പ്രതിപക്ഷമായ ബിജെപി തങ്ങളുടെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിക്കുന്നു എന്ന് കോണ്‍ഗ്രസ് ആരോപണം നിലനില്‍ക്കെ ഗ്വാളിയോര്‍ എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ അനുകൂലികളായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബംഗളൂരുവിലേക്ക് മാറിയതാണ് മധ്യപ്രദേശ് സര്‍ക്കാരിനു മുന്നില്‍ പുതിയ പ്രതിസന്ധിയായത്. രാജ്യസഭ സീറ്റുകളിലേക്ക് മത്സരം നടക്കാനിരിക്കെയാണ് സിന്ധ്യ അനുകൂലികളുടെ പുതിയ നീക്കം.

ഈ സാഹചര്യത്തില്‍ സിന്ധ്യയുടെ പക്ഷത്തുള്ള എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകി കൊണ്ട് പ്രശ്നം പരിഹരിക്കുക എന്നതാണ് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ മുന്നിലുള്ള വഴി. സിന്ധ്യയെ മധ്യപ്രദേശ് പിസിസി അദ്ധ്യക്ഷനാക്കി പ്രശ്നം പരിഹരിക്കുമെന്നും സൂചനയുണ്ട്. ഈ മാസം 25നാണ് രാജ്യസഭാ എംപിമാരെ തെരഞ്ഞെടുക്കേണ്ടത്. ആ സമയത്ത് എംഎൽഎമാർ സഭയിൽ ഇല്ലെങ്കിൽ ബിജെപിക്ക് വലിയ നേട്ടമുണ്ടാകും.

ബംഗളൂരുവിലേക്ക് മാറിയ പതിനെട്ട് പേരില്‍ അഞ്ച് പേര്‍ മന്ത്രിമാരാണ്. ആരോഗ്യമന്ത്രി തുള്‍സി സിലാവത്, തൊഴില്‍ മന്ത്രി മഹേന്ദ്ര സിങ് സിസോദിയ, ഗതാഗത മന്ത്രി ഗോവിന്ദ് സിങ്, വനിതാ ശിശുക്ഷേമ മന്ത്രി ഇമാര്‍ത്തി ദേവി, വിദ്യാഭ്യാസ മന്ത്രി പ്രഭി ചൗധരി എന്നിവരാണ് ഒപ്പമുള്ളത്.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് രാജി ഫോര്‍മുലയുമായി കമല്‍നാഥ് കളത്തിലിറങ്ങിയത്. എല്ലാ മന്ത്രിമാരും പങ്കെടുത്ത യോഗത്തില്‍ രാജി ആവശ്യപ്പെടുകയായിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യ (screen grab, copyrights: News State)

എന്നാല്‍, സിന്ധ്യ ഇപ്പോഴും നേതൃത്വത്തിന് വഴങ്ങാതെ ഇടഞ്ഞു നില്‍ക്കുകയാണ്. പതിനെട്ട് എംഎല്‍എമാരല്ല, 20 പേരെങ്കിലും ബംഗളൂരുവിലെത്തുമെന്നാണ് സിന്ധ്യ അനുകൂലികള്‍ നല്‍കുന്ന വിവരം. രാജ്യസഭാ സീറ്റും ഒറ്റയടിക്ക് സംസ്ഥാന അദ്ധ്യക്ഷ പദവിയും സിന്ധ്യ നേടുമെന്ന് ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ്. കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു കൊണ്ട് ബിജെപിയും സിന്ധ്യയെ വലവീശിപ്പിടിക്കാന്‍ തക്കം പാര്‍ക്കുന്നു എന്നത് കമല്‍നാഥിന് മറ്റൊരു തലവേദനയാകുന്നു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ വിജയത്തിന് ജ്യോതിരാദിത്യ സിന്ധ്യ പ്രധാന പങ്കു വഹിച്ചിരുന്നെങ്കിലും, 23 എംഎല്‍എമാരുടെ പിന്തുണ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഇതോടെ മുതിര്‍ന്ന നേതാവ് കമല്‍നാഥ് മുഖ്യമന്ത്രിപദം ഏറ്റെടുക്കുകയും സംസ്ഥാന കോണ്‍ഗ്രസില്‍ ആധിപത്യം നിലനിര്‍ത്തുകയും ചെയ്തു.

ജ്യോതിരാദിത്യ സിന്ധ്യയും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും(screen grab, copyrights: India TV)

കമല്‍നാഥും സിന്ധ്യയും തമ്മിലുള്ള ഭിന്നത പലപ്പോഴും മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ കല്ലുകടിയായിരുന്നു. സംസ്ഥാനത്തെ ഗസ്റ്റ് അദ്ധ്യാപകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന് സിന്ധ്യ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എങ്കില്‍ അങ്ങനെ ചെയ്യാന്‍ സിന്ധ്യയെ കമല്‍നാഥ് വെല്ലുവിളിക്കുകയും ചെയ്തു.

കുതിരക്കച്ചവട നീക്കങ്ങള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ കാണാതായ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ് കമല്‍നാഥ് സര്‍ക്കാര്‍ വീണ്ടും വെട്ടിലായത്.

പിടി കൊടുക്കാതെ സിന്ധ്യ

(screen grab, copyrights: The Federal)

സിന്ധ്യയ്ക്കു വേണ്ടി വല നീട്ടിയെറിഞ്ഞ് ബിജെപി കാത്തിരിക്കുമ്പോള്‍ കമല്‍നാഥും സംഘവും പിരിമുറുക്കത്തിലാവുകയാണ്. നേതൃത്വത്തിന് പിടികൊടുക്കാതെ സിന്ധ്യ ഒഴിഞ്ഞു മാറുന്ന അവസ്ഥയാണ് ഇപ്പോള്‍ സംജാതമാകുന്നത്.

സിന്ധ്യയ്ക്ക് പന്നിപ്പനിയാണെന്നാണ് കൂടിക്കാഴ്ച ശ്രമം പാളിപ്പോയതിനു ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പ്രതികരിച്ചത്. മധ്യപ്രദേശിലെ വോട്ടര്‍മാരുടെ തീരുമാനത്തെ അവഹേളിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരില്‍ നിന്ന് തന്നെ ഉചിതമായ മറുപടി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിഗ് വിജയ് സിങ് (Screen grab, copyrights: Deccan Herald)

സിന്ധ്യ അനുകൂലികളായ എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ പാളിയിരിക്കെ ജ്യോതിരാദിത്യയുടെ പ്രതികരണമാണ് ഏവരും ഉറ്റുനോക്കുന്നത്. സിന്ധ്യ രണ്ട് പക്ഷത്തിനും പിടികൊടുക്കാത്ത ഗെയിമാണ് കളിച്ചു കൊണ്ടിരിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത.

അദ്ദേഹത്തിന്റെ വിഭാഗത്തിന് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പിക്കുകയാണ് ഈ ഗെയിമിന്‍റെ ലക്ഷ്യം. രാജ്യസഭാ സീറ്റായിരുന്നു സിന്ധ്യയ്ക്ക് മുന്നില്‍ ബിജെപി വച്ച ആദ്യ ഓഫര്‍. എന്നാല്‍ മധ്യപ്രദേശില്‍ ജയം നേടിയാല്‍ അദ്ദേഹത്തെ കേന്ദ്ര മന്ത്രിയാക്കും. ഇതാണ് അക്കരെയും ഇക്കരെയും നില്‍ക്കാതെയുള്ള സിന്ധ്യയുടെ നിലപാടിനു കാരണം.

ഹരിയാന മോഡല്‍ ഗെയിമുമായി ബിജെപി

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ വീണാല്‍ സര്‍ക്കാരുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം. മധ്യപ്രദേശ് ഗവര്‍ണര്‍ നാളെ ലഖ്‌നൗവില്‍ നിന്ന് ഭോപ്പാലിലെത്തും. ഇതോടെ  സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി, ബിജെപി ഗവര്‍ണറെ സമീപിച്ചേക്കും.

ശിവരാജ് സിങ്ങ് ചൗഹാന്‍ (screen grab, copyrights: Deccan Herald)

ഹരിയാന മോഡല്‍ ഗെയിം പ്ലാന്‍ തന്നെയാണ് ബിജെപി ഇവിടെയും പയറ്റുന്നത്. ബിജെപി നേതാവ് ശിവരാജ് സിങ്ങ് ചൗഹാന്‍ ദിവസങ്ങളായി ഡല്‍ഹിയില്‍ തങ്ങുന്നത് നേരത്തെ തീരുമാനിച്ചിരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ്.  സിന്ധ്യയുമായി അദ്ദേഹം നിരന്തരം ബന്ധപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതിനു സാധിക്കുന്നില്ല എന്നതാണ് ഇതിലെ വൈരുദ്ധ്യം.

ബിജെപി കേന്ദ്ര മന്ത്രി പദമാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. നരേന്ദ്ര മോദി സര്‍ക്കാരില്‍ അദ്ദേഹത്തെ കേന്ദ്ര മന്ത്രിയാക്കാന്‍ അമിത് ഷായ്ക്ക് താല്‍പര്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. പകരം ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രിയാക്കാന്‍ സിന്ധ്യ സഹായിക്കുമെന്ന സാഹചര്യങ്ങളാണ് ഉരുത്തിരിയുന്നത്.

നരേന്ദ്രമോദിയും അമിത്ഷായും (screen grab, copyrights: The Caravan)

പത്ത് എംഎൽഎമാരുള്ള ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയെയും ഏഴു സ്വതന്ത്രരിൽ 6 പേരെയും സ്വന്തം പാളയത്തിലെത്തിച്ചായിരുന്നു ബിജെപി ഹരിയാനയില്‍ ഭരണം ഉറപ്പാക്കിയത്.

വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്ന് പ്രിയങ്കാ ഗാന്ധിയെ നാമനിര്‍ദ്ദേശം ചെയ്യണം എന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ ഒരുവിഭാഗം രംഗത്ത് വന്നിട്ടുണ്ട്. പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് ഇവരുടെ വാദം.

പ്രിയങ്ക ഗാന്ധി (screen grab, copyrights: The Prevalent India)

രാജ്യസഭ തെരഞ്ഞെടുപ്പില്‍ തനിക്കു സീറ്റ് നല്‍കണമെന്നും അത് സാധിച്ചില്ലെങ്കില്‍ പാര്‍ട്ടി മധ്യപ്രദേശ് ഘടകത്തിന്റെ അദ്ധ്യക്ഷനാക്കണമെന്ന തന്റെ നിലപാട് സിന്ധ്യ നേരത്തെ വ്യക്തമാക്കിയതാണ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് രാജ്യസഭ സീറ്റ് ചൊല്ലിയുള്ള പ്രശ്‌നം കോണ്‍ഗ്രസിനെ ഒന്നുകൂടി പ്രതിസന്ധിയിലാക്കുകയാണ്.

Advertisement