ആഗോളതലത്തില്‍ ടെക്നോളജി മേഖലയെ ആപ്പിലാക്കി കൊറോണ വൈറസ്. കമ്പനികള്‍ തങ്ങളുടെ ഫാക്ടറികള്‍ അടച്ചുപൂട്ടുകയും, പ്രധാനപ്പെട്ട സമ്മേളനങ്ങളും ഉച്ചകോടികളും റദ്ദാക്കുകയും, ബിസിനസ് സംബന്ധമായ യാത്രകള്‍ മാറ്റിവയ്ക്കുകയുമാണ്.
സാങ്കേതിക മേഖലയില്‍ അതികായരായ പല കമ്പനികളും വന്‍ പ്രതിസന്ധിയിലാണ് മുന്നോട്ട് പോകുന്നത്.
ഫേസ്ബുക്ക്
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വികസന പ്രവര്‍ത്തനങ്ങളും, കമ്പനി നേരിട്ട പ്രതിസന്ധികളും വിശദീകരിക്കുന്ന എഫ്8 ഡെവലപര്‍ കോണ്‍ഫറന്‍സാണ് ഫേസ്ബുക്ക് കൊറോണ പേടിയില്‍ റദ്ദാക്കിയത്. വര്‍ഷാവര്‍ഷം സിഇഒ, മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഈ കോണ്‍ഫറന്‍സിനു പകരം ഡവലപേര്‍സിനെ പങ്കെടുപ്പിച്ച് കൊണ്ട് പ്രാദേശികമായ ഒത്തു ചേരലും, ഓണ്‍ലൈന്‍ ഇവന്‍റുകളുമാണ് ഇത്തവണ നടത്തുന്നത്.
4,000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് മാര്‍ച്ച് ആദ്യവാരം നടക്കാനിരുന്ന മാര്‍ക്കറ്റിങ്ങ് ഉച്ചകോടി മാറ്റിവച്ചതായി ഫേസ്ബുക്ക് നേരത്തെ തന്നെ അറിയിച്ചിരുന്നു. ജീവനക്കാര്‍ ചൈനയിലോ മറ്റ് രാജ്യങ്ങളിലോ സഞ്ചരിക്കുന്നത് കമ്പനി കര്‍ശനമായി നിരോധിച്ചിരുക്കുകയാണ്.
ലോകാരോഗ്യ സംഘടനയ്ക്കു വേണ്ടി, കോവിഡ് 19 സംബന്ധിച്ച മുന്‍കരുതലുകളും, ലക്ഷണങ്ങളും അടങ്ങുന്ന പരസ്യങ്ങള്‍ സൗജന്യമായി ചെയ്യുന്നതടക്കമുള്ള നടപടികളും ഫേസ്ബുക്കിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്.
കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ, രോഗം സംബന്ധിച്ച് വ്യാജ വാര്‍ത്തകളും, ഫെയ്സ് മാസ്കുകള്‍, വാക്സിനുകള്‍ എന്നിവയെക്കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളും കമ്പനി നിയന്ത്രിച്ചിരുന്നു. “ഇത്തരത്തില്‍ വ്യാജവാര്‍ത്തകളിലൂടെ ജനങ്ങലളെ ഭയപ്പെടുത്തി മൂലധനം സമ്പാധിക്കുന്ന പരസ്യങ്ങളെ ഇനി മുതല്‍ പ്രോത്സാഹിപ്പിക്കില്ല, ലോകാരോഗ്യ സംഘടനയ്ക്കൊപ്പം കോറോണ വ്യാപനത്തെ ചെറുക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കും” എന്നായിരുന്നു ഫേസ്ബുക്ക് വക്താവ് അന്ന് പറഞ്ഞത്.
‘സൗത്ത് ബൈ സൗത്ത് വെസ്റ്റ്’ എന്നറിയപ്പെടുന്ന എസ്എക്സ്എസ്ഡബ്ല്യൂ കോണ്‍ഫറന്‍സില്‍ പങ്കെടുക്കില്ല എന്നത് ഫേസ്ബുക്ക് വെളിപ്പെടുത്തിയിരുന്നു. മാര്‍ച്ച് 13 മുതല്‍ 22 വരെ ടെക്സാസിലെ, ഓസ്റ്റിനില്‍ വച്ചായിരുന്നു സമ്മേളനം നടക്കേണ്ടിയിരുന്നത്.
ഫേസ്ബുക്കിനെ കൂടാതെ, ആമസോണ്‍, ട്വിറ്റര്‍, നെറ്റ്ഫ്ലിക്സ് തുടങ്ങിയ പ്രമുഖ കമ്പനികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. 25,000 പേരായിരുന്നു സമ്മേളനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പിട്ടു നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ എസ്എക്സ്എസ്ഡബ്ല്യൂ മാറ്റിവയ്ക്കുകയായിരുന്നു.
ഫേസ്ബുക്കിന്‍റെ സിയാറ്റിലെ ഓഫീസിലുള്ള ഒരു ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ കര്‍ശന നിര്‍ദ്ദേശങ്ങളുമായി കമ്പനി രംഗത്ത് വന്നിരിക്കുകയാണ്. മാര്‍ച്ച് 9 മുതല്‍ 31 വരെ സിയാറ്റിലുള്ള ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് ഫേസ്ബുക്ക് ആവശ്യപ്പെടുന്നത്. തുടര്‍ന്ന് ഓഫീസ് അടച്ചിടുകയും ചെയ്തിട്ടുണ്ട്. ടാര്‍ഗറ്റ് മുഴുമിപ്പിക്കാന്‍ സാധിക്കില്ലെങ്കിലും മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പഴയപോലെ വേതനം ലഭ്യമാക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.
ജനപ്രിയമായ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റായ ഒക്യുലസ് ക്വസ്റ്റിന്‍റെ നിര്‍മ്മാണത്തിലും വിതരണത്തിനും കാര്യമായ കുറവുണ്ടായിട്ടുണ്ട് എന്നതും ഉപയോക്താക്കളെ വിഷമത്തിലാക്കുന്നുണ്ട്.
ആപ്പിള്‍
കൊറോണ വൈറസിന്‍റെ വ്യാപനം ആപ്പിളിന്‍റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കമ്പനിക്ക് അതിന്‍റെ വരുമാന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സാധിക്കില്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
കൊറോണ വൈറസിന്‍റെ വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തില്‍, ചൈനീസ് ഉപഭോക്താക്കളിൽ നിന്നുള്ള ആവശ്യവും, രാജ്യത്തിനുള്ളിലെ ഉൽപാദന ശേഷിയും കുറഞ്ഞതാണ് ഇതിനു കാരണമെന്നും ഇലക്ട്രോണിക് ഭീമനായ ആമസോണ്‍ വ്യക്തമാക്കിയിരുന്നു. ആപ്പിള്‍ ഉപകരണങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ചൈന. ഐഫോണ്‍ പോലുള്ള ഉപകരണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളും ചൈനയില്‍ നിന്നാണ്.
ചൈനയിലെ 42 സ്റ്റോറുകളും കമ്പനി അടച്ചിരുന്നു. ആപ്പിളിന്‍റെ ഏറ്റവും വലിയ മാര്‍ക്കറ്റായ ഈ പ്രദേശത്ത് കോര്‍പ്പറേറ്റ് ഓഫീസുകളും, കോണ്‍ഡാക്റ്റ് സെന്‍ററുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
ഇറ്റലി, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള യാത്ര പരിമിതപ്പെടുത്തിയെന്നും ഇറ്റലിയിലെ ഒരു റീട്ടെയിൽ സ്റ്റോർ അടച്ചതായും റിപ്പോർട്ടുകളുണ്ട്.
ഗൂഗിള്‍
ചൈന, ഹോങ്കോംഗ്, തായ്‌വാൻ എന്നിവിടങ്ങളിലെ എല്ലാ ഓഫീസുകളും ഗൂഗിള്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. സിയാറ്റിലുള്ള ജീവനക്കാരോട് കുടുംബത്തോടൊപ്പം തിരിച്ചു വരാനും, അടുത്ത പതിനാലു ദിവസത്തേക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുമാണ് കമ്പനി ആവശ്യപ്പെടുന്നത്.
സൂറിച്ചില്‍ ഒരു ജീവനക്കാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചിരുന്നെങ്കിലും, യൂറോപ്പിലുള്ള ഓഫീസുകള്‍ ഗൂഗിള്‍ ഇതുവരെ അടച്ചിട്ടില്ല. എന്നാല്‍, ഏപ്രില്‍ അവസാന വാരം, കാലിഫോര്‍ണിയയിലെ സണ്ണിവേലില്‍ വച്ച് നടക്കാനിരുന്ന ഗൂഗിള്‍ ന്യൂസ് ഇനീഷ്യേറ്റീവ് സമ്മിറ്റ് റദ്ദാക്കിയിരുന്നു.
കഴിഞ്ഞ വർഷം 30,000 പേർ പങ്കെടുത്ത വാർഷിക ക്ലൗഡ് കോൺഫറൻസും മാറ്റിവച്ചിരുന്നു. സാങ്കേതിക മേഖലയില്‍ നിന്നുള്ള പ്രമുഖ കമ്പനികളാണ് ഈ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്. മെയ് 12-14 തീയതികളിൽ കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ നടക്കാനിരുന്ന വാർഷിക ഐ/ഒ ഡവലപ്പർ കോൺഫറൻസും റദ്ദാക്കിയിട്ടുണ്ട്.
എല്ലാ വ്യക്തിഗത തൊഴിൽ അഭിമുഖങ്ങള്‍ പിന്‍വലിക്കുകയും, ന്യൂയോർക്ക് സിറ്റിയിലെയും സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെയും ഓഫീസുകളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.
മൈക്രോസോഫ്റ്റ്
സിയാറ്റിൽ, പുഗെറ്റ് സൗണ്ട് ഏരിയ, സാൻ ഫ്രാൻസിസ്കോ ബേ ഏരിയ എന്നിവിടങ്ങളിലെ എല്ലാ ജീവനക്കാരോടും മാര്‍ച്ച് 25 വരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ മൈക്രോസോഫ്റ്റ് ആഹ്വാനെ ചെയ്തിട്ടുണ്ട്. കാമ്പസ് തൊഴിലാളികൾക്ക് അവരുടെ ജോലിസമയത്തില്‍ കുറവുണ്ടായാലും, പതിവ് വേതനം നൽകുന്നത് തുടരുമെന്ന് കമ്പനി പ്രസിഡന്റ് ബ്രാഡ് സ്മിത്ത് വ്യക്തമാക്കിയിരുന്നു.
വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റവും ഉപരിതല ഉപകരണങ്ങളും ഉൾപ്പെടുന്ന ബിസിനസ്സ് വിഭാഗത്തിലെ വരുമാനം മുന്‍ പ്രവചനങ്ങളെ നിരാശപ്പെടുത്തുമെന്ന് നിക്ഷേപകരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ട്വിറ്റര്‍
എസ്എക്സ്എസ്ഡബ്ല്യൂവില്‍ നിന്ന് പിന്തിരിഞ്ഞുകൊണ്ടുള്ള പ്രഖ്യാപനമായിരുന്നു കൊറോണ വൈറസ് വ്യാപിക്കുന്ന വേളയില്‍ ട്വിറ്റര്‍ നടത്തിയ ഏറ്റവും വലിയ പ്രഖ്യാപനം. പ്രസ്തുത സമ്മേളനത്തില്‍ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി മുഖ്യ പ്രഭാഷണം നടത്തേണ്ടിയിരുന്നതാണ്.
2020 ൽ ആഫ്രിക്കയിൽ ഏതാനും മാസങ്ങൾ ചെലവഴിക്കാനാണ് ഡോർസി ആദ്യം പദ്ധതിയിട്ടിരുന്നത്, എന്നാല്‍ കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ഈ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. സിയാറ്റിലുള്ള ജീവനക്കാരനില്‍ കൊറോണ ലക്ഷണങ്ങല്‍ കണ്ടതിനെത്തുടര്‍ന്ന് ആ മേഖലയിലുള്ള ഓഫീസുകള്‍ അടച്ചിരിക്കുകയാണ്.
മറ്റ് കമ്പനികള്‍ പോലെ തന്നെ ജീവനക്കാരോട് ദൂര യാത്ര ഒഴിവാക്കാനും, വീട്ടിലിരുന്ന് ജോലി ചെയ്യാനും കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആമസോണ്‍
കൊറോണ വൈറസിനെ പ്രതിരോധിക്കാനും, രോഗമുക്തി നേടാനും സഹായിക്കുന്ന, ഏകദേശം ഒരു മില്യണിലധികം വരുന്ന, ഉല്‍പ്പന്നങ്ങള്‍ ആമസോണ്‍ ഉപേക്ഷിച്ചതായി പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സിയാറ്റിലുള്ള ഹെഡ്കോര്‍ട്ടേഴ്സിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് സാര്‍സ് (SARS-CoV-2) രോഗം സ്ഥിരീകരിച്ചതിനാല്‍, ഈ മേഖലയിലെ ജീവനക്കാര്‍ക്ക് മാര്‍ച്ച് അവസാനം വരെ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതി.
ഇവയ്ക്ക് പുറമെ, ഡെല്‍, ടിക് ടോക്ക്, ഫോക്സ്കോണ്‍, എയര്‍ ബിഎന്‍ബി, യൂബര്‍, ലിഫ്റ്റ്, ടെസ്‌ല, ഐബിഎം, സെയില്‍സ് ഫോഴ്സ്, ക്ലൗഡ് ഫ്ലെയര്‍ തുടങ്ങി നിരവധി കമ്പനികളും പ്രതിസന്ധിയിലാണ്.
ബാഴ്സലോണയില്‍ വച്ച് നടക്കേണ്ടിയിരുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്, കാറുകളുടെ മേളയായ ജെനീവ മോട്ടോര്‍ ഷോ, ലാസ് വേഗാസില്‍ നടക്കേണ്ടിയിരുന്ന അഡോബ് സമ്മിറ്റ്, ഗെയിം നിര്‍മ്മാതാക്കളുടെ വാര്‍ഷിക സമ്മേളനം, സാന്‍ ഫ്രാന്‍സിസ്കോയില്‍ നടക്കേണ്ടിയിരുന്ന സൈബര്‍ സെക്യൂരിറ്റി ഐര്‍എസ്എ കോണ്‍ഫറന്‍സ് തുടങ്ങി നിരവധി ഉച്ചകോടികളും, സമ്മേളനങ്ങളുമാണ് റദ്ദു ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ഒരാഴ്ചയായി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയേക്കാൾ കൂടുതൽ ഇറ്റലിയിൽ ആണ്. ഗുരുതരാവസ്ഥയിലായ രോഗികളെ ചികിത്സിക്കുന്നതിനുള്ള അസൌകര്യം ഇറ്റലിയിലെ മരണസംഖ്യ ഇനിയും ഉയരാൻ കാരണമാകുമെന്ന് ഡോക്ടർമാർ നല്‍കുന്ന മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ 113000 പേർക്ക് അണുബാധ സ്ഥിരീകരിച്ചു. ഇതിൽ 3.5% പേരാണ് മരിച്ചത്.