കൊച്ചി:
അന്താരാഷ്ട്ര വനിതാ ദിനത്തിൽ വ്യത്യസ്ഥമായ കവിതാ അവതരണവുമായി കേരളത്തിലെ കവിതയെഴുത്തുകാരികളിൽ ചിലരൊരുമിച്ചു കൂടി. എറണാകുളം ബോട്ട് ജെട്ടി ബസ് സ്റ്റാൻഡിൽ ഒത്തുകൂടിയാണ് ഇവര്‍ തങ്ങളുടെ കവിതയും ചിന്തകളും ജനങ്ങളുമായി പങ്കുവെച്ചത്. വ്യത്യസ്തമായ ഒരു സാമൂഹിക പരീക്ഷണത്തിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും ജനജീവിതത്തെ ബാധിക്കുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ സ്വരൂപിച്ചു കൊണ്ടും അവ ചർച്ച ചെയ്തു കൊണ്ടുമായിരുന്നു തുടക്കം. രേഖകൾക്കപ്പുറമുള്ള മനുഷ്യജീവിതങ്ങൾക്കൊപ്പം നിൽക്കുന്ന കവിത, രേഖപ്പെടുത്തലുകൾക്കപ്പുറമുള്ള സ്ത്രീയുടെ കാവ്യലോകം എന്നിങ്ങനെ വനിതാ ദിനത്തിൽ കവിതയുടെ രാഷ്ട്രീയം ഉറക്കെ പ്രഖ്യാപിക്കുകയാണ് തങ്ങൾ ചെയ്തതെന്ന് പങ്കെടുത്ത കവികൾ അഭിപ്രായപ്പെട്ടു.