Mon. Dec 23rd, 2024
#ദിനസരികള്‍ 1056

 
സാഹിത്യവും സാഹിത്യമീമാംസയും എന്ന അദ്ധ്യായം കവി കവിത സഹിത്യം എന്നിവ എന്താണെന്ന് നിര്‍വചിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. ഇന്ന് നാം മനസ്സിലാക്കിപ്പോരുന്ന അര്‍ത്ഥങ്ങളില്‍ നിന്നും വ്യത്യസ്തമായി എല്ലാത്തരത്തിലുള്ള സാഹിത്യത്തിന്റേയും രചയിതാക്കളെ പൊതുവേ പറയുന്ന പേരായിട്ടാണ് ‘കവി’ പ്രാചീന ഭാരതത്തില്‍ നിലനിന്നുപോന്നത്. അതായത് “കവിത മാത്രമല്ല, നാടകവും കഥയും കാവ്യംതന്നെ.

കുമാരസംഭവം മേഘസന്ദേശം, മുതലായവ കാവ്യങ്ങള്‍ മാത്രമല്ല, സ്വപ്നാ വാസവദത്തം, ശാകുന്തളം തുടങ്ങിയ നാടകങ്ങളും പഞ്ചതന്ത്രം കാദംബരി തുടങ്ങിയ ഗദ്യനിബന്ധങ്ങളും കാവ്യമെന്നാണ് വ്യവഹരിക്കപ്പെട്ടത്” എന്ന ചൂണ്ടിക്കാണിക്കല്‍ കവിയേയും കവികൃത്യത്തേയും എത്ര വിശാലമായിട്ടാണ് അന്നുള്ളവര്‍ കണ്ടിരുന്നതെന്നതിന്റെ നിദര്‍ശനമാണ്. പില്ക്കാലത്ത് “ഭാവപ്രധാനവും വര്‍ണനാത്മകവുമായ സവിശേഷത പുലര്‍ത്തുന്ന കൃതികളാണ് കാവ്യമെന്ന്” നാം കരുതുവാന്‍ തുടങ്ങി.

അത്തരത്തിലുള്ള കവിക്കാകട്ടെ സര്‍വ്വോത്തമസ്ഥാനം നല്കി ആദരിക്കാന്‍ നാം ഒരു കാലത്തും വിമുഖത കാണിച്ചിട്ടില്ല. സര്‍വ്വാദരണീയനായ സ്രഷ്ടാവാണ് കവിയെന്ന് നാം അഭിമാനിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് നാനൃഷി കവി എന്ന് ശതപഥബ്രാഹ്മണം പ്രഖ്യാപിക്കുന്നതിനെ നാം രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചത്.

ഋഷിയാണ് കവി എന്നു പറയുമ്പോള്‍ ആരാണ് ഋഷി എന്നൊരു പ്രധാനപ്പെട്ട ചോദ്യം ഉടലെടുക്കുന്നുണ്ട്. ഈ ചോദ്യത്തിന് ഉത്തരമായി ഭട്ടതൌതതന്‍ പറയുന്നത് “ നാനൃഷി കവിരിത്യുക്തം ഋഷിശ്ച കില ദര്‍ശനാത് ദര്‍ശനാത് വര്‍ണനാശ്ചാഥ രൂഢാ ലോകേ കവിശ്രുതി” എന്നാണ്. കവിയെ വെറുതെ ഋഷിയെന്ന് വിശേഷിപ്പിച്ചാല്‍ പോര, അയാള്‍ക്കൊരു ദര്‍ശനം കൂടിയുണ്ടാകേണ്ടതുണ്ട്. ആ ദര്‍ശനത്തെ മനോഹരമായി അവതരിപ്പിക്കുവാനുള്ള ശേഷി കൂടി കൈവരിച്ചെങ്കിലേ കവി എന്ന പദമുള്‍‍‌ക്കൊള്ളുന്ന കരുത്തിനെ ചെന്നു തൊട്ടുനില്ക്കാന്‍ കഴിയുകയുള്ളു.

ഏതുതരം ദര്‍ശനം, എങ്ങനെയുള്ള ഭാഷ എന്നൊക്കെ കാലികമായി നേടിയെടുക്കുന്ന അറിവുകളുടേയും യുക്തിബോധത്തിന്റേയും അടിസ്ഥാനത്തിലാണ് കവിയില്‍ അടയാളപ്പെട്ടു കിട്ടുന്നത്. അങ്ങനെ സ്വാംശീകരിച്ചെടുക്കുന്ന ജ്ഞാനങ്ങളെ നിര്‍മ്മാണ സാമഗ്രികളായി സ്വീകരിച്ചുകൊണ്ട് പുതിയൊരു സൃഷ്ടിയെ പരുവപ്പെടുത്തിയെടുക്കുവാനുള്ള ശേഷിയുള്ളവനെയാണ് നാം കവി എന്നു വിളിക്കുക. വര്‍ണനാചാതുര്യം രണ്ടാമതേ ആകുന്നുള്ളു ദര്‍ശനമാണ് പ്രഥമം എന്ന് അരവിന്ദന്‍ പറയുന്നതുകൂടി ഇവിടെ ഓര്‍‌ത്തു വെയ്ക്കുക.(Sight is the essential poet’s gift.)

പ്രജ്ഞയില്‍ നിന്നും പ്രതിഭയില്‍ നിന്നും ഉടലെടുക്കുന്ന രണ്ടുവഴികള്‍ വാഗ്ദേവതയ്ക്കുണ്ടെന്ന് ഭട്ടതൌതനെ ഉദ്ധരിച്ച് ഡോ. അച്യുതനുണ്ണി ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രജ്ഞ ശാസ്ത്രത്തിനും പ്രതിഭ സാഹിത്യത്തിലും നിദാനമാകുന്നുവെന്നാണ് അതുകൊണ്ട് കാവ്യകൌതുകകാരന്‍ ഉദ്ദേശിക്കുന്നത്. “സര്‍വ്വദര്‍ശനനും തത്ത്വവിത്തുമായ കവിയാണ് ശാസ്ത്രകാരന്‍; പ്രപഞ്ചത്തില്‍ താന്‍ ദര്‍ശിച്ചതിനെ പ്രതിഭയാല്‍ പ്രകാശമാനമാക്കി വര്‍ണിക്കുന്ന കവി കാവ്യകാരൻ” എന്ന് ഈ ചിന്തയുടെ അടിസ്ഥാനത്തിലാണ് നാം കണ്ടെത്തുന്നത്. (ടി. പുസ്തകം പേജ് 16.)

സാഹിത്യമെന്ന പദം ആദ്യമായി ഉപയോഗിച്ചത് എട്ടാം നൂറ്റാണ്ടിലായിരിക്കണമെന്നാണ് കരുതുന്നത്. കാവ്യാലങ്കാരത്തില്‍ ശബ്ദാര്‍ഥൌ സഹിതൌ കാവ്യം എന്ന പ്രസ്താവനയെ മുന്‍‌നിറുത്തിയാണ് ഈ നിഗമനത്തിലേക്ക് നാം എത്തിച്ചേരുന്നത്. ഭാമഹന്‍ ഏഴാം നൂറ്റാണ്ടിലാണല്ലോ ജീവിച്ചിരുന്നത്. എന്നാല്‍ “രാജശേഖരന്റെ (ക്രി.വ 860 – 930) കാവ്യമീമാംസയിലാണ് സാഹിത്യശബ്ദം ആദ്യമായി പ്രയോഗിച്ചു കാണുന്നത്. “പഞ്ചമീ സാഹിത്യ വിദ്യാ.”

അതിനര്‍ത്ഥം ഭാമഹനോടാണ്, അച്യുതനുണ്ണി പ്രസ്താവിക്കുന്നതുപോലെ, സാഹിത്യമെന്ന പ്രയോഗത്തിന്റെ വേരുകള്‍ തൊട്ടുനില്ക്കുന്നതെങ്കിലും ഇന്നു കാണുന്ന നിയതമായ അര്‍ത്ഥത്തില്‍ പ്രയോഗിച്ചത് രാജശേഖരനാണ്. എന്തായാലും സാഹിത്യമീമാംസയ്ക്ക് ക്രിയാകല്പം, അലങ്കാരം, അലങ്കാരശാസ്ത്രം, കാവ്യലക്ഷ്മ, കാവ്യമിമാംസ, സാഹിത്യം സാഹിത്യവിദ്യ, സാഹിത്യമീമാംസ എന്നിങ്ങനെ വിവിധങ്ങളായ പേരുകളുണ്ടെന്നും അവയില്‍ ക്രിയാകല്പം എന്നതാണ് പ്രാചീനമായിട്ടുള്ളതെന്നും ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നു.

ഏഴാം നൂറ്റാണ്ടായപ്പോഴേക്കും സ്വന്തം കാലില്‍ നിലയുറപ്പിക്കാന്‍ കഴിഞ്ഞ സാഹിത്യചിന്തക്ക് പതിനൊന്നാം നൂറ്റാണ്ടാകുമ്പോഴേക്കും അലങ്കാരസിദ്ധാന്തം, രീതി സിദ്ധാന്തം, ധ്വനി സിദ്ധാന്തം, രസസിദ്ധാന്തം, അനുമാനസിദ്ധാന്തം, വക്രോക്തി സിദ്ധാന്തം, ഔചിത്യസിദ്ധാന്തം എന്നിങ്ങനെ പ്രസിദ്ധമായ ചിന്താപദ്ധതികളുണ്ടായി. അതാത് സരണികളെ പരിപോഷിപ്പിക്കാനുള്ള രാജവീഥികളുണ്ടായി. ഭാഷയേയും അതിന്റെ സാഹിത്യപരമായ പ്രയോഗത്തേയും കുറിച്ച് എക്കാലത്തും നിലനില്ക്കുന്ന തരത്തിലും തലത്തിലുമുള്ള സൈദ്ധാന്തിക സംവാദങ്ങള്‍ക്ക് ഭാരതം സാക്ഷ്യം വഹിച്ചു.

ക്രി.വ ശതകം വരെയുള്ള ഉദയദശയും ഏഴുമുതല്‍ ഒമ്പതു വരെയുള്ള ഭാമഹന്റേയും ആനന്ദവര്‍ദ്ധനന്റേയും കാലമായ വികാസദശയും ഒമ്പതുമുതല്‍ പതിനൊന്ന് വരെ അഭിനവഗുപ്തനും ക്ഷേമേന്ദ്രനുമടങ്ങുന്ന പരിപോഷ ദശയും പിന്നീട് പതിനെട്ട് – പത്തൊമ്പത് ദശകങ്ങള്‍ വരെയുള്ള സമന്വയ ദശയും ഭാരതീയ സൌന്ദര്യ ചിന്തയ്ക്കുണ്ടായിരുന്നതായി അച്യുതനുണ്ണി പറയുന്നു. ഈ വിഭജനം എത്രകണ്ട് ഗുണകരമാകുമെന്ന സംശയം നമുക്കുണ്ടാകാമെങ്കിലും സാഹിത്യ ചിന്ത ഇന്നു കാണുന്ന പ്രൌഡോജ്ജ്വലമായ നിരവധി തലങ്ങള്‍ കടന്ന് ഇന്നു എത്തിപ്പെട്ടതെങ്ങനെയെന്ന് മനസ്സിലാക്കാന്‍ ഈ വിഭജനം പ്രയോജനപ്പെട്ടേക്കാം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.