Mon. Dec 23rd, 2024

ബ്രിട്ടീഷ് സാമ്ര്യാജ്യത്തിന്‍റെ ഒസ്യത്തില്‍ നിന്ന് നാം ഏറ്റുവാങ്ങിയ കൊളോണിയലിസത്തിന്‍റെ ശേഷിപ്പുകള്‍ ഉപേക്ഷിക്കാതെ, വിഭജിച്ച് ഭരിക്കുക എന്ന നയം സ്വാതന്ത്ര്യം നേടി ഏഴ് ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും, ജനാധിപത്യമെന്ന് വിശേഷണമുള്ള നമ്മുടെ ഭരണകൂടം നടപ്പിലാക്കുന്നു. അതുകൊണ്ട് തന്നെ, ദേശ സ്വാതന്ത്ര്യത്തിലധിഷ്ടിതമായ ഒരു വിലയിരുത്തല്‍ വരുമ്പോള്‍ നമ്മുടെ വ്യവസ്ഥയില്‍ എവിടെ നോക്കിയാലും വൈരുദ്ധ്യങ്ങളുടെ ആധിക്യമാണ് കാണാന്‍ സാധിക്കുന്നത്.

ദേശീയപ്രസ്ഥാനത്തിന്‍റെ വേരുകള്‍ തന്നെ പൗരാവകാശത്തിലായിരുന്നു, എന്നാല്‍ ഇന്ന് പൗരന്‍റെ അസ്ഥിത്വത്തിന്‍റെ തനിമയും അന്തസ്സും തന്നെ ചോദ്യം ചെയ്യപ്പെടുന്നു. രാഷ്ട്രത്തെ ചോദ്യം ചെയ്യാനുള്ള അവകാശമായിരുന്നു മറ്റൊന്ന്, അതും പൗരനില്‍ നിന്ന് അപഹരിച്ചു കഴിഞ്ഞു.

ദേശീയതയുടെ പേരില്‍ രാഷ്ട്രത്തിന്‍റെ അസ്ഥിത്വം ചര്‍ച്ചാ വിധേയമാക്കാന്‍ പാടില്ല എന്നത് കൊളോണിയലിസത്തിലേക്കുള്ള തിരിച്ചു പോക്കാണ്. ജനാധിപത്യ രാഷ്ട്രത്തിന്‍റെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ക്കു സംഭവിച്ച ശോഷണത്തിന്‍റെ പരിണിത ഫലമാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതുമുതല്‍ രാജ്യത്ത് നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം മൂലകാരണം, ഭരണകൂടത്തിന്‍രെ ഫാസിസ്റ്റ് നയങ്ങള്‍ തന്നെയെന്നതില്‍ സംശയമില്ല. ഒന്നിച്ച് ഭരിക്കുക എന്നത് ലോപിച്ച് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന അജണ്ടയിലൂന്നി മതത്തിന്‍റെ പേരില്‍ ഇന്ത്യയെ വീണ്ടും വിഘടിക്കുക എന്നതാണ് ഈ നയത്തിന്‍റെ കാതല്‍.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സാഹചര്യത്തില്‍ കാശ്മീരില്‍ കാവല്‍ നില്‍ക്കുന്ന സുരക്ഷാ ഭടന്മാര്‍

പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമര്‍ത്തി, മതേതരത്വ മൂല്യങ്ങള്‍ ഇല്ലാതാക്കി, ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിഘാതമേല്‍പ്പിക്കുന്ന നടപടികള്‍ക്കാണ് നാം ദിനം പ്രതി സാക്ഷികളാകുന്നത്. നീതിന്യായ കോടതികളും സുരക്ഷാ സംവിധാനങ്ങളും, കേന്ദ്രം ചരടു വലിക്കുന്ന വെറും പാവകളാകുമ്പോള്‍ ജനാധിപത്യ രാഷ്ട്രമെന്ന് ഇന്ത്യയുടെ ഖ്യാതിയാണ് മങ്ങുന്നത്. ജനത്തിനുമേലുള്ള ആധിപത്യം ഒരിക്കലും ജനാധിപത്യമാകുന്നില്ലല്ലോ?

ഹിന്ദുത്വ നയങ്ങള്‍ ഒന്നിനു പുറകെ ഒന്നായി നടപ്പിലാകുമ്പോള്‍

2019ല്‍ പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പുല്‍വാമയും ബാലകോട്ടും തിരഞ്ഞെടുപ്പ് ചര്‍ച്ചയുടെ മുഖ്യധാരയിലെത്തിച്ച ബിജെപി, പൗരത്വ ബില്‍ അടക്കമുള്ള ഹിന്ദത്വ നയങ്ങള്‍ ബോധപൂര്‍വ്വം മറച്ച് വയ്ക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് പൗരത്വ ബില്ല് ആദ്യം ലോക്സഭ പാസാക്കുന്നത്. അന്ന് എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമില്ലാത്തതുകൊണ്ട് രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കാതെ ലാപ്സാക്കുകയായിരുന്നു.

എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ ലോക്സഭയിലും, ഇപ്പോള്‍ ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിലും ബില്ല് പാസാക്കിയെടുത്തു. അതോടെ പൗരത്വ ഭേദഗതി ബില്‍ നിയമവുമായി. രാഷ്ട്രീയ കക്ഷികള്‍ നിയമനിര്‍മ്മാണ സഭകള്‍ക്ക് പുറത്ത് സിഎഎയ്ക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും, എന്നാല്‍ സഭയില്‍ പരാജയപ്പെടുകയും ചെയ്തപ്പോള്‍, രക്തം തിളച്ച യുവത പ്രതികരിച്ചു, ആ പ്രതിഷേധങ്ങള്‍ തെരുവിലേക്കിറങ്ങിയപ്പോള്‍ രാജ്യം കണ്ടത് ഫാസിസ്റ്റ് ഭരണത്തിനെതിരെയുള്ള കലാപകലുഷിതമായ പോരാട്ടമായിരുന്നു.

നരേന്ദ്ര മോദി

പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമ്പോള്‍, കുടിയേറ്റക്കാരെ ആരെയും സ്വീകരിക്കാനാവില്ലെന്നായിരുന്നു അവരുടെ വാദം. കുടിയേറ്റക്കാര്‍ക്ക് പൗരത്വം കിട്ടിയാല്‍ സ്വതമേ ദുര്‍ബ്ബലമായ തങ്ങളുടെ സ്വത്വവും ഗോത്ര പാരമ്പര്യവും തകരുമെന്നതായിരുന്നു ഇതിനു പിന്നിലെ ആശങ്ക.

രാഷ്ട്രീയ സാഹചര്യം ഇങ്ങനെയായിരിക്കെയാണ് ജാമിയ മിലിയയിലും, അലിഖഢ് സര്‍വ്വകലാശാലയിലും പ്രതിഷേധമുണ്ടായത്. ജാമിയയില്‍ കണ്ട പോലീസ് നടപടിക്കു പിന്നാലെ രാജ്യത്ത് വിവിധ കോണുകളിലും കലാലയങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

വടക്കു കിഴക്ക് മുതല്‍ മുംബൈ, അഹമ്മദാബാദ് വരെയും, കശ്മീര്‍ മുതല്‍ കേരളം വരെയും മുപ്പത്തി അഞ്ചിലേറെ സര്‍വ്വകലാശാലകളിലാണ് അത് പ്രതിഫലിച്ചത്. ക്യാമ്പസ് വിട്ട് യുവത്വം പുറത്തിറങ്ങിയത് മതാടിസ്ഥാനത്തിലോ രാഷ്ട്രീയ പാര്‍ട്ടികളുടെ ബാനറുകളിലോ ആയിരുന്നില്ല. അവര്‍ മഹാത്മാഗാന്ധിയുടെ, അംബേദ്കറുടെയും ചിത്രങ്ങലാണ് ഉയര്‍ത്തിയത്. ദേശീയ പതാകയും, ഭരണഘടനയുമാണ് കൈയ്യിലേന്തിയത്.

സിഎഎയ്ക്കെതിരെ ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകാലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മതേതരത്വം പ്രതിഷേധങ്ങളില്‍ നിറഞ്ഞ് നിന്ന നാളുകളായിരുന്നു അവ. എന്നാല്‍, മുസ്ലീങ്ങളെ പ്രതിക്കൂട്ടിലാക്കാനായിരുന്നു ഭരണകൂടത്തിന്‍റെ നീക്കം. അക്രമം നടത്തുന്നവരുടെ വസ്ത്രധാരണം കണ്ടാല്‍ തിരിച്ചറിയുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് ഷര്‍ട്ടൂരിയായിരുന്നു വിദ്യാര്‍ത്ഥികള്‍ മറുപടി പറഞ്ഞത്. ചിന്തിക്കുന്നവരെ അര്‍ബന്‍ നക്സലുകളാക്കിയും ദളിതരെയും ഗോത്രവര്‍ഗക്കാരെയും മാവോയിസ്റ്റുകളാക്കിയും ബിജെപി പൊള്ളത്തരങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

വിദ്വേഷ പ്രസംഗങ്ങളും രാജ്യദ്രോഹകുറ്റങ്ങളും

രാജ്യത്ത് നടക്കുന്ന അനീതിക്കും അക്രമങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുന്നവരെ വേരോടെ പിഴുതെറിയുക എന്നതാണ് സംഘപരിവാര്‍ ഉയര്‍ത്തുന്ന പുതിയ നയം. രാജ്യത്ത് അങ്ങോളമിങ്ങോളം നടന്ന പൗരത്വ പ്രതിഷേധങ്ങളില്‍ മുഴങ്ങിക്കേട്ട ചെറുത്തു നില്‍പ്പിന്‍റെ ആഹ്വാനങ്ങളെ വിദ്വേഷ പ്രസംഗങ്ങളായി ചിത്രീകരിക്കുകയും രാജ്യദ്രോഹ കുറ്റമായി ചാപ്പകുത്തുകയും ചെയ്ത് ഭരണസംവിധാനങ്ങളെ തന്നെ വികൃതമാക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്.

നിയമം മൂലം സ്ഥാപിതമായ ഗവണ്‍മെന്‍റിനോടുള്ള “മമതക്കുറവ്”, ഇതാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍  നിഷ്കര്‍ഷിച്ചിട്ടുള്ള 124 എ വകുപ്പ് പ്രകാരം രാജ്യദ്രോഹക്കുറ്റമാകുന്നത്.

ഭിന്നിപ്പിന്‍റെ വിത്തു പാകുന്ന ഭരണത്തോട് മമത തോന്നുമോ? ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വം എന്ന ആശയത്തെ വ്രണപ്പെടുത്തുന്നവരോട് സൗഹാര്‍ദ്ദ മനോഭാവം വച്ചു പുലര്‍ത്താനാവുമോ? സമാധാനത്തിന്‍റെ പാതയില്‍ സമരപരിപാടികള്‍ ചെയ്യുന്നവരെ നാടകീയമായി അറസ്റ്റ് ചെയ്ത് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മര്‍ദ്ദിക്കുന്ന നടപടിയോട് അനുകൂലിക്കാനാകുമോ?

കഫീല്‍ ഖാനും, ഷര്‍ജീല്‍ ഇമാമും, ഇസ്രത്ത് ജഹാനും, ഖാലിദ് സെയ്ഫിയും തുടങ്ങി നിരവധി പേരാണ് പൗരത്വ പ്രക്ഷോഭ വേദികളിലെ പ്രസംഗത്തിന് അറസ്റ്റിലാവുകയും രാജ്യദ്രോഹി എന്ന സംഘപരിവാറിന്‍റെ പുതിയ നാമദേയത്തിന് പാത്രമാവുകയും ചെയ്തത്.

ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, 2017 ഓഗസ്റ്റില്‍  ശിശുമരണങ്ങള്‍ ഉണ്ടായപ്പോള്‍ സ്വന്തം പോക്കറ്റില്‍ നിന്ന് കാശു മുടക്കി, ഓക്സിജന്‍ സിലിണ്ടര്‍ എത്തിക്കുകയും, കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍. അന്ന് ചെയ്യാത്ത കുറ്റത്തിന് ജയില്‍ വാസം കഴിഞ്ഞ് ക്ലീന്‍ ചിറ്റെഴുതികൊടുത്ത് യോഗിയും പോലീസും അദ്ദേഹത്തെ പുറത്തു വിട്ടപ്പോള്‍, അടുത്ത കുരുക്ക് മെനഞ്ഞ് വച്ചിരുന്നു.

കഫീല്‍ ഖാന്‍

അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധ പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരില്‍ ജനുവരി 29 ന് കഫീല്‍ ഖാന്‍ വീണ്ടും അറസ്റ്റിലായി. മഥുര ജില്ലാ ജയിലില്‍ പ്രവേശിപ്പിച്ച കഫീല്‍ ഖാന് അലിഗഢ് കോടതി ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹത്തെ പുറത്തുവിടാതെ, യുപി പൊലീസ് ദേശസുരക്ഷാ നിയമം ചുമത്തുകയായിരുന്നു.

ജാമ്യം നേടിയ ശേഷം എന്‍എസ്എ ചുമത്താന്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കെയാണ് യുപി പൊലീസിന്‍റെ നടപടിയെന്നത് കാക്കിക്കുള്ളിലെ കാവി രാഷ്ട്രീയത്തിന്‍റെ സ്വാധീനമാണ് ചൂണ്ടിക്കാട്ടുന്നത്.

കാവിയെ വിമര്‍ശിക്കുന്ന മുസ്ലീം പേരുകള്‍ ഇത്തരത്തില്‍ എഫ്ഐആറില്‍ ഇടം പിടിക്കുന്നത് തുടര്‍ക്കഥകളാവുകയായിരുന്നു. നാം പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിനെ ഓര്‍ക്കേണ്ടത് ഇവിടെയാണ്.

ഷര്‍ജീല്‍ ഇമാം

അഞ്ച് സംസ്ഥാനങ്ങളായിരുന്നു ഷര്‍ജീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പൗരത്വ പ്രക്ഷോഭത്തിനിടെ ഡല്‍ഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ വച്ചും, ഉത്തര്‍പ്രദേശിലെ അലിഗഢ് മുസ്ലിം സർവകലാശാലയില്‍ വച്ച്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഷർജിൽ ഇമാം പ്രസംഗിച്ചു എന്നായിരുന്നു കേസ്.

ഡൽഹി ക്രൈം ബ്രാഞ്ച് ഷര്‍ജീലിനെ പിടികൂടാന്‍ അഞ്ചു സംഘങ്ങളായി തിരിഞ്ഞ് മുംബൈ, പട്ന എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് സമയോജിത ഇടപെടല്‍ നടത്തി എന്ന വസ്തുത കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ പോലീസ് നടത്തിയ ഇടപെടലുമായി ചേര്‍ത്ത് വായിക്കണം.

ഡല്‍ഹിയില്‍ നരാധമന്മാര്‍ കല്ലെറിഞ്ഞും, വെടിയുതിര്‍ത്തും, തീവച്ചും വംശവെറി തീര്‍ക്കുമ്പോള്‍, സമാധാനപൂര്‍വ്വം ഖുറേജി ഖാസ് ജില്ലയിൽ സമരം നയിച്ചവര്‍ക്ക് നേരെയുണ്ടായ നടപടി തീര്‍ത്തും അപലപനീയമായിരുന്നു. ഡല്‍ഹി കത്തുമ്പോള്‍, ഫെബ്രുവരി 26ാം തീയ്യതിയായിരുന്നു ഖുറേജി ഖാസിലെ ഇരുപ്പ് സമരത്തിന് നേതൃത്വം നല്‍കിയ അഭിഭാഷകയും മുൻ മുൻസിപ്പൽ കൗൺസിലറുമായ ഇശ്രത് ജഹാനെയും യുണൈറ്റഡ് എഗൈൻസ്റ് ഹേറ്റ് എന്ന സംഘടനയുടെ സ്ഥാപകൻ ഖാലിദ് സെയ്‌ഫിയെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്.

ഇശ്രത് ജഹാന്‍

അവർ നടത്തി വന്ന സമരം പൂർണമായും അടിച്ച് നശിപ്പിച്ച ശേഷമായിരുന്നു കസ്റ്റഡി നടപടികള്‍. നീതി നടപ്പാക്കാനുള്ള ഡല്‍ഹി പോലീസിന്‍റെ ത്വര വ്യക്തമാകുന്നത് ഇവിടെയാണ്. അന്ന് രാത്രി പത്ത് മണിക്ക് തന്നെ അവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

എന്നാൽ അറസ്റ്റ് ചെയ്ത സമയത്ത് പൂർണ ആരോഗ്യവാന്മാരായിരുന്ന ഖാലിദിനെയും, ഇശ്രത്തിനെയും കോടതിയിൽ എത്തിച്ചപ്പോഴേക്കും നിരവധി പരിക്കുകൾ ഉണ്ടായിരുന്നുവെന്ന ആരോപണവുമായി ബന്ധുക്കളും രംഗത്ത് വന്നിരുന്നു.

ഖാലിദ് സെയ്‌ഫി

ഡല്‍ഹി കലാപത്തില്‍ സുപ്രിംകോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഹരജി നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിനെയും കാവിപ്പട വെറുതെ വിട്ടില്ല. സുപ്രിംകോടതിക്കും ജഡ്ജിമാര്‍ക്കുമെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ഇദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്നായിരുന്നു ഡല്‍ഹി പോലീസിന്‍റെ ആവശ്യം.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ ആക്രമണങ്ങള്‍ക്കു കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍ ഹരജി നല്‍കിയ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെ ഡല്‍ഹി പോലീസ് സത്യവാങ്മൂലം നല്‍കുകയായിരുന്നു. 

ഹര്‍ഷ് മന്ദര്‍

ഹര്‍ഷ് മന്ദര്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് കണ്ടെന്നും അതില്‍ അക്രമത്തിന് പ്രേരണ നല്‍കുക മാത്രമല്ല, പരമോന്നത കോടിതയെ അവഹേളിക്കുകയും ചെയ്യുന്നതായാണ് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സുപ്രിംകോടതിക്കെതിരേ വലിയ ജനക്കൂട്ടത്തിനു മുന്നിലാണ് അപഹാസ്യമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്നുമാണ് ഡല്‍ഹി പോലിസിന്റെ ലീഗല്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ദിയോ സമര്‍പ്പിച്ച ആറ് പേജുള്ള സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ വിദ്വേഷ പ്രസംഗം നടത്തുകയും, സമാധാനപരമായി സമരം നയിക്കുന്ന ജനങ്ങളെ പ്രകോപിപ്പിച്ച് രാജ്യ തലസ്ഥാനം കലാപഭൂമിയാക്കുകയും ചെയ്തവര്‍ ഇന്നെവിടെ. അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങാനാണ് കാത്തിരിക്കുന്നതെന്നും ഷാഹീന്‍ ബാഗിലെ പ്രതിഷേധം മൂന്നു ദിവസം കൊണ്ട് അവസാനിപ്പിക്കുമെന്നും ഗര്‍വ്വോടെ പറഞ്ഞ്, കലാപത്തിന് തിരികൊളുത്തുകയും, ഗ്യാലറിയിലിരുന്നു കളി കാണുകയും ചെയ്ത കപില്‍ മിശ്രയെ ഇനി ഒന്നു പറഞ്ഞു കൂടാ. ഡല്‍ഹി പോലീസോ, ഐടിബിപിയോ, സിആര്‍പിഎഫോ ഉണ്ട് ആ മഹാനുഭാവന് ചുറ്റും.

കപില്‍ മിശ്ര

മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയാണ് പ്രചരിപ്പിക്കുന്നതെന്നും, താന്‍ കൊലവിളി നടത്തിയിട്ടില്ലെന്നും പറ‍ഞ്ഞ് ഒഴിഞ്ഞപ്പോള്‍ പോലീസിനും നീതിന്യായ വ്യവസ്ഥയ്ക്കും വ്യക്തമായി മന്ത്രി പുംഗവന്‍ നടത്തിയ പ്രസംഗത്തില്‍ ഒരു തരി വിവാദം പോലുമില്ലെന്ന്.

രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണം എന്ന് പൊതു വേദിയില്‍ മുഴങ്ങിക്കേട്ടത് തന്‍റേതിനോട് സാമ്യമുള്ള മറ്റാരുടേയോ ശബ്ദമാണെന്ന ലാഘവത്തോടെ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ കോലാഹലം കണ്ട് അനങ്ങാതിരിക്കുന്നുണ്ട് അനുരാഗ് ഠാക്കൂര്‍ എന്ന കേന്ദ്ര മന്ത്രി.

അനുരാഗ് ഠാക്കൂര്‍
പ്രതിഷേധങ്ങള്‍ക്ക് നേരെ തോക്കു ചൂണ്ടി ഭീഷണി

മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തില്‍, ജാമിയ മിലിയയിലെ പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ 17 വയസ്സുകാരന്‍ വെടിയുതിര്‍ത്തത് ഏഴ് ദശാബ്ദങ്ങള്‍ക്ക് മുമ്പ് നടന്ന് സംഭവം ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.

സുരക്ഷാ ഭടന്മാരെന്ന് വിളിക്കുന്ന പോലീസ് നോക്കി നില്‍ക്കെയാണ് പുതുതലമുറയിലെ ഗോഡിസെ വെടിയുതിര്‍ത്തത് എന്നതാണ് വൈരുദ്ധ്യം. തോക്കും വടിവാളുമേന്തി യജമാനന്മാരുടെ ആജ്ഞയ്ക്ക് കാതോർത്തു നിൽക്കുന്ന ഒരു ഗുണ്ടാപ്പട അണിയറയിൽ സജ്ജമാണ്. “ഞാൻ തരാം സ്വാതന്ത്ര്യം” എന്നലറി, ജയ് ശ്രീറാം എന്ന് ആക്രോശിച്ച് എഴുപത്തിരണ്ടു വർഷങ്ങൾക്കു ശേഷം ഗോഡ്സെയുടെ പ്രേതം ജാമിയാ നഗറിൽ തോക്കുമായി ഇറങ്ങിയതായിരുന്നു അത്.

ജാമിയയില്‍ പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന യുവാവ്

അതേസമയം സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമിയെ ആദരിക്കുകയായിരുന്നു ഹിന്ദു മഹാസഭ. ഗോഡ്സേയെ പോലെ യഥാര്‍ത്ഥ രാജ്യസ്നേഹിയാണ് ഇന്നലെ പ്രതിഷേധകര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് പറയുമ്പോള്‍ ചവിട്ടി നില്‍ക്കുന്ന മണ്ണില്‍ മഹാത്മാവിന്‍റെ വിയര്‍പ്പുണ്ടെന്നവര്‍ ഓര്‍ത്തില്ല.

ഷാഹീന്‍ ബാഗില്‍ വെടിയുതിര്‍ത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

ഷഹീൻബാഗിൽ പ്രതിഷേധം നടത്തുന്നവർക്കെതിരെ വെടിയുതിർത്ത അക്രമി ആം ആദ്മി പാർട്ടി പ്രവർത്തകനെന്നായിരുന്നു പോലീസ് നിഗമനം. സ്ത്രീകളും കുട്ടികളും സമരം നടത്തുന്ന പന്തലിലേക്കാണ് ആ നരാധമന്‍ തോക്കുമായി കയറി വന്നത്. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പോലീസ് നിന്നിരുന്ന ഭാഗത്ത് നിന്നാണ് അക്രമി വന്നതെന്നും ഇയാളെ തടഞ്ഞില്ലെന്നും ദൃക്‌സാക്ഷികള്‍ ആരോപിക്കുമ്പോള്‍ നേരത്തെ എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റ് അവിടെയും കാണാം.

രാത്രിക്ക് രാത്രി സ്ഥലം മാറ്റങ്ങള്‍

ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കുവാന്‍ ബാധ്യസ്ഥരായ പോലീസും മറ്റു അധികാരകേന്ദ്രങ്ങളും നോക്കുകുത്തികളാകുകയും സംഘപരിവാരം അഴിഞ്ഞാടുകയും മുസ്ലിം മതകേന്ദ്രങ്ങളും ജീവനോപാധികളും വ്യാപകമായി തകര്‍ക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ ജസ്റ്റീസ് മുരളിധര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസക്തമായിരുന്നു.

ജസ്റ്റിസ് എസ് മുരളീധര്‍

“എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ എങ്ങനെയാണ് തുടര്‍ നടപടികള്‍ എടുക്കുക? രാഷ്ട്രീയ നേതാക്കള്‍‌ക്കെതിരെ കേസെടുക്കാന്‍ അമാന്തിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമായിരിക്കും നല്കുക. കേസ്സെടുക്കാൻ സമയമായിട്ടില്ലെന്നാണ് നിങ്ങളുടെ വാദം. ഇനി എപ്പോഴാണ് ആ സമയം? എത്ര പേര്‍ കൂടി മരിക്കണം? എത്ര നാശനഷ്ടങ്ങള്‍ കൂടി സഹിക്കണം? ഈ നഗരം മുഴുവന്‍ കത്തിയെരിയുന്നത് കാണുന്നില്ലേ? പൊതുമുതലുകള്‍ നശിപ്പിച്ചതിന് കേസെടുക്കാന്‍ വലിയ ഉത്സാഹമാണല്ലോ”? ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് എസ് മുരളീധറിന്‍രെ വാക്കുകളായിരുന്നു ഇവ.

അദ്ദേഹത്തിന്‍റെ സ്ഥലം മാറ്റം സംബന്ധിച്ച് നേരത്തെ തീരുമാനമുണ്ടായിരുന്നു എങ്കിലും, രാത്രിക്ക് രാത്രി വിജ്ഞാപനമിറക്കി, നിശബ്ദമാക്കുന്ന നടപടിയായിരുന്നു ഭരണകൂടം ചെയ്തത്. നീതി ന്യായ വ്യവസ്ഥയിലുള്ള ഭരണകൂടത്തിന്‍റെ അനിയന്ത്രിത ഇടപെടലുകള്‍ വെളിപ്പെടുത്താന്‍ മറ്റെന്ത് തെളിവുകള്‍ വേണം.

ജസ്റ്റിസ് മുരളീധറിന് ബാര്‍ അസോസിയേഷന്‍ നല്‍കിയ യാത്രയയപ്പില്‍ നിന്ന്

ഡല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അദ്ദേഹത്തിന് വേണ്ടി സംഘടിപ്പിച്ച പ്രൗഢഗംഭീര യാത്രയയപ്പ് തന്നെ പറയും, ജസ്റ്റിസ് മുരളീധര്‍ ആരായിരുന്നു എന്ന്. ‘‘യുവർ ലോർഡ്‌ഷിപ്പ്‌ ഞങ്ങൾക്ക്‌ എല്ലാവർക്കും വലിയ പ്രചോദനവും ആവേശവുമാണ്‌. താങ്കൾ ഞങ്ങൾക്ക്‌ മാതൃകയാണ്‌. താങ്കളുടെ നിലവാരത്തിലേക്ക്‌ ഞങ്ങൾക്ക്‌ ഉയരാൻ കഴിയുമോയെന്നത്‌ സംശയമാണ്‌. എന്നാലും, ഞങ്ങൾ അതിനുവേണ്ടി തീർച്ചയായും പരിശ്രമിക്കും’’എന്നാണ്‌ ഡൽഹി കോടതിയിൽ അവസാന വിധിന്യായം പറഞ്ഞ്‌ എഴുന്നേറ്റ ജസ്‌റ്റിസ്‌ എസ്‌ മുരളീധരനോട്‌ യുവ അഭിഭാഷകൻ പറഞ്ഞത്‌.

അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ ജഡ്ജി ബിഎച്ച് ലോയ നമുക്ക് കാട്ടി തന്നതാണ് സംഘപരിവാരങ്ങളെ തൊട്ടാല്‍ എന്ത് സംഭവിക്കും എന്നത്.

ഫാസിസം വാഴുന്ന പാര്‍ലമെന്‍റും, സസ്പെന്‍ഷനുകളും

ഡല്‍ഹി കലാപം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ നടന്നത് തെരുവിനെ വെല്ലുന്ന പിടിവാദങ്ങളായിരുന്നു. വനിതാ എംപിമാര്‍ തമ്മിലാണ് ഉന്തുംതള്ളുമുണ്ടായത്. ഡല്‍ഹി കലാപം ഹോളിക്ക് ശേഷം 11-ാം തീയതി ലോക്സഭയിൽ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും പ്രതിപക്ഷം ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങിയതിന് പിന്നാലെയാണ് കയ്യേറ്റം ഉണ്ടായത്.

 

സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ബിജെപി എംപിമാര്‍ പ്രതിപക്ഷാംഗങ്ങളെ തടയുകയായിരുന്നു. പ്രതിഷേധത്തിനിടെ രമ്യാ ഹരിദാസ് എംപിയെ ഉൾപ്പെടെ ബിജെപി എംപിമാര്‍ തടയുകയും ഉന്തുംതള്ളുമുണ്ടാവുകയും ചെയ്തു. ഇതിനിടയില്‍ പ്രതിപക്ഷാംഗങ്ങള്‍ ധനമന്ത്രി അവതരിപ്പിച്ച ബാങ്കിങ് റഗുലേഷന്‍ ബില്‍ വലിച്ചുകീറിയെറിഞ്ഞു. ലോക്സഭ സെക്രട്ടറി ജനറലിന്‍റെ ഇരിപ്പിടത്തിനടുത്തുള്ള ഗേറ്റ് അടിച്ചു തകർക്കാൻ ടി എൻ പ്രതാപൻ ശ്രമിച്ചതും സംഘർഷത്തിനിടയാക്കി.

ജനാധിപത്യരീതിയിലല്ല പാര്‍ലമെന്റ് മുന്നോട്ട് പോവുന്നത്. സഭയില്‍ മുദ്രാവാക്യം വിളിക്കാന്‍ പറ്റുന്നില്ലെന്നും രമ്യാ ഹരിദാസ് പ്രതികരിക്കുകയുണ്ടായി. കേരളത്തിലെ നാലുപേരടക്കം ഏഴു കോൺഗ്രസ് എംപിമാരെ ലോക്സഭയിൽനിന്ന് സസ്പെൻഡ് ചെയ്തത്. ഇതിനെതിരെ കറുത്ത ബാഡ്ജ് അണിഞ്ഞ് കോൺഗ്രസ് എംപിമാര്‍ ലോക്സഭയ്ക്ക് മുന്നില്‍ പ്രതിഷേധവും നടത്തി.

ലോക്സഭയ്ക്ക് പുറത്ത് നടന്ന കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം

കറുത്ത ബാഡ്ജ് അണിഞ്ഞായിരുന്നു പ്രതിഷേധം, എന്നാല്‍ ഡല്‍ഹി കലാപത്തിനു മുമ്പ് ഈ നേതൃനിര കറുത്ത കൊടി പിടിച്ച് തെരുവിലിറങ്ങിയിരുന്നെങ്കില്‍ ഇന്ന് ആ കറുത്ത ബാഡിജിന്‍റെ ആവശ്യം ഉണ്ടാകുമായിരുന്നില്ല എന്ന വസ്തുത വിസ്മരിക്കരുത്.

മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങ്, നിഷ്പക്ഷത ഭയക്കുന്നത് ആരെ?

അപ്രഖ്യാപിത മാധ്യമ അടിയന്തരാവസ്ഥ സൃഷ്ടിക്കാനുള്ള നടപടിയായിരുന്നു രണ്ട് മലയാളം മുഖ്യധാര മാധ്യമങ്ങളായ മീഡിയ വണ്ണിനെയും, ഏഷ്യാനെറ്റിനെയും 48 മണിക്കൂര്‍ നേരത്തേക്ക് വിലക്കികൊണ്ടുള്ള വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍റെ നോട്ടീസ്. സര്‍ക്കാര്‍, ഡല്‍ഹി കലാപ സമയത്ത് നല്‍കിയ നിര്‍ദേശങ്ങളെ ലംഘിക്കുന്ന പ്രവര്‍ത്തികളെ എണ്ണി എണ്ണിപ്പറഞ്ഞായിരുന്നു വിലക്ക്.

കേബില്‍ ടിവി നെറ്റ് വര്‍ക്ക് റെഗുലേഷന്‍ ആക്ട് ലംഘിച്ചെന്ന കാരണമായിരുന്നു നോട്ടീസില്‍ ചൂണ്ടിക്കാട്ടിയത്. എഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറായ പിആര്‍ സുനില്‍ കലാപം നിരന്തരം റിപ്പോര്‍ട്ട് ചെയ്തെന്നാണ് എഷ്യാനെറ്റിന് അയച്ചിരിക്കുന്ന നോട്ടീസില്‍ പറയുന്നത്.

മീഡിയ വണ്ണിന്റെ ഡല്‍ഹി കറസ്പോണ്‍ണ്ടന്റ് ആയ ഹസ്നുല്‍ ബന്ന ടെലിഫോണ്‍ വഴി കലാപം റിപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ചാണ് മീഡിയാ വണ്ണിന് അയച്ച നോട്ടീസില്‍ പറയുന്നത്. ഇരു ചാനലുകളുടെ യൂട്യൂബ് സ്ട്രീമിംഗും നിര്‍ത്തിവെച്ചിരുന്നു.

ആയുധധാരികളായ ആക്രമി സംഘം ആളുകളെ മതം ചോദിച്ചതിന് ശേഷം ആക്രമിക്കുകയാണെന്നും കടകളും വ്യാപാര സ്ഥാപനങ്ങളും തീയിട്ട് നശിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു, ഡല്‍ഹി പൊലീസ് നിശബ്ദരായ കാഴ്ചക്കാരാണെന്ന് വിമര്‍ശിച്ചു, മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടതിന് ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് അഗ്നിശമന സേന സ്ഥലത്തെത്തിയത് എന്ന് റിപ്പോര്‍ട്ട് ചെയ്തു,

ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലെ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു, കലാപം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും 1984ന് ശേഷം ദല്‍ഹി കണ്ട ഏറ്റവും വലിയ കലാപമെന്നും വിശേഷിപ്പിച്ചു…ഇങ്ങനെ പോകുന്നു നോട്ടീസിലെ ആരോപണങ്ങള്‍.

മാധ്യമ സ്വാതന്ത്ര്യത്തിന് കേന്ദ്രം കൂച്ചു വിലങ്ങിടുമ്പോള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും കേന്ദ്രത്തിനെതിരെ രംഗത്ത് വന്നു. എന്നാല്‍, നമ്മുടെ വിലക്കിന്‍ നിന്ന് രക്ഷപ്പെട്ട മുഖ്യധാരാ മാധ്യമങ്ങളോ? മുകളില്‍ നിന്ന് ലഭിച്ച ഓര്‍ഡര്‍ വായ പൊത്തി അനുസരിച്ച മട്ടായിരുന്നു കേരളത്തിലെ പ്രമുഖ പത്രങ്ങള്‍ക്കും. നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തെ പച്ചോല പാമ്പിനെ കാട്ടി കേന്ദ്രം പേടിപ്പിച്ചപ്പോള്‍, രണ്ട് കോളത്തില്‍ ആ വാര്‍ത്ത ഒതുക്കാനേ അവര്‍ക്ക് സാധിച്ചുള്ളൂ.

മുഖം മോശായാല്‍ കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്‍റേത് എന്നായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തില്‍ പ്രതികരിച്ചത്. സത്യസന്ധമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുകയാണ്. വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചനയാണിതെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വിലക്ക് നീങ്ങിയെങ്കിലും, സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പറഞ്ഞെങ്കിലും, പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത ഭാഷയില്‍ ഈ നടപടിയെ അപലപിക്കുമ്പോഴും, ഇനിയൊരു കലാപമുണ്ടായാല്‍ എങ്ങനെയൊക്കെ റിപ്പോര്‍ട്ടിങ്ങ് ചെയ്യാം എന്ന മുന്നറിയിപ്പായി ഈ നോട്ടീസ് നിലനില്‍ക്കും.

ബിജെപി ദീര്‍ഘകാല വര്‍ഗീയ അജണ്ടകളുടെ കെട്ടഴിക്കുമ്പോഴും കയ്യും കെട്ടി നോക്കി നില്‍ക്കാനല്ലാതെ പ്രതിപക്ഷത്തിനാകുന്നില്ല എന്നത് രാജ്യത്തിന് കടുത്ത വെല്ലുവിളിയാണ്.

രണ്ട് ദിനോസറുകളുള്ള ജുറാസിക് ഇന്ത്യയായി മാറ്റരുതെന്ന് പറഞ്ഞ കബില്‍ സിബലും, അമിത് ഷായെ സഭയുടെ ചട്ടം പഠിപ്പിച്ച സൗഗത റോയിയും, കല്യാണ്‍ ബാനര്‍ജിയും, മെഹുവ മൊയിത്രയും, ഡാനിഷ് അലിയുമൊക്കെ ഒറ്റപ്പെട്ട ശബ്ദങ്ങളായി ഒതുങ്ങിപ്പോവുകയായിരുന്നു.

ഭരണപക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ലമെന്‍റില്‍ ഫാസിസത്തെ എതിര്‍ക്കാന്‍ വാക്ക് മാത്രം ആയുധമായാല്‍ പോര. ഉത്തരം മുട്ടിക്കുന്ന ഒരു രാഷ്ട്രീയ ബദല്‍ വേണം. കേവലം സംസ്ഥാന ഭരണം കയ്യില്‍ വച്ച് ഗുജറാത്തില്‍ രണ്ടായിരത്തോളം പേരെ കൊലപ്പെടുത്തിയ സംഘപരിവാരങ്ങള്‍ ഡല്‍ഹിയില്‍ രണ്ടക്കത്തില്‍ നിര്‍ത്തിയത് ആശ്വസിക്കാം. കലാപവും ട്രംപിന്‍റെ വരവും എല്ലാം ചേര്‍ത്ത് വായിച്ചാല്‍, പുകമറ സൃഷ്ടിച്ച് രാജ്യത്തിന്‍റെ പൊതുവിഭവങ്ങളില്‍ എന്തൊക്കെ തീറെഴുതി കൊടുത്തിട്ടുണ്ടെന്ന് കണ്ടറിഞ്ഞ് തന്നെ കാണണം.