Sun. Jan 19th, 2025

കളമശ്ശേരി:

എട്ട് ലക്ഷത്തോളം രൂപ ചെലവിട്ട് റീടാർ ചെയ്ത കളമശ്ശേരിയിലെ വിടാക്കുഴ -അമ്പലപ്പടി റോഡ് പൊളിഞ്ഞുപോകുന്നതായി പരാതി. നഗരസഭ രണ്ടാഴ്ച മുൻപാണ് റീടാറിങ് പൂര്‍ത്തിയാക്കിയത്. ചെരുപ്പിട്ട് നടന്നാൽ പോലും റോഡിലെ മെറ്റലും ടാറും ഇളകിപ്പോകുന്ന അവസ്ഥയിലാണ്. റോഡ് നിർമ്മാത്തിലെ പാകപ്പിഴകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടന്ന് നിർമ്മാണപ്പിഴവുകൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാരനെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ബോസ്കോ കളമശ്ശേരി നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.

റോഡ് പണി നടത്തിയപ്പോൾ നിലവാരമില്ല എന്ന് പറഞ്ഞിട്ടുപോലും ഉദ്യോഗസ്ഥരോ, വാർഡ് കൗൺസിലറോ തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരിസര വാസികളും പറഞ്ഞു.

റോഡ് പണി നടത്തുനത്തിന് മുൻപ് ‘ഫാക്ടർ ഓഫ് സേഫ്റ്റി ‘ പരിശോധന നടത്തണമെന്ന് ആവശ്യപെട്ട് കളമശ്ശേരി നഗരസഭാ സെക്രട്ടറിക്കു  പരാതി നൽകിയെങ്കിലും അങ്ങനെയൊരു പരിശോധന നടത്താറില്ല എന്ന മറുപടിയാണ് നഗരസഭയിൽ നിന്നും ലഭിച്ചതെന്നും, കേരളത്തിൽ റോഡ് നിർമാണത്തിന് മുന്നോടിയായി -ഫാക്ട്ർ ഓഫ് സേഫ്റ്റി – പരിശോധന നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട്   കേരള ഹൈകോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്യാനൊരുങ്ങുകയാണെന്നും ബോസ്കോ കളമശ്ശേരി മാധ്യമങ്ങളോട്  പ്രതികരിച്ചു.

അതേസമയം, റോഡ് റീ ടാറിങ്ങ് നടത്തി ദിവസങ്ങൾക്കകം പൊളിഞ്ഞതിനെ തുടർന്ന്, നിര്‍മാണത്തിലെ അഴിമതിയും ക്രമക്കേടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളമശ്ശേരി നഗരസഭയ്ക്കെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

 

By Binsha Das

Digital Journalist at Woke Malayalam