Mon. Dec 23rd, 2024
#ദിനസരികള്‍ 1054

 
എത്രയാണ് ഭാരതീയ സാഹിത്യസിദ്ധാന്തങ്ങള്‍ക്ക് പഴക്കം? ഡോ. ടി ഭാസ്കരന്റെ ഭാരതീയ കാവ്യശാസ്ത്രം എന്ന പ്രൌഢഗംഭീരമായ പുസ്തകത്തില്‍ സാഹിത്യമീമാംസയ്ക്ക് കവിതയോളം പഴക്കം കല്പിക്കുന്നുണ്ട്. “ലിഖിത സാഹിത്യത്തില്‍ ഏറ്റവും പഴക്കം ഋഗ്വേദത്തിനാണ്. ഋഗ്വേദമന്ത്രങ്ങളുടെ ദ്രഷ്ടാക്കളായ മഹര്‍ഷിമാര്‍ കാവ്യസ്വഭാവത്തെക്കുറിച്ച് ബോധവാന്മാരായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ചില പ്രസ്താവനകള്‍ അവയില്‍ ഉണ്ട്.”

വേരുകള്‍ വൈദികകാലത്തോളം നീണ്ടു കിടക്കുന്നുവെന്ന് ഭാസ്കരന്‍ പറയുന്നുവെങ്കിലും കണ്ടുകിട്ടിയതില്‍ ഏറ്റവും പഴക്കം ചെന്ന കാവ്യമീമാംസാഗ്രന്ഥം ഭരതന്റെ നാട്യശാസ്ത്രമാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. പ്രസ്തുത മഹത്ഗ്രന്ഥത്തിന്റെ രചനാകാലം ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിലാണെന്നാണ് വ്യാപകമായി നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.

എന്നാല്‍ സംസ്കൃത സാഹിത്യസിദ്ധാന്തങ്ങള്‍ മാത്രമല്ല, ദ്രാവിഡ സാഹിത്യ സിദ്ധാന്തങ്ങളും ഇന്നാട്ടില്‍ സമാന്തരമായി തിടംവെച്ചു പോന്നിരുന്നു. “പ്രാചീന തമിഴിലെ സംഘസാഹിത്യത്തില്‍, വിശേഷിച്ച് കൃസ്തുവര്‍ഷാരംഭകാലത്തു രചിക്കപ്പെട്ട തൊല്ക്കാപ്പിയത്തില്‍ കാണപ്പെടുന്ന ദ്രാവിഡ സാഹിത്യ സിദ്ധാന്തങ്ങളും ഭാരതീയ സാഹിത്യദര്‍ശനത്തിന്റെ പ്രകാശമാനമായ മുഖമാ”ണെന്ന് ഡോ. അച്യുതനുണ്ണി ഉപോദ്ഘാതത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതായത് സംസ്കൃതമായ ഒരു പാരമ്പര്യത്തിന്റെ മേനിയെ മാത്രം പില്ക്കാലത്ത് പിന്‍പറ്റാന്‍ നാം മനസ്സുവെച്ചുവെങ്കിലും അത് ഭാരതീയ സാഹിത്യമീമാംസയുടെ ഒരു വശം മാത്രമേ ആകുന്നുള്ളുവെന്നതാണ് വസ്തുത.

പക്ഷപാതിത്വങ്ങളില്ലാതെ സമഗ്രമായ ഒരു ചരിത്രം. ഇന്നും നാം അത്തരത്തിലുള്ള സമീപനത്തില്‍ നിന്നും തികച്ചും മുക്തമായിട്ടില്ലെങ്കിലും പെട്ടെന്നൊന്നും നിരാകരിക്കാന്‍ കഴിയാത്ത വണ്ണം ദ്രാവിഡമായ ചിന്താപദ്ധതികളെക്കുറിച്ചുള്ള നിരവധി പഠനങ്ങള്‍ നമ്മുടെ അക്കാദമികവേദികളിലും പൊതുസഭകളിലും ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഈ ഗ്രന്ഥത്തില്‍ സംസ്കൃത സിദ്ധാന്തങ്ങളെയാണ് അടിസ്ഥാനപ്പെടുത്തുന്നതെന്ന് ഗ്രന്ഥകാരന്‍ അന്യത്ര വ്യക്തമാക്കുന്നുണ്ട്.

പാശ്ചാത്യ സാഹിത്യത്തിലെ ദാര്‍ശനിക പദ്ധതികള്‍ കൂടി ഇവിടെ ഇടകലര്‍ന്നതോടെ നമ്മുടെ സരണികള്‍ ഒന്നുകൂടി ആഴമാര്‍ജ്ജിക്കുകയും വിപുലപ്പെടുകയും ചെയ്തു. എന്നാല്‍ ഈയടുത്ത നൂറ്റാണ്ടുകളാകുമ്പോഴേക്കും പാശ്ചാത്യ സൈദ്ധാന്തികതയോട് നമുക്ക് വിധേയത്വമേറുകയും പ്രായേണ സംസ്കൃതത്തോടുള്ള പ്രിയം കുറയുകയും ചെയ്തു. ദ്രാവിഡ രീതികളെ നാം അവഗണിച്ച അതേ മാര്‍ഗത്തില്‍ സംസ്കൃത സാഹിത്യസിദ്ധാന്തങ്ങളോടും നമുക്ക് മതിപ്പു കുറഞ്ഞുവെങ്കിലും ദ്രാവിഡത്തെക്കാള്‍ സ്വതപ്രാമാണ്യമേറിയ സംസ്കൃതം പൂര്‍ണമായും പാര്‍ശ്വവത്കരിക്കപ്പെട്ടില്ല.

അതിനൊരു പ്രധാനപ്പെട്ട കാരണം സംസ്കൃതം ഇന്ത്യയിലെ ജാതിശ്രേണിയിലും ഫലപ്രദമായി ഇടപെട്ടുവെന്നതാണ്. ഇംഗ്ലീഷുപഠിക്കുന്നതും കടലുകടക്കുന്നതും അവര്‍ണമായി കണ്ട അവര്‍ക്ക് ദേവഭാഷയോടുള്ള വിധേയത്വം വിഖ്യാതമായിരുന്നുവല്ലോ. എന്നാല്‍ ഇംഗ്ലീഷുരീതികള്‍ വ്യാപകമായതോടെ ഇംഗ്ലീഷ് രീതികളോടും അതിന്റെ വൈവിധ്യമാര്‍ന്ന മീമാംസകളോടും കൂടുതല്‍ പ്രതിപത്തി സംജാതമായി.
പാശ്ചാത്യചിന്തകള്‍ പ്രസക്തിയേറിയെങ്കിലും അവ ഇന്ത്യയുടെ സംസ്കൃതമായ രീതികള്‍ നിരാകരിക്കാന്‍ പ്രാപ്തമായി എന്ന് ചിന്തിച്ചുകൂടാ.

പിന്നീട് അവ പ്രവര്‍ത്തിച്ചത് പരസ്പരം സഹായിച്ചുകൊണ്ടാണ്. “പാശ്ചാത്യ സാഹിത്യ സിദ്ധാന്തങ്ങളെ അടുത്തുമനസ്സിലാക്കുവാനും നവീകരിക്കാനും സംസ്കൃത സാഹിത്യമിമാസം പ്രയോജനപ്പെടും, മറിച്ച്, സംസ്കൃത സാഹിത്യ സിദ്ധാന്തങ്ങളെ കൂടുതല്‍ നന്നായി മനസ്സിലാക്കാനും നവീകരിക്കുവാനും പാശ്ചാത്യ സിദ്ധാന്തങ്ങള്‍ സഹായകമാകും.” (ഉപോദ്ഘാതത്തില്‍ നിന്ന്.) എന്ന നിലയിലായി കാര്യങ്ങള്‍.

പരസ്പരം ശക്തിപ്പെടുത്തിക്കൊണ്ടുള്ള ഈ കൊടുക്കല്‍ വാങ്ങലുകള്‍ ഇരുധാരകള്‍ക്കും ഗുണമായിട്ടാണ് ഭവിച്ചത്. അതിന്റെ ഫലമായി രൂപം കൊണ്ട താരതമ്യ സാഹിത്യ സിദ്ധാന്ത മേഖല ഗണനീയമായ സംഭാവനകളാണ് ഇക്കാലത്ത് സമ്മാനിക്കുന്നതെന്നതുകൂടി നാം അനുസ്മരിക്കേണ്ടതാണ്.
എന്തിനാണ് ഇപ്പോഴും ഏറെ പഴകിയ സിദ്ധാന്തങ്ങള്‍ പേര്‍‌ത്തും പേര്‍ത്തും പരിഗണിക്കപ്പെടുന്നത് എന്ന ചോദ്യം കൂടി ഉന്നയിച്ചു കാണാറുണ്ട്. മനുഷ്യന്റെ കാലദേശ പരിമിതികളില്ലാത്ത വികാരവിചാരങ്ങളെയാണ് ഏതുകാലത്തുമുള്ള ദാര്‍ശനികര്‍ പഠനവിധേയമാക്കിയിട്ടുള്ളത്.

വീക്ഷണ ഭേദങ്ങളുണ്ടാകാമെങ്കിലും പരീക്ഷണങ്ങള്‍ നടക്കുന്നത് ഒരോ വസ്തുവില്‍ തന്നെയാണല്ലോ. അതുകൊണ്ടുതന്നെ ഏതുകാലത്തുമെത്തിച്ചേരുന്ന ആശയങ്ങള്‍‌ക്ക് സാധര്‍മ്യം കാണുക സ്വാഭാവികവുമാണ്. ആയതിനാല്‍ അവ കാലനിബദ്ധമല്ലെന്നും വരുന്നു. അതുകൊണ്ട് അത്തരത്തിലുള്ള ചിന്താപദ്ധതികളെ ഏതുകാലത്തും പഠിക്കുകയും അതില്‍ നിന്നും കൂടുതല്‍ ആഴങ്ങള്‍ കണ്ടെത്തുവാന്‍ നമുക്കു കഴിയേണ്ടതുമുണ്ട്.

പൌരാണിക സാഹിത്യസിദ്ധാന്തങ്ങളെ ഇന്നിന്റെ വെളിച്ചത്തില്‍ പഠിച്ചു നോക്കുവാന്‍ പ്രേരണയാകുന്നതും അത്തരത്തിലുള്ള താല്പര്യങ്ങള്‍ തന്നെയാണ്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.