ഗുരുവായൂര്‍:
“വന്‍ അഴിമതികള്‍ നടത്താന്‍ രൂപീകരിച്ച വെള്ളാനയാണ് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ്” ബഹുമാന്യനായ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വാക്കുകളാണിവ. ദേവസ്വം നിയമനങ്ങള്‍ പിഎസ്സി മുഖേനയാക്കുമെന്നും, ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിനെ പിരിച്ചുവിടുമെന്നും കാണിച്ച് മന്ത്രി പറഞ്ഞ പ്രസ്താവനയാണിത്.
എന്നാല്‍, ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എയ്ഡഡ് കോളേജുകളിലെ നിയമനങ്ങളില്‍ വെള്ളം കലരുന്നത് ചര്‍ച്ചയാകാതെ പോവുകയാണ്. ഇവിടെ കഴിവുകളോ, യോഗ്യതയോ അല്ല മുഖാമുഖങ്ങളിലെ മാനദണ്ഡങ്ങളാകുന്നത്. പകരം പാര്‍ട്ടി മെമ്പര്‍ഷിപ്പ്, ബോര്‍ഡ് അംഗത്തിന്‍റെ ബന്ധു എന്നീ കോളങ്ങള്‍ പൂരിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നതാണ് കാര്യം.
നിയമനങ്ങളിലെ അഴിമതികള്‍ സ്ഥിരം സംഭവങ്ങളായതുകൊണ്ട് പത്രമാധ്യമങ്ങള്‍ പോലും വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാറില്ല. എന്നാല്‍ ആവശ്യത്തിന് വിദ്യാഭ്യാസ യോഗ്യതയും, കഴിവുകളും ഉണ്ടായിട്ടും, ഇന്‍റര്‍വ്യൂ ബോര്‍ഡിന്‍റെ പ്രത്യേക താല്‍പര്യങ്ങള്‍ക്കു മുന്നില്‍ അവസരം നിഷേധിക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെയാണ് ഇത്തരം അഴിമതികള്‍ ബാധിക്കുന്നത്.
നിയമന നടപടിക്രമങ്ങളില്‍ അഴിമതി കാട്ടുകയും, ഉദ്യോഗാര്‍ത്ഥികളെ വിളിച്ചു വരുത്തി, മുഖാമുഖമെന്ന പ്രഹസനത്തിലൂടെ അപമാനിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ തീര്‍ത്തും അപലപനീയം തന്നെ. എന്നാല്‍ പുറം വാതിലിലൂടെ നിയമിതരാകുന്ന അദ്ധ്യാപകരും അനദ്ധ്യാപകരും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളവും പെന്‍ഷനും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നവരാണെന്നതാണ് അനീതിയുടെ മുഖം വികൃതമാക്കുന്നത്.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ശ്രീകൃഷ്ണ കോളേജിലെ മലയാളം അസിസ്റ്റന്‍റ് പ്രൊഫസര്‍ സ്ഥാനത്തേക്കുള്ള നിയമനമാണ്, ദേവസ്വം ബോര്‍ഡ് പ്രതിയായ പുതിയ വിവാദം. അഭിമുഖത്തിനു മുമ്പും പിമ്പും ഉദ്യോഗാര്‍ത്ഥികള്‍ നേടിയ മാര്‍ക്കുകള്‍ വന്‍ അഴിമതിയുടെ മറ നീക്കുകയാണ്. പകരം തെളിയുന്നത് നീതി നിഷേധത്തിന്‍റെയും അവകാശ ലംഘനത്തിന്‍റെയും നേര്‍ക്കാഴ്ചയാണ്.
നിയമനങ്ങളിലെ ‘അ’ ക്രമങ്ങള്‍
ഗുരുവായൂര്‍ ദേവസ്വം ബോർഡിന് കീഴിലുള്ള ശ്രീകൃഷ്ണ കോളജിൽ നടന്ന നിയമനത്തിന്റെ നടപടിക്രമങ്ങളിലെ അഴിമതി സംബന്ധിച്ച് എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതി കണ്‍വീനര്‍ ഒപി രവീന്ദ്രനാണ് ഫേസ്ബുക്കില്‍ കുറിച്ചത്. അഭിമുഖത്തിന് മുൻപ് യുജിസി റൂൾ അനുസരിച്ച് സർട്ടിഫിക്കറ്റ് പരിശോധനയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള ഉദ്യോഗാർത്ഥികൾക്ക്, അഭിമുഖത്തിന് ശേഷം പത്തില്‍ താഴെ മാര്‍ക്കുകള്‍ നല്‍കിയതായാണ് അദ്ദേഹത്തിന്‍റെ കുറിപ്പില്‍ പറയുന്നത്.
ആറ് മത്സരാര്‍ത്ഥികളുടെ മാര്‍ക്ക് വിവരമടങ്ങുന്ന പട്ടികയും രവീന്ദ്രന്‍ പങ്കുവച്ചു. ഇത് പ്രകാരം യോഗ്യതകളുടെ അടിസ്ഥാനത്തില്‍ അമ്പത്തിനാലും, അമ്പത്തിമൂന്നും മാര്‍ക്കുകള്‍ വാങ്ങിയവര്‍ക്ക് ഇന്‍റര്‍വ്യൂ കഴിഞ്ഞതിനു ശേഷം എട്ടും ഒന്‍പതും മാര്‍ക്കുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫലത്തില്‍ യോഗ്യതകളില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ അഭിമുഖത്തില്‍ നല്ല മാര്‍ക്കോടു കൂടി പാസാകുകയും നിയമിതരാവുകയും ചെയ്തു.
“ഇത് ഏതെങ്കിലും വ്യക്തികളെ ടാർജറ്റ് ചെയ്യാനല്ല. എയ്ഡഡ് നിയമനങ്ങളിലെ അഴിമതി വ്യക്തമാക്കാനാണ്” അദ്ദേഹത്തിന്‍റെ കുറിപ്പില്‍ പറയുന്നു. നിയമനം പിഎസ്സിക്ക് വിടാതിരിക്കുന്നതിന് പിന്നിൽ അഴിമതി നടത്തി പാർട്ടി അണികൾക്കും ബന്ധുക്കൾക്കും നിയമനം ഒപ്പിച്ചെടുക്കാം എന്നതുകൂടിയാണെന്നും രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
“ഇത്തരത്തില്‍ പ്രത്യേക താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി, യോഗ്യതയുള്ളവര്‍ക്ക് അഭിമുഖത്തില്‍ മാര്‍ക്ക് കുറയ്ക്കുകയും അവരെ പിന്നിലാക്കുകയും ചെയ്യുകയാണ്. എന്നാല്‍ അഭിമുഖത്തിനു മുമ്പ് പിറകിലുണ്ടായിരുന്നവര്‍ നിയമിതരാവുകയും ചെയ്യുന്നു”, ഒപി രവീന്ദ്രന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.
എയ്ഡഡ് കോളേജില്‍ നടക്കുന്ന ഇത്തരം ഇന്‍റര്‍വ്യൂ അപാരതകള്‍ പലരും അഭിമുഖീകരിച്ചിട്ടുള്ളതാണ്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ മലയാളം വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുത്ത അനുഭവം കാസര്‍ഗോഡ് ജില്ലയിലെ പാക്കം ഹയര്‍ സെക്കന്‍ററി സ്കൂള്‍ അദ്ധ്യാപകനായ വാസു എകെയും ഫേസ്ബുക്കില്‍ പങ്കു വച്ചു.
“ഗുരുവായൂർ അവഹേളനം എന്ന് വിളിക്കാവുന്ന വിധം വലിയ തരത്തിലുള്ള കളിയാക്കൽ ആയി ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള ശ്രീകൃഷ്ണ കോളേജിലെ മലയാളം അസിസ്റ്റൻറ് പ്രൊഫസർ പോസ്റ്റിലേക്കുള്ള ഇൻറർവ്യൂവിനെ കാണുന്നു” എന്നായിരുന്നു പോസ്റ്റിന്‍റെ തുടക്കം.
https://www.facebook.com/vasu.ak.5/posts/2571350012987931
രണ്ടു തവണയായാണ് വാസു പ്രസതുത തസ്തികയിലേക്കുള്ള നിയമന ആവശ്യത്തിനായി കാസര്‍ഗോഡു നിന്നേ തിരുവനന്തപുരത്തേക്ക് എത്തിയത്. “രണ്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടന്നത്. ഒരു ദിവസം മുഴുവന്‍ എടുത്തായിരുന്നു നടപടികള്‍. അത് കഴിഞ്ഞ് വീണ്ടും വിളിച്ചു വരുത്തിയതായിരുന്നു അഭിമുഖത്തിന്, എന്നാല്‍ എല്ലാ യോഗ്യതകളുമുള്ള എന്നോട് ഒരു ചോദ്യം പോലും അവര്‍ ചോദിച്ചില്ല” വാസു എകെ വോക്ക് മലയാളത്തോട് പറഞ്ഞു.
പിഎച്ച്ഡി, പബ്ലിക്കേഷന്‍ എന്നീ യോഗ്യതയുള്ള വ്യക്തിയാണ് വാസു. എന്നാല്‍ അഭിമുഖത്തില്‍ അദ്ദേഹത്തോടും ഒന്നിച്ചുണ്ടായ പലരോടും ഒരു ചോദ്യം പോലും ചോദിച്ചില്ല എന്നുമാത്രമല്ല, പകരം കപ്പലണ്ടി കൊറിച്ചുകൊണ്ട് വളരെ ലാഘവത്തോടെയായിരുന്നു അഭിമുഖം നടത്തിയതെന്നും വാസു പറഞ്ഞു.
എന്നാല്‍ സംവരണ വിഭാഗത്തില്‍പെട്ട വാസു, ആ വഴിക്ക് നിയമനം സാധ്യമാണോ എന്നും ചോദിച്ചു. അപ്പോഴാണ് ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന ഒരു വിദ്വാന്‍ പറഞ്ഞത്, “സർക്കാർ പറഞ്ഞിട്ടുള്ള 10% സവർണ സംവരണം ഉടൻ നടപ്പാക്കാൻ യോഗം വിളിക്കണം” എന്ന് പറഞ്ഞതെന്ന് വാസു വാചാലനായി.
പിന്നീട് അവര്‍ക്കിടയിലെ ചര്‍ച്ച ആ സംവരണ കാര്യങ്ങളായിരുന്നു, മുന്നില്‍ നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥി ഒരു അദ്ധ്യാപകനാണെന്ന് പരിഗണിക്കുക പോലും ചെയ്തില്ല. ചുരുക്കി പറഞ്ഞാല്‍ “എയ്ഡഡ് സ്റ്റാഫ് റൂം ഈസ് ഈക്വല്‍ ടു ജാതിക്കോളനി” വാസു കൂട്ടിച്ചേര്‍ത്തു.
ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെബി മോഹന്‍ദാസ്, ഇടതുപക്ഷ അദ്ധ്യാപക സംഘടനാ നേതാവ് റെജി വിഎസ്, ശ്രീകൃഷ്ണ കോളേജ് പ്രിന്‍സിപ്പാള്‍ ഡി ജയപ്രസാദ്, തുടങ്ങിയവരാണ് ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നത്.
എയ്ഡഡ് കോളേജ് നിയമനങ്ങളും സംവരണവും
1869-ലാണ് തിരുവിതാംകൂറില്‍ വര്‍ധിച്ചു വരുന്ന വിദ്യാഭ്യാസ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഗ്രാന്റ്–ഇന്‍–എയ്ഡ് അഥവാ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുന്നത്. സര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കൈപറ്റി വളര്‍ന്ന് പന്തലിച്ച എയ്ഡഡ് മേഖല വിദ്യാഭ്യാസ പുരോഗതിയില്‍ അതിന്റേതായ പങ്ക് നിറവേറ്റിയെങ്കിലും, ഈ മേഖല സൃഷ്ടിച്ച സാമൂഹിക സാമ്പത്തിക അനീതികള്‍ക്ക് ഒന്നര നൂറ്റാണ്ട് പഴക്കമുണ്ട്.
കേരളത്തിലെ മൊത്തം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ 39% വും എയ്ഡഡ് മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇത്രയും ഭീമമായ തൊഴില്‍ വ്യാപ്തിയുള്ള എയ്ഡഡ് മേഖലയില്‍ ആദിവാസി ദളിത് അതി പിന്നോക്ക പ്രാതിനിധ്യം ഒരു ശതമാനം പോലുമില്ല എന്നതാണ് വൈരുദ്ധ്യം.
എയ്ഡഡ് മേഖലയില്‍ ഒരു ശതമാനം പോലും പ്രാതിനിധ്യമില്ലാത്ത വിഭാഗങ്ങളാണ് ഈ മേഖലയുടെ നെടുംതൂണ്‍ എന്നതാണ് മറ്റൊരു പ്രധാന കാര്യം. കാരണം, എയ്ഡഡ് മേഖലയിലൂടെ പൊതു ഖജനാവില്‍ നിന്ന് പ്രതിവര്‍ഷം പതിനായിരം കോടി രൂപ പങ്കിട്ടെടുക്കുന്ന സമുദായങ്ങള്‍ അവരുടെ തന്നെ ഉടമസ്ഥതയിലുള്ള അണ്‍ എയ്ഡഡ്/പബ്ലിക് വിദ്യാലയങ്ങളിലാണ് പഠനം നടത്തുന്നത് എന്നതു തന്നെ.
എയ്ഡഡ് കോളജ് നിയമനങ്ങളില്‍ സംവരണം നടപ്പാക്കണമെന്ന 2015 ലെ സിങ്കിള്‍ ബെഞ്ച് വിധിക്കെതിരെ എന്‍എസ്എസിന്റേയും എസ്എന്‍ ട്രസ്റ്റിന്റേയും അപ്പീല്‍ വാദങ്ങള്‍ കണ്ണടച്ച് അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണങ്ങളും നിഗമനങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകളെയോ വാദങ്ങളെയോ അടിസ്ഥാനമാക്കിയിട്ടല്ല എന്നതായിരുന്നു അന്നത്തെ വിധിയുടെ ആധികാരികതയെ സംശയപ്പെടുത്തുന്ന കാര്യം.
യുജിസി ചട്ടപ്രകാരം കേന്ദ്ര സംവരണ നയം ന്യൂനപക്ഷേതര സ്വകാര്യ എയ്ഡഡ് കോളജുകള്‍ക്ക് ബാധകമാക്കിയിട്ടില്ല, കേന്ദ്ര സര്‍വകലാശാലകളേയും കല്‍പിത സര്‍വകലാശാലകളെയും കുറിച്ച് മാത്രമാണ് നയത്തില്‍ പറയുന്നതെന്നായിരുന്നു കോടതിയുടെ നിരീക്ഷണങ്ങളില്‍ ഒന്ന്.
എന്നാല്‍, 1956ലെ യുജിസി ആക്ട് പ്രകാരം സെന്‍ട്രല്‍ യൂനിവേഴ്സിറ്റീസ്, ഡീംഡ് യൂനിവേഴ്സിറ്റീസ്, കോളജസ് ആന്റ് ഗ്രാന്റ്-ഇന്‍-എയ്ഡ് എന്നിവിടങ്ങളില്‍ നിര്‍ബന്ധമായും എസ്സി/എസ്ടി സംവരണം നടപ്പാക്കേണ്ടതാണ്. യുജിസിയുടെ ഈ വാദം അംഗീകരിച്ചു കൊണ്ടാണ്, സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്ന സ്ഥാപനങ്ങളെന്ന നിലക്ക് സ്വകാര്യ മാനേജമെന്റ് കോളജുകളില്‍ സംവരണം നടപ്പാക്കണമെന്ന് 2015ലെ സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞിരുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ നിയമപ്രകാരം ഉണ്ടാക്കിയ സര്‍വകലാശാലകള്‍ക്ക് സംവരണ നയം ബാധകമല്ലെന്നാണ് മറ്റൊരു വാദം. അതെ സമയം, സര്‍ക്കാറിന്റെ കീഴിലുള്ള എല്ലാ സര്‍വ്വകലാശാലകളും അതിന്റെ കീഴിലെ കോളജുകളിലും സംവരണം നടപ്പാക്കുന്നുണ്ട്. എയ്ഡഡ് കോളജില്‍ മാത്രമാണിതുവരെ സംവരണ നയം നടപ്പാക്കാത്തത്. അത് നടപ്പിലാക്കാന്‍ യുജിസി സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
എയ്ഡഡ് കോളജുകളിലെ നിയമനാധികാരത്തില്‍ സര്‍ക്കാരിന് കൈകടത്താന്‍ ആവില്ലെന്നും, പൂര്‍ണ്ണാധികാരം മാനേജ്മെന്‍റിനാണെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാല്‍ 1995 ലെ പിഡബ്ല്യൂഡി ആക്ട് അനുസരിച്ച് ഭിന്നശേഷിക്കാര്‍ക്ക് കേന്ദ്ര നിയമ പ്രകാരം സംവരണം നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയും അത് പ്രകാരം, കേരളത്തിലെ എയ്ഡഡ് കോളജ് അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങളില്‍ 3% സംവരണം 2016-ല്‍ ഇടത് പക്ഷ സര്‍ക്കാര്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
കെഇആര്‍ ഭേദഗതി മാനേജ്മെന്‍റുകള്‍ക്ക് വെല്ലുവിളിയാകുമ്പോള്‍
2020 ഫെബ്രുവരി ഏഴിന് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ വിദ്യാഭ്യാസ മേഖലയിലുണ്ടായ ഒരു പ്രധാന പ്രഖ്യാപനമായിരുന്നു എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ കെഇആര്‍ ഭേദഗതി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണെന്നത്. സംസ്ഥാനത്ത് നിലവിലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ പ്രഖ്യാപനത്തിനുള്ള കാരണം.
എയിഡഡ് നിയമനാധികാരം കൈവശമുളള വിവിധ മാനേജ്‌മെന്റുകള്‍ക്ക് അത്ര ശുഭകരമല്ലായിരുന്നു ഈ പ്രഖ്യാപനം. അതുകൊണ്ട് തന്നെ മാനേജ്‌മെന്റുകള്‍ വിഷയത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചു കഴിഞ്ഞു.
നിലവില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന അനുപാതമാണ് അധ്യാപക നിയമനങ്ങള്‍ക്ക് പിന്തുടര്‍ന്ന് പോരുന്നത്. ഇതില്‍ ഒരു വിദ്യാര്‍ത്ഥി അധികം വന്നാല്‍ പുതിയ തസ്തിക സൃഷ്ടിക്കുന്ന രീതി എയിഡഡ് വിദ്യാഭ്യാസ രംഗത്ത് ഉണ്ട്. ഈ അനുപാതം ഉയര്‍ത്തി ആറ് വിദ്യര്‍ത്ഥികള്‍ അധികം വന്നാല്‍ മാത്രമേ പുതിയ തസ്തിക അനുവദിക്കാന്‍ സാധിക്കൂ എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
എയിഡഡ് മേഖലയിലെ നിയമനങ്ങള്‍ ഇതിനു മുന്‍പും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പലതവണ വന്ന വിഷയമാണ്. ലക്ഷങ്ങള്‍ പണം വാങ്ങിയാണ് പല എയിഡഡ് മാനേജ്‌മെന്റുകളും നിയമനങ്ങള്‍ നടത്തുന്നത്. വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ അഴിമതി എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം.
സര്‍ക്കാരിന്‍റെ പുതിയ തീരുമാനം കേവലം സാമ്പത്തിക പ്രതിസന്ധി മാത്രം വിഷയമായി കാണാതെ ഇതില്‍ ഇഴുകി ചേര്‍ന്നിരിക്കുന്ന അനീതികള്‍ക്കും പരിഹാരം കാണാന്‍ ഒരുങ്ങണമെന്നാണ് ഉദ്യോഗാര്‍ത്ഥികളും, എയിഡഡ് നിയമനങ്ങള്‍ പിഎസ്സിയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന എഎസ് ഫോര്‍ അടക്കമുള്ള സംഘടനകളും ആവശ്യപ്പെടുന്നത്.
സര്‍ക്കാര്‍ ബാനറുകളുടെ മറവില്‍ നടക്കുന്ന മാനേജ്മെന്‍റ് കളികള്‍ സാക്ഷരകേരളത്തിന്‍റെ ഉത്തമ മുഖത്തിന് ഒട്ടും യോജിച്ചതല്ല. പുറം വാതില്‍ നിയമനങ്ങള്‍ നിരന്തരം ചോദ്യം ചെയ്യപ്പെട്ടിട്ടും, ഒട്ടും പതര്‍ച്ചയില്ലാതെ നിയമനത്തില്‍ ‘അ’ ക്രമങ്ങള്‍ കൊണ്ടുവരുന്നത് നാളെയെ വാര്‍ത്തെടുക്കാനുള്ള അദ്ധ്യാപക തസ്തികകള്‍ക്ക് ഭൂഷണമല്ല.