Wed. Jan 22nd, 2025
#ദിനസരികള്‍ 1053

എനിക്ക് ഏറെ പ്രിയപ്പെട്ട പുസ്തകങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഇത്. പുസ്തകത്തിലെ ഓരോ അധ്യായവും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളെ കഴിയുന്നത്ര വിശദമായിത്തന്നെ അടയാളപ്പെടുത്തിക്കൊണ്ടാണ് ഈ യാത്ര സംവിധാനം ചെയ്തിരിക്കുന്നത്. എനിക്ക് പ്രിയപ്പെട്ടതെങ്കിലും എന്നെ പിന്തുടരുന്നവര്‍ക്ക് അതെത്രമാത്രം പ്രിയപ്പെട്ടതായിരിക്കുമെന്ന് സന്ദേഹമുണ്ടെങ്കിലും ഇപ്പോള്‍ മറ്റൊരു മാനദണ്ഡം സ്വീകരിക്കുവാന്‍ ഇപ്പോള്‍ സാധ്യതകളൊന്നുമില്ല.

അതുകൊണ്ട് ഒറ്റച്ചക്രം പൂട്ടിയ തേരിലൂടെ എനിക്ക് പ്രിയപ്പെട്ട പുസ്തകങ്ങളുമായി ഒരു യാത്ര പോകുകയാണ്. കലയും സംസ്കാരവും ചരിത്രവും മറ്റും മറ്റുമായി ഈ പ്രപഞ്ചവുമായി ബന്ധപ്പെട്ടിരിക്കുന്ന ഏതു വിഷയത്തെക്കുറിച്ചുള്ള പുസ്തകങ്ങളും ഇവിടെ ചര്‍ച്ച ചെയ്യപ്പെടാം. എന്നാല്‍ കൂടുതല്‍ അധ്യായങ്ങളുള്ള പുസ്തകങ്ങള്‍ കൂടുതല്‍ ദിവസം ചര്‍ച്ച ചെയ്യാനുള്ള സാധ്യതയും അതുവഴി ആ വിഷയത്തില്‍ താല്പര്യമില്ലാത്തവര്‍ക്ക് അരോചകമായിത്തീരാനുള്ള സാധ്യതയും നിലനില്ക്കുന്നുണ്ടെന്ന് എനിക്ക് അറിയാം.

എന്തായാലും വായിച്ചു തീര്‍ക്കുക എന്നൊരു ഉദ്ദേശ്യം കൂടി ഈ എഴുത്തിന് പിന്നിലുണ്ട്. കൈകളിലേക്ക് എത്തിപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണത്തെ അപേക്ഷിച്ച് ആ വേഗതയില്‍ വായന നീങ്ങാത്തതിന്റെ ഖേദവും ഇത്തരമൊരു നീക്കത്തിന്റെ പുറകിലുണ്ട്. ജീവിതം തീര്‍ന്നു പോകുന്നുവല്ലോ എന്ന ഖേദത്തേയും ഞാന്‍ മറച്ചു വെയ്ക്കുന്നില്ല.

അതുകൊണ്ട് കാടും പടര്‍പ്പും തല്ലിയും കാട്ടരുവികളിലെ നീരുമോന്തിയും വനവിസ്മയങ്ങള്‍ കണ്ണില്‍ നിറച്ചും കൂര്‍ത്ത കല്ലില്‍ കാലുതുളച്ചും ഒരു യാത്രയ്ക്ക് താല്പര്യമുള്ളവര്‍ക്ക് കൂടെക്കൂടാം. മറ്റുള്ളവര്‍ക്ക് അക്കാണുന്ന രാജവീഥിയിലൂടെ സുഗമമായി മുന്നോട്ടുപോകാം. രണ്ടായാലും നന്ദി.

ഭാരതീയ സാഹിത്യ ദര്‍ശനം – ഡോ. ചാത്തനാത്ത് അച്യുതനുണ്ണി

 
“സാഹിത്യമെന്നാലെന്താണെന്ന് വസ്തുനിഷ്ഠമായി നിര്‍വചിക്കുവാന്‍ ഇന്നും സാധിച്ചിട്ടില്ല. സാഹിത്യത്തിന്റെ പ്രഭവമെന്തെന്ന ചോദ്യത്തിനും തൃപ്തികരമായ സമാധാനം കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. അതുപോലെ സാഹിത്യത്തിന്റെ പ്രയോജനവും തര്‍ക്കവിഷയമായിത്തന്നെ തുടരുകയാണ്.

മനുഷ്യമനസ്സിന്റെ ബോധാബോധതലങ്ങളുടെ സങ്കീര്‍ണതയിലാണ് സാഹിത്യഭാഷ ഉടലെടുക്കുന്നതെന്നതിനാല്‍ സാഹിത്യത്തിന്റെ ആന്തരികവും ബാഹ്യവുമായ ശില്പവിധാനം വസ്തുതാപരമായ അപഗ്രഥനത്തിന് എന്നും വെല്ലുവിളിയാണ്.” എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഡോക്ടര്‍ ചാത്തനാത്ത് അച്യുതനുണ്ണി ഭാരതീയ സാഹിത്യദര്‍ശനം എന്ന തന്റെ പുസ്തകം ആരംഭിക്കുന്നത്.

ആദികവികളില്‍ നിന്നും പുറപ്പെട്ടുപോന്ന കാലംമുതല്‍ ഇന്നുവരെ നമ്മുടെ സാഹിത്യാദികലകള്‍ ഒരു രീതികളോടും നിരങ്കുശമായി ചേര്‍ന്നു നിന്നിട്ടില്ല. ഓരോ കാലത്തും ജനതയ്ക്ക് ലഭ്യമായിക്കൊണ്ടിരുന്ന ജ്ഞാനപ്രവാഹങ്ങളുടെ വെളിച്ചത്തില്‍ അവയെല്ലാംതന്നെ നിരന്തരം പരിഷ്കരിക്കപ്പെട്ടും സ്വയം നവീകരിക്കപ്പെട്ടും ചിലപ്പോഴൊക്കെ പിന്നോട്ടടിച്ചും കുതറിമാറിയും വെട്ടിത്തിരിഞ്ഞുമൊക്കെ വ്യത്യസ്തങ്ങളായ ചിന്താപദ്ധതികളുമായി ചേര്‍ന്നു നില്ക്കുകയാണ് ചെയ്തത്. അതായത് സാഹിത്യമോ സാഹിത്യദര്‍ശനങ്ങളോ ഒരു കാലത്തും ഏകശിലാരൂപമായിരുന്നില്ല എന്നുതന്നെ.

ദൈവമുണ്ട് എന്ന് പ്രഖ്യാപിച്ചവരുടെകൂടെയെന്നപോലെത്തന്നെ ദൈവമില്ല എന്ന് ആഘോഷിച്ചവരുടെ കൂടെയും സാഹിത്യം ചേര്‍ന്നു നിന്നു. ഗോളാന്തരങ്ങളെ തുളച്ചു കയറിയ മനുഷ്യന്‍ ദൈവത്തിന്റെ സിംഹാസനത്തെ ഓരോ നിമിഷവും കൂടുതല്‍ കൂടുതല്‍ അകലങ്ങളിലേക്ക് വലിച്ചെറിഞ്ഞുകൊണ്ടിരുന്നു. അതായത് ജ്ഞാനദാഹിയായ മനുഷ്യന്‍ ദൈവത്തെ ഒരിക്കലും വെളിച്ചത്തില്‍ കണ്ടെത്തിയില്ല.

എവിടെവിടങ്ങളില്‍ ഇരുട്ടുണ്ടോ അവിടവിടങ്ങളിലേക്ക് ദൈവം പിന്‍വാങ്ങി. ശാസ്ത്രീയതയുടേയും യുക്തിചിന്തയുടേയും വെളിച്ചം വന്നു വീഴുന്നതോടെ ദൈവം പിന്നേയും പിന്‍വാങ്ങി. ദൈവത്തെ മാത്രമല്ല, സാഹിത്യത്തേയും ശാസ്ത്രവും യുക്തിബോധവും കൂടുതല്‍ ശക്തിയോടെ കുടഞ്ഞെടുത്തു.

അതുകൊണ്ടുതന്നെ ഒരിടത്തും ഒരു കാലത്തും ഒട്ടിനില്ക്കുവാനുള്ള അവസരം സൃഷ്ടിക്കപ്പെട്ടില്ല. കൂടുതല്‍ നല്ല മനുഷ്യരാകാന്‍ ഓരോ യുഗത്തിലും നാം നടത്തിയ ശ്രമങ്ങളുടെ മുന്നേയായി പലപ്പോഴും സാഹിത്യത്തിന്റെ ഗതി. അത് സങ്കല്പവിമാനങ്ങളിലേറി ചിലപ്പോഴൊക്കെ നമുക്കു മുന്നേ പറന്ന്, ഗോളാന്തരങ്ങളിലേക്ക് യാത്ര നടത്തി.

പിന്നാലെ നമ്മുടെ കര്‍‌മ്മോത്സുകത അത്തരം സങ്കല്പങ്ങളെ യാഥാര്‍ത്ഥ്യമാക്കി. ശാസ്ത്ര സാഹിത്യത്തിന്റെ ചരിത്രം മാത്രം പരിശോധിച്ചാല്‍ മതി ആ പ്രയാണത്തിന്റെ വഴികളെക്കുറിച്ച് നാം വിസ്മയപ്പെട്ടുപോകാന്‍. കേവലം പുഷ്പകവിമാനത്തില്‍ നിന്നും നക്ഷത്രാന്തര സഞ്ചാരത്തിലേക്കുള്ള ആ യാത്ര മനുഷ്യകുലത്തിന്റെ പുരോയാനത്തിന്റെ പരിധികളില്ലായ്മയെയാണ് ചൂണ്ടിക്കാണിക്കുന്നത്.

നാളെ വരുന്ന ഒരുവന്‍ വിദൂരങ്ങളിലെ ഏതോ ഗാലക്സിയിലിരുന്ന് നാം ജീവിക്കുന്ന ഈ നീലഗോളത്തെക്കുറിച്ച് കവിത കുറിച്ചുവെന്നും വന്നേക്കാം. കാര്യങ്ങള്‍ അത്രത്തോളം അപ്രവചനീയംതന്നെ. ഈ ഗതീയതയെ ആവോളം മനസ്സിലാക്കിയും ഉള്‍‌ക്കൊണ്ടുമാണ് നമ്മുടെ സാഹിത്യവും എക്കാലവും മുന്നോട്ടു പോയത്. അങ്ങനെയുള്ള സാഹിത്യത്തിന്റെ രഹസ്യത്തെക്കുറിച്ചും അത് പ്രവര്‍ത്തിക്കുന്ന രീതിതകളെക്കുറിച്ചും അതാതുകാലങ്ങളിലെ ചിന്തകര്‍ ആവോളം ആലോചിച്ചു നോക്കിയിട്ടുണ്ട്.

ഭാരതീയമായ അത്തരം ചിന്തകളെക്കുറിച്ചുള്ള ഏറെക്കുറെ നിഷ്കൃഷ്ടമായ പഠനമാണ് അച്യുതനുണ്ണിയുടെ ഭാരതീയ സാഹിത്യദര്‍ശനം.
(തുടരും)

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.