Mon. Dec 23rd, 2024
#ദിനസരികള്‍ 1050

 
വായിക്കാന്‍ എനിക്ക് ഏറെ ഇഷ്ടമുള്ള ഒരെഴുത്തുകാരനാണ് സി വി വാസുദേവ ഭട്ടതിരി. അദ്ദേഹത്തിന്റെ ഭാരതീയ ദര്‍ശനങ്ങള്‍ എന്ന വിശിഷ്ട ഗ്രന്ഥമാണ് ആദ്യമായി എന്റെ കൈകളിലേക്കെത്തിയത്. നിഷ്പക്ഷവും കണിശവുമായി തന്റെ നിലപാടുകള്‍ പറയാന്‍ അദ്ദേഹം കാണിക്കുന്ന ആര്‍ജ്ജവം മറ്റു രചനകളിലേക്കും എന്നെ നയിച്ചു. അങ്ങനെയാണ് വാസുദേവ ഭട്ടതിരിയുടെ കൃതികള്‍ ശേഖരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം ഞാന്‍ നടത്തുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഒട്ടുമിക്ക പുസ്തകങ്ങളും എന്റെ കൈവശമുണ്ട്.

അവയില്‍ ഞാന്‍ ഇടക്കിടയ്ക്ക് വായിക്കുന്ന ചില പുസ്തകങ്ങളാണ് ഭഗവദ് ഗീതയെക്കുറിച്ചുള്ള പഠനം, ഭാരതീയ ദര്‍ശനങ്ങള്‍, കവനകല, ഗീതാ ഗോവിന്ദം, സീതാപഠനം എന്നിവ. അതോടൊപ്പംതന്നെ ഭട്ടതിരിയുടെ ഭാഷാപഠനങ്ങളായ അഭിനവ മലയാള വ്യാകരണം, ഭാഷാശാസ്ത്രം, കേരള പാണിനീയത്തിലൂടെ മുതലായവയും അക്കൂട്ടത്തില്‍ പെടുന്നു.

അവയില്‍ ഗദ്യശില്പം എന്ന ഭാഷാപഠന ഗ്രന്ഥം ഭാഷയുടെ പ്രയോഗ വൈജാത്യങ്ങളെ ഏറ്റവും സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന ഒന്നായതുകൊണ്ട് ഒരു കൈപ്പുസ്തകമായി നിത്യേനയെന്നോണം ഞാനത് മറിച്ചു നോക്കുന്നു. എഴുത്തുവഴികളില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വായിച്ചു നോക്കാന്‍ ശുപാര്‍ശയും ചെയ്യുന്നു. (ഇങ്ങനെയൊക്കെ എനിക്ക് പ്രിയപ്പെട്ടവനായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ എല്ലാത്തരം നിലപാടുകളോടും എനിക്കും യോജിപ്പുണ്ട് എന്ന് ധരിക്കരുത്. പലപ്പോഴും അദ്ദേഹവുമായി കടുത്ത വിയോജിപ്പുകളുണ്ട്. എന്നാല്‍‌പ്പോലും ഒരു ജ്ഞാന സ്രോതസ്സ് എന്ന നിലയില്‍ അദ്ദേഹം എല്ലായ്പ്പോഴും പ്രചോദിപ്പിക്കുന്നു.)

ഗദ്യരചന, പദശുദ്ധി, വാക്യരചന, സംഗ്രഹണം, ആശയവിപുലനം, ഉപന്യാസ രചന, മാധ്യമങ്ങളും ഭാഷയും, എഴുത്തുകുത്ത്, വിവര്‍ത്തനം എന്നിങ്ങനെയാണ് പുസ്തകത്തിലെ അധ്യായങ്ങള്‍ വേര്‍തിരിച്ചിരിക്കുന്നത്. “മലയാളം തെറ്റുകൂടാതെ ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക” എന്ന ലളിതമായ ഉദ്ദേശമേ ഈ പുസ്തകത്തിനുള്ളു എന്നാണ് സങ്കല്പമെങ്കിലും ഭാഷാപഠനത്തിന്റെ കാര്യത്തില്‍ അസ്തിവാരമിടാന്‍ ഈ നൂറ്റിമുപ്പത്തിയെട്ടു പേജുകള്‍ക്ക് കഴിയുന്നുണ്ട് എന്ന വസ്തുത നാം കാണാതിരുന്നു കൂട.

നേരെ കാര്യം പറയുക എന്നതാണ് ഭട്ടതിരിയുടെ ഏറ്റവും പ്രിയപ്പെട്ട ശീലം. നോക്കുക, “ലിഖിത ഭാഷയ്ക്ക് രണ്ടു രൂപമുണ്ട്. ഗദ്യം, പദ്യം. താളാത്മകമായ വാങ്മയത്തെ പദ്യം എന്നു പറയുന്നു.

പണ്ടു ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഓര്‍‌മ്മയില്‍ നിറുത്താന്‍ വേണ്ടി പദ്യത്തില്‍ എഴുതിയിരുന്നു. എന്നാല്‍ ഇന്ന് കവികളേ പദ്യം എഴുതാറുള്ളു. ഗദ്യം താളാത്മകമല്ലാത്ത വാങ്മയമാണ്. സംഭാഷണം, പ്രഭാഷണം എന്നിവ ഗദ്യത്തിലാണ്. കൂടാതെ നോവല്‍ ചെറുകഥ നാടകം ജിവചരിത്രം, സഞ്ചാരകഥ, തൂലികാചിത്രം മുതലായ വളരെയേറെ ഗദ്യസാഹിത്യവിഭാഗങ്ങള്‍ ഉണ്ട്.” ആര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ യാതൊരു വളച്ചുകെട്ടലുകളുമില്ലാതെ അദ്ദേഹം കാര്യം പറഞ്ഞു പോകുന്നു.

കാര്യം മനസ്സിലായാല്‍ പോരേ വ്യാകരണമെന്തിന് എന്നൊരു ചോദ്യം പലരും ചോദിക്കുന്നതായി കേട്ടിട്ടുണ്ട്. പ്രത്യക്ഷത്തില്‍ അതു ശരിയാണെന്ന തോന്നലുമുണ്ടായേക്കാം. എന്നാല്‍ വ്യാകരണപരമായ നിയമങ്ങള്‍ ഭാഷയുടെ ആത്മാവിനെ അടയാളപ്പെടുത്തുന്നവയാണ്.

അതായത്, ഒരു ഭാഷ അതിന്റെ ഏറ്റവും പ്രാകൃതമായ ആരംഭം മുതല്‍ ഇന്നെത്തി നില്ക്കുന്ന ഘട്ടം വരെയുള്ള വിവിധ തലങ്ങളില്‍ നടത്തിയിട്ടുള്ള പരിഷ്കരണോദ്യമങ്ങളെയാണ് ആത്മാവ് എന്ന് സൂചിപ്പിക്കുന്നത്. അത് ദീര്‍ഘകാലത്തെ അനുഭവങ്ങളുടെ ഒരു സഞ്ചയമാണ്. അങ്ങനെ രൂപപ്പെട്ടു വന്ന ഭാഷയുടെ ശക്തിയും സൌന്ദര്യവുമെന്നു പറയുന്നത് ആ ഭാഷ പുലര്‍ത്തിപ്പോരുന്ന വ്യാകരണങ്ങളുടെ കൂടി പ്രവര്‍ത്തന ഫലമാണ്. അതുകൊണ്ട് വ്യാകരണത്തെ പാടെ അവഗണിച്ചു കൊണ്ട് ഭാഷയെ മുന്നോട്ടു കൊണ്ടുപോകുക എന്നത് അസാധ്യമാണെന്ന് മാത്രവുമല്ല, അത്തരമൊരു ചിന്ത പ്രസക്തവുമല്ല.

അതുകൊണ്ടാണ് പദശുദ്ധിയടക്കമുള്ള ഇടങ്ങളില്‍ നാം സജീവശ്രദ്ധ വെക്കേണ്ടതുണ്ടെന്ന് ഭട്ടതിരി ആവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മടയനാണ് മഠയനല്ല, പോഴനാണ് ഭോഷനല്ല, പാരിച്ചതാണ് ഭാരിച്ചതല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
ഭാഷാ പ്രയോഗങ്ങളുടെ അതിസൂക്ഷ്മമായ വിതാനങ്ങളിലേക്ക് വായനക്കാരനെ കൈപിടിച്ചുയര്‍ത്താന്‍ കെല്പുള്ള ഒരു ഗ്രന്ഥമാണ് ഗദ്യശില്പം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.