ന്യൂ ഡല്‍ഹി:
വർഗീയ കലാപങ്ങളുടെ മുൻചരിത്രമുറങ്ങുന്ന വടക്കു കിഴക്കന്‍ ഡല്‍ഹി വീണ്ടും കത്തുന്നു. വർഗീയ ലക്ഷ്യത്തോടെ ആസൂത്രിതമായ അക്രമങ്ങള്‍ക്ക് വേദിയായ ഡല്‍ഹി നല്‍കുന്നത് അധികാര ദുര്‍വിനിയോഗത്തിന്റെയും, പ്രതീക്ഷ വറ്റിയ ജന ജീവിതത്തിന്റെയും, വിഭാഗീയതയുടെയും പാഠമാണ്.
പ്രതിഷേധങ്ങളെ തിരയുതിര്‍ത്ത് നിശ്ശബ്ദമാക്കുന്ന പ്രവണത ഡല്‍ഹി കാണുന്നത് ഇതാദ്യമായല്ല. നടുമുറ്റത്ത് തീ കത്തിപ്പടര്‍ന്നാലും, നോക്കി നില്‍ക്കുന്ന അധികാരികളെ കണ്ട് ശീലമുണ്ട് ഡല്‍ഹിക്ക്.
വെള്ളക്കാരെ നാടുകടത്താന്‍ സ്വന്തം ജീവന്‍ ബലികൊടുത്ത്, ജീവിതത്തിന്റെ നല്ല നാളുകള്‍ മുദ്രാവാക്യം വിളിച്ചും ചിത്രവധത്തിന് പാത്രമായും സ്വാതന്ത്ര്യം എന്ന മഹത്തായ പദത്തിന് അര്‍ത്ഥം കണ്ടെത്തിയ ചരിത്രമുറങ്ങുന്ന മണ്ണാണ് ഇന്ത്യ. എന്നാല്‍ കോടികള്‍ ചെലവിട്ട് വെള്ളക്കാരന്റെ കാലുകള്‍ മണ്ണില്‍ പുരളാതിരിക്കാന്‍ പരവതാനി വിരിക്കുന്ന വൈരുദ്ധ്യത്തിനാണ് നാമിന്ന് സാക്ഷിയാകുന്നത്.
പൗരത്വം ചോദ്യ ചിഹ്നമാകുമ്പോള്‍ പ്രതിഷേധമല്ലാതെ മറ്റ് വഴികള്‍ മുന്നിലില്ലാത്ത ജനതയ്ക്ക് നേരെ രാഷ്ട്രീയ കുതന്ത്രങ്ങള്‍ പ്രയോഗിക്കാനുള്ള കളിപ്പാവകളായി മാറുകയാണ് കാക്കിയണിഞ്ഞ സുരക്ഷാഭടന്മാര്‍. നിശ്ചിത സമയപരിധിക്കുള്ളില്‍ അവരെ ഒഴിപ്പിച്ചില്ലെങ്കില്‍ കളിമാറുമെന്ന പ്രകോപനപരമായ പ്രഖ്യാപനങ്ങള്‍ നടത്തി, അറയ്ക്കുള്ളില്‍ ഒളിച്ചിരുന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ തെരുവില്‍ ചിതറിയോടുന്നത് ഇന്ത്യയുടെ നാളെകളാണ്.
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ബന്ദ് ആഹ്വാനം ഏറ്റെടുത്താണു ജാഫറാബാദ് മെട്രോ സ്റ്റേഷനു മുന്നിൽ സീലംപുരിൽ നിന്നു മൗജ്പുരിലേക്കും യമുനാ വിഹാറിലേക്കും പോകുന്ന 66–ാം നമ്പർ റോഡിൽ ഞായറാഴ്ച പുലർച്ചെ മുതൽ സ്ത്രീകൾ പ്രതിഷേധം ആരംഭിച്ചത്.
ഇതിനിടെ ബിജെപി നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിലുള്ള പൗരത്വ നിയമ അനുകൂലികൾ പ്രകടനം നടത്തിയതും, പൗരത്വ പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള കപില്‍ മിശ്രയുടെ ഭീഷണിയുമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തലസ്ഥാനത്ത് നടക്കുന്ന് ആക്രമണങ്ങളുടെ മൂല കാരണമായി കണക്കാക്കുന്നത്.
രാജ്യത്തെ മതേതരത്വ മുഖത്തിന് ക്ഷതമേൽപ്പിക്കുന്ന രംഗങ്ങളാണ് പിന്നീട് നടന്നത്. പൊലീസിന്റെ സാന്നിധ്യത്തില്‍ ജനങ്ങള്‍ ക്രൂരമായി ആക്രമിക്കപ്പെടുന്ന നിരവധി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടു. കണ്ണീർ വാതകവും പുക ഗ്രനേഡുകളും പ്രയോഗിച്ച പോലീസ്, കല്ലേറും നടത്തി.
അക്രമത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ ആറു പേര്‍ നാട്ടുകാരാണ്. 105 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ എട്ടു പേരുടെ നില ഗുരുതരമാണ്.
പോലീസ് എന്റേതല്ല; നോക്കി നിന്ന് കേജ്‌രിവാൾ
തലസ്ഥാനത്ത് ആക്രമണങ്ങള്‍ അതിരു കടന്നപ്പോഴും നിശ്ശബ്ദനായ കേജ്‌രിവാളിനെ സാമൂഹിക മാധ്യമങ്ങള്‍ കടന്നാക്രമിച്ചിരുന്നു. നിര്‍ഭയ കൂട്ടബലാത്സംഗ കേസിന്റെ പശ്ചാത്തലത്തില്‍, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെ വിമര്‍ശിച്ച കേജ്‌രിവാൾ എന്തുകൊണ്ട് മിണ്ടാതിരിക്കുന്നു എന്നായിരുന്നു ചോദ്യങ്ങള്‍
ഡല്‍ഹി പോലീസ് എന്റെ നിയന്ത്രണത്തിലല്ല, എനിക്ക് എന്ത് ചെയ്യാന്‍ സാധിക്കും എന്ന് ഷീല ദീക്ഷിത്തിന്റെ പരാമര്‍ശത്തില്‍, സഹായിക്കാന്‍ പ്രാപ്തയല്ലാത്ത ഇത്തരമൊരു മുഖ്യമന്ത്രിയെ നമുക്ക് ആവശ്യമുണ്ടോ എന്നായിരുന്നു കേജ്‌രിവാളിന്റെ ചോദ്യം.
https://twitter.com/RajeevTiwariIND/status/1232175527248531457
“ജനങ്ങള്‍ക്ക് പ്രതീക്ഷകള്‍ നല്‍കുകയും, ജനസമ്മതിയോടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ അതിനു ശേഷം, ജനങ്ങള്‍ ദുരിതത്തിലാകുമ്പോള്‍ മിണ്ടാതെ നോക്കി നില്‍ക്കുന്ന താങ്കള്‍ മോദിയെക്കാളും, അമിത്ഷായെക്കാളും മോശമാണ്”, എന്നിങ്ങനെയായിരുന്നു ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
“കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 70ല്‍ 62 സീറ്റുകളുടെ വിജയമാണ് ആംആദ്മി കൈവരിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധക്കാരും, ഇതില്‍ ഭൂരിഭാഗം വരുന്ന് മുസ്ലീം വംശജരും ആപ്പിനൊപ്പം നിന്നത് ബിജെപിയെ തോല്‍പ്പിക്കാന്‍ അവര്‍ക്ക് മറ്റു വഴികള്‍ മുന്നിലില്ലാത്തതു കൊണ്ടാണ്. എന്നാല്‍, വോട്ടര്‍മാരെ വഞ്ചിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ,” തുടങ്ങിയ ട്വീറ്റുകളും പ്രചരിച്ചിരുന്നു.
ഡല്‍ഹി പോലീസല്ലേ നിങ്ങളുടെ നിയന്ത്രണത്തിലില്ലാതുള്ളൂ, സംസാരിക്കാന്‍ താങ്കള്‍ക്ക് ശബ്ദം കൈയ്യിലില്ലേ? തുടങ്ങിയ ചോദ്യങ്ങളുമായി ട്രോളുകളും സ്ഥാനം പിടിച്ചിരുന്നു.
“പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത്ഷായും ആക്രമണങ്ങളെ കണ്ടില്ലെന്നു നടിക്കാറുണ്ടെന്ന് നമുക്കറിയാം, എന്നാല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ അരവിന്ദ് കേജ്‌രിവാള്‍ പരാജയപ്പെട്ടു. ഷീല ദീക്ഷിത് ആയിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ഡല്‍ഹിക്ക് വേണ്ടി കൂടുതല്‍ എന്തെങ്കിലും ചെയ്യുമായിരുന്നു”, ഇങ്ങനെ പോകുന്നു പ്രതികരണങ്ങള്‍.
“ഡല്‍ഹിയിലെ അവസ്ഥയെക്കുറിച്ച് ഞാൻ വളരെയധികം ആശങ്കാകുലനാണ്. നമ്മുടെ നഗരത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ നാമെല്ലാവരും ഒരുമിച്ച് എല്ലാ ശ്രമങ്ങളും നടത്തണം. അക്രമം ഒഴിവാക്കാൻ ഞാൻ എല്ലാവരോടും വീണ്ടും അഭ്യർത്ഥിക്കുന്നു. ദുരിതബാധിത പ്രദേശങ്ങളിലെ എല്ലാ എംഎൽഎമാരെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഞാന്‍ സന്ദര്‍ശിക്കും”, വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയന്നോണം കേജ്‌രിവാളിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.
എല്ലാവരും സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം, എല്ലാവര്‍ക്കും ഒത്തു ചേര്‍ന്ന് ചര്‍ച്ച ചെയ്ത്, പ്രശ്നം പരിഹരിക്കാമെന്നും. തലസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ എന്ത് നടപടി, സ്വീകരിക്കാനും തന്റെ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളിലും പള്ളികളിലും സമാധാന ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ അവസ്ഥ നിയന്ത്രിക്കാന്‍ ഡല്‍ഹിയുടെ അതിര്‍ത്തികള്‍ അടക്കേണ്ടതുണ്ടെന്നും കേജ്‌രിവാള്‍ നേരത്തെ അറിയിച്ചിരുന്നു.
സമാധാനം പുനഃസ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കനിയണം
ഡല്‍ഹിയില്‍ തുടരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും തമ്മില്‍ നടത്തിയ ഉന്നതതല യോഗം അവസാനിച്ചു. യോഗം സമാധാനപരമായിരുന്നെന്നും അക്രമാവസ്ഥ നിയന്ത്രിക്കാന്‍ എല്ലാ പാര്‍ട്ടികളും നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തിനു ശേഷം അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.
അക്രമണം നിയന്ത്രിക്കാനായി സൈന്യത്തെ വിന്യസിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആവശ്യമാണെങ്കില്‍ വിന്യസിക്കുമെന്നും നിലവില്‍ ക്രമ സമാധാന ചുമതല പൊലീസിനാണെന്നും അരവിന്ദ് കേജ്‌രിവാള്‍ മറുപടി പറഞ്ഞു.
കേജ്‌രിവാളിനൊപ്പം ഗവർണർ അനിൽ ബൈജല്, പോലീസ് കമ്മീഷണർ അമൂല്യ പട്നായിക്, കോൺഗ്രസ് നേതാവ് സുഭാഷ് ചോപ്ര, ബിജെപി നേതാക്കളായ മനോജ് തിവാരി, രംബീര്‍ സിംഗ് ബിധുരി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.