ദില്ലി:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സംസ്ഥാനത്ത് ഈ വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കുന്നതിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി. 2015 ലെ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിക്കാൻ ഇരിക്കെയാണ് മുസ്ലിം ലീഗിന്റെ ഈ നീക്കം. 2019 ലെ പട്ടിക പരിഷ്കരിച്ച് വോട്ടെടുപ്പ് നടത്തുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ കോടതിയെ സമീപിക്കുന്നത്.
നിലവിൽ കമ്മീഷൻ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ തങ്ങളുടെ വാദം കൂടി കേട്ട ശേഷം മാത്രമേ കമ്മീഷന്റെ ഹർജിയിൽ നടപടിയെടുക്കാവൂ എന്നാണ് മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ പറയുന്നത്.