വാഷിംഗ്ടൺ:
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയുടെ ഗള്‍ഫ് സന്ദര്‍ശനം ഫെബ്രുവരി 19-ന് തുടങ്ങും. സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഇറാന്‍ വിരുദ്ധ സഖ്യം കൂടുതല്‍ വിപുലീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സന്ദര്‍ശനം. ഗൾഫ് നാവിക സുരക്ഷാ പദ്ധതി സംബന്ധിച്ച സുപ്രധാന ചർച്ചയും സന്ദര്‍ശനത്തില്‍ നടക്കും. ഇറാൻ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളി ചെറുക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുക എന്നതാണ് പര്യടനത്തിൻറെ പ്രധാന ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ചതിനെ തുടർന്ന് രൂപപ്പെട്ട സംഘർഷ സാഹചര്യത്തിൽ അയവ് വന്നിട്ടുണ്ടെങ്കിലും തെഹ്റാൻറെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതി സംബന്ധിച്ച് ശക്തമായ നടപടി ആവശ്യമാണെന്ന നിലപാടിലാണ് അമേരിക്ക.