Mon. Dec 23rd, 2024
തിരുവനന്തപുരം:

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ പന്തീരാങ്കാവില്‍ കേരള പോലിസ് അറസ്റ്റ് ചെയ്ത അലന്‍ ശുഐബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ഥികളെ മോചിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ഞൂറോളം അധ്യാപകരും വിദ്യാര്‍ഥികളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. കേസ് എന്‍ഐഎ ഏറ്റെടുത്ത സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്ന നിവേദനം ലഘുലേഖകളും പുസ്തകങ്ങളും കയ്യില്‍ വെച്ചു എന്നതുള്‍പ്പെടെയുള്ള കുറ്റാരോപണങ്ങളുടെ പേരില്‍ രണ്ടു വിദ്യാര്‍ഥികളെ തുറുങ്കിലടക്കുന്നത് ഫലത്തില്‍ എല്ലാത്തരം പ്രതിഷേധങ്ങളെയും നിശ്ശബ്ദമാക്കുന്നതിനാണ് വഴിവെക്കുകയെന്ന് ചൂണ്ടിക്കാട്ടുന്നു. വിമര്‍ശനത്തിനും പഠനത്തിനുമുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിക്കുന്നത് അനീതിയാണെന്നും നിവേദനത്തില്‍ പറയുന്നു. ഇന്ന് രാവിലെ പത്ത് മണി മുതല്‍ നാല് വരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സാംസ്കാരിക പ്രതിരോധം സംഗടിപ്പിച്ചിട്ടുണ്ട്.  നാടക-സംഗീത ആവിഷ്കാരങ്ങള്‍, പുസ്തക പ്രകാശനം, യുഎപിഎ വിരുദ്ധ നയപ്രഖ്യാപനം തുടങ്ങി വിവിധ പരിപാടികള്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി നടക്കും.