Wed. Jan 22nd, 2025
#ദിനസരികള്‍ 1029

 
ആറെസ്സെസ്സ് ഗാന്ധിഘാതകരാണ് എന്ന് ബോര്‍ഡ് വെച്ചതിനെത്തുടര്‍ന്ന് കേരള പോലീസ് കേസെടുത്തുവെന്ന് വാര്‍ത്ത. ഇക്കാര്യം ചില ഓണ്‍‌ലൈന്‍‌ മാധ്യമങ്ങളില്‍ വായിച്ചപ്പോള്‍ ശരിക്കും അമ്പരന്നു പോയിരുന്നു. കേരളത്തില്‍ ഒരു ചരിത്ര സത്യം വിളിച്ചു പറഞ്ഞതിന് കേസെടുക്കുക എന്ന അവസ്ഥയിലേക്ക് എത്തിയെങ്കില്‍ അതില്‍പ്പരം ദയനീയമായി മറ്റെന്താണുള്ളത്?

കേട്ടത് ശരിയാണോയെന്ന് ഒന്നുകൂടി അന്വേഷിച്ചു. മലപ്പുറത്ത് കുന്നുമ്മല്‍ ബ്ലോക്കിലാണ് സംഭവം. ”കുന്നുമ്മല്‍ സര്‍ക്കിളില്‍ ഗാന്ധിയെ കൊന്നത് ആറെസ്സെസ്സ് എന്നെഴുതി ബാനര്‍ തൂക്കിയതിന് മലപ്പുറം പോലീസ് കേസെടുത്തു.

ആര്‍എസ്എസ് യൂണിഫോം ധരിച്ചവരുടെ കോലവും കെട്ടിത്തൂക്കിയിരുന്നു. നഗരത്തിന്റെ മധ്യഭാഗത്തു തൂക്കിയ ബാനറില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശമുണ്ടെന്നും ഒരു വിഭാഗം ആളുകളെ ഒരു വിഭാഗം ആളുകളെ ആക്ഷേപിക്കുന്ന തരത്തില്‍ ചിത്രീകരിക്കുന്നുവെന്നും ആരോപിച്ചാണ് സ്വമേധയാ പോലീസ് കേസ്സെടുത്തത്” എന്നാണ് സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്തത്.”

അങ്ങനെയാണ് കാര്യങ്ങളെങ്കില്‍ കേസെടുത്തു എന്നതിനെക്കാള്‍ അപകടകരം മതസ്പര്‍ദ്ധയുണ്ടാക്കുന്നു എന്ന ആരോപണമാണ്. സ്വഭാവികമായും രണ്ടു കക്ഷികള്‍ തമ്മില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെങ്കില്‍ അതു തടയുന്നതിന് പോലീസിന് നിയമപരമായ അധികാരമുണ്ട്. സംഘര്‍ഷ സാധ്യതകളുള്ള സ്ഥലങ്ങളില്‍ അത്തരത്തിലുള്ള അധികാരം പൊതുജന നന്മയെ മുന്‍നിറുത്തി പോലീസ് ഉപയോഗിക്കാറുമുണ്ട്.

എന്നാല്‍ ഗാന്ധിയെ കൊന്നത് ആറെസ്സെസ്സാണ് എന്നു പറഞ്ഞതിന് കേസെടുത്തുവെങ്കില്‍ അത് ഒരുതരത്തിലുള്ള ന്യായീകരണത്തിലും പെടുന്നില്ലെന്ന് മാത്രമല്ല ശുദ്ധ തെമ്മാടിത്തരവുമാണ് എന്നേ പറയാന്‍ കഴിയൂ. കാരണം ഗാന്ധിയെ കൊന്നത് ആറെസ്സെസ്സ് തന്നെയാണ് എന്നത് ഒരു ചരിത്ര വസ്തുതയാണ്. ഗാന്ധി വെടിയേറ്റു വീണ നിമിഷം മുതല്‍ നാളിതുവരെ നാം പറഞ്ഞും പഠിച്ചും പോന്നത് അങ്ങനെത്തന്നെയാണ്.

എന്നു മാത്രവുമല്ല ഗാന്ധിയുടെ കൊലയാളി ഗോഡ്സേയ്ക്ക് ആറെസ്സെസ്സുമായുള്ള ബന്ധം സ്ഥാപിക്കപ്പെട്ടതാണ്. ഒരിക്കല്‍‌പ്പോലും അവര്‍ ഗാന്ധിഘതകനെ തള്ളിപ്പറയാന്‍ തയ്യാറായിട്ടുമില്ല. എന്നിട്ടും മലപ്പുറത്തെ പോലീസിന് ഇക്കാര്യം മനുസ്സിലാകുന്നില്ലെങ്കില്‍ അവരെ അത് പഠിപ്പിച്ചുകൊടുക്കേണ്ട ബാധ്യത നാഴികയ്ക്ക് നാല്പതുവട്ടം കേരളം എന്ന് അഭിമാനിക്കുന്ന നമുക്കുണ്ട്.

അക്കാരണം കൊണ്ട് സംഘര്‍ഷമുണ്ടാകുന്നുവെങ്കില്‍ ഉണ്ടാകട്ടെ എന്നേ എനിക്ക് പറയാനുള്ളു.

ഇനി അതിലും അപകടകമായ കാര്യം മതസ്പര്‍ദ്ധ എന്ന ആരോപണമാണ്. ആറെസ്സെസ്സ് ചെയ്ത തെമ്മാടിത്തരം വിളിച്ചു പറഞ്ഞാല്‍ ഇവിടെ മതസ്പര്‍ദ്ധയുണ്ടാകും എന്നു പറയുമ്പോള്‍ പോലീസ് എന്താണ് ഉദ്ദേശിക്കുന്നത്? ആറെസ്സെസ്സ് ഒരു മതവുമായി ബന്ധപ്പെട്ടവരാണ് എന്നുതന്നെയല്ലേ?

അതായത് ഹിന്ദു സമം ആറെസ്സെസ്സ് എന്നൊരു ആശയമാണ് അതുവഴി സ്ഥാപിക്കപ്പെടുവാന്‍ പോകുന്നതെന്ന് പോലീസിന് മനസ്സിലായിട്ടുണ്ടോ? ആറെസ്സെസ്സായവര്‍ ഹിന്ദുവാണ്, അല്ലാത്തവര്‍ ഹിന്ദുമതത്തിലാണ് ജനിച്ചതെങ്കിലും ഹിന്ദുവല്ല എന്നൊരു വാദംകൂടി ഇതോടൊപ്പം ഉത്പാദിപ്പിക്കപ്പെടാം. എത്ര അപക്വവും അപകടകരവുമാണ് അത് എന്ന് ആലോചിച്ചു നോക്കുക.

ഹിന്ദുത്വത്തെ മുന്‍നിറുത്തി ജനതയെ തമ്മിലടിപ്പിക്കുകയും വര്‍ഗ്ഗീയമായി വിഭജിക്കുകയും ചെയ്യുന്നവരുടെ ഒരു കൂട്ടം മാത്രമാണ് ആറെസ്സെസ്സ്. ഇന്ത്യയില്‍ ഒരു കാലത്തും ഹിന്ദു എന്നാല്‍ ആറെസ്സെസ്സ് എന്ന ഘട്ടത്തിലേക്ക് എത്തിയിട്ടില്ല. പക്ഷേ മലപ്പുറത്തെ പോലീസ് അത്തരത്തിലൊരു നിലപാടിലേക്ക് എത്തിയെങ്കില്‍ അക്കൂട്ടരെയെല്ലാം കൂട്ടി ഒരു സംഘശാഖ തുടങ്ങുന്നതാണ് നല്ലത്.

അടുത്തകാലത്ത് പോലീസിന്റെ ഇടപെടലുകള്‍ എല്ലാ അതിര്‍ത്തികളേയും ലംഘിക്കുന്നു. ഒരുദാഹരണം നോക്കുക. സിഎഎയ്ക്ക് അനുകൂലമായി ബിജെപി നടത്തുന്ന പരിപാടികള്‍‌ക്കെതിരെ കടകളടച്ച് പ്രതിഷേധിക്കരുതെന്ന് അവര്‍ കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്കുന്നു.

പ്രതിഷേധത്തെത്തുടര്‍ന്ന് നോട്ടീസ് പിന്‍വലിച്ചുവെങ്കിലും അത്തരമൊരു നീക്കം നടത്താന്‍ പോലീസ് കാണിച്ച ചങ്കൂറ്റം ജനാധിപത്യ കേരളം കാണാതിരുന്നു കൂട. സ്വന്തം ഇഷ്ടപ്രകാരം പോലീസിലെ ഓരോ കേന്ദ്രങ്ങൾ നടത്തുന്ന ഇത്തരം തെമ്മാടിത്തരങ്ങളുടെ തിക്തഫലം സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാറിലേക്ക് ചെന്നു ചേരുന്നുവെന്നതാണ് മറ്റൊരു ഗതികേട്. വളരെ നല്ല നിലയിലുള്ള വികസന മാതൃകകളുമായി മുന്നോട്ടുപോകുന്ന കേരളത്തിലെ സര്‍ക്കാറിന്റെ മുഖത്ത് കരിവാരിത്തേയ്ക്കാനേ ഇത്തരം നീക്കങ്ങള്‍ സഹായിക്കുകയുള്ളു.

അതുകൊണ്ട് പോലീസ് കരുതല്‍ കാണിക്കണം.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.