Thu. Apr 25th, 2024
#ദിനസരികള്‍ 1028

 
പത്തിമുതലാളി ആടുന്നുണ്ടായിരുന്നു. കോമപ്പച്ചെട്ടിയാരുടെ സമ്മാനമായി കിട്ടിയ ഒരു കുപ്പി ചാരായത്തിന്റെ ഉശിരുള്ള വീര്യം ആജാനുബാഹുവായ അയാളേയും കീഴ്‌പ്പെടുത്തിയിരുന്നു. രാവിലെ മാനന്തവാടിയിലെ റജിസ്ട്രാപ്പിസിലേക്ക് പോയതാണ്. ഉച്ചതിരിഞ്ഞാണ് ചെട്ടിയാരെ കാണുന്നത്. കണ്ടപാടെ അയാള്‍ കൈക്കു പിടിച്ച് കൂട്ടിക്കൊണ്ടുപോയി. പന്നിയിറച്ചിയും ചാരായവും. ഏറെക്കാലമായി ചെട്ടിയാരെ കണ്ടിട്ട്. അതു ശരിക്കും ആഘോഷിച്ചു. കുടിച്ചു, തിന്നു. ശേഷം തിരിച്ച് വീട്ടിലേക്കുള്ള നടപ്പ്.

സാധാരണക്കാരനായ മറ്റാരാണെങ്കിലും ഇത്രത്തോളം ദൂരം നടന്നെത്തുമായിരുന്നില്ല. കുത്തിപ്പിടിച്ചിരുന്ന കാട്ടാവണക്കിന്റെ ഉണങ്ങിയ വടി അയാള്‍ നിലത്തേക്കിട്ടു. വടി, കുത്തിപ്പിടിക്കാന്‍ വേണ്ടി മാത്രമല്ല. വല്ല കാട്ടുമൃഗങ്ങളും മുന്നില്‍ വന്നു ചാടിയാലോ എന്ന ഒരു കരുതല്‍. ഒന്നു മൂത്രമൊഴിക്കണം. രാത്രി മൂത്തു തുടങ്ങിയിട്ടില്ല. നല്ല നിലാവുണ്ട്. രണ്ടു കൈകൊണ്ടും തിരക്കു പിടിച്ച് മുണ്ട് വലിച്ചു കയറ്റി ഉടുത്തിരിക്കുന്ന കോണകം ഒരു വശത്തേക്ക് നീക്കി അയാള്‍ സ്വന്തം കാല്പാദങ്ങള്‍ക്കിടയിലേക്ക് മൂത്രമൊഴിക്കാന്‍ തുടങ്ങി.

നിലത്തേക്ക് വീണുകൊണ്ടിരുന്ന മൂത്രവും അയാള്‍‍ക്കൊപ്പം ആടിക്കൊണ്ടിരുന്നു. തല മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച് പല്ലുകള്‍ കടിച്ച് ഏതോ നിര്‍വൃതിയിലെന്ന പോലെ അയാള്‍ മൂത്രമൊഴിക്കുന്നത് ആസ്വദിച്ചു. ശേഷം കോണകം പഴയ പടിയാക്കി. വടിയെടുക്കാനായി ആയാസപ്പെട്ടു കുനിഞ്ഞു.
അപ്പോഴാണ് തൊട്ടപ്പുറത്ത് കാട്ടുചെടികള്‍ ഉലയുന്നത് ശ്രദ്ധയില്‍ പെട്ടത്. ഒരാക്കത്തിന് വടി കയ്യിലെടുത്തു. ഒച്ച കേട്ടിടത്തേക്ക് സൂക്ഷിച്ചു നോക്കി. കാട്ടുചെടികള്‍ക്കിടയിലൂടെ ഒരു തല പാതി ഉയര്‍ന്നു നില്ക്കുന്നു..

“ആരാത്…എണീറ്റു വാ…” അയാള്‍ അമറി.

കയ്യില്‍ ഒരു ചെറിയ കെട്ട് ചുള്ളിക്കമ്പുമായി കാച്ച എഴുന്നേറ്റു നിന്നു.

“ആ… നീയോ?….. എന്താടീ രാത്രീല് കുറ്റിക്കാട്ടില്… ആരാടീ കൂടെ?” പത്തിമുതലാളി അവളെ സൂക്ഷിച്ചു നോക്കി.

“ചുള്ളിക്ക് വന്നതാ മ്പ്രാ…” അവള്‍ ഭയന്നിരുന്നു.

“നിന്റെ ചുള്ളി… വാടീ ഇവിടെ…” അവള്‍ പതുങ്ങി നിന്നു.

“ഈടെ വാടീ…” അതൊരലര്‍ച്ചയായിരുന്നു… അവള്‍ കയ്യിലടുക്കിപ്പിടിച്ച ചുള്ളിക്കമ്പോടു കൂടി ഒറ്റത്തെറിക്ക് അയാളുടെ അടുത്തെത്തിയതും പത്തിമുതലാളിയുടെ ഇടതു കരം അവളുടെ കരണത്തു ആഞ്ഞു പതിച്ചതും ഒരേ സമയത്തായിരുന്നു. അടിയില്‍ അവളൊന്നുലഞ്ഞു നിന്നു…

പത്തിമുതലാളിയുടെ കണ്ണില്‍ അവളുടെ ഉടല്‍ തെളിഞ്ഞു. കയ്യിലെടുത്തു പിടിച്ച വടി അയാള്‍ വീണ്ടും താഴെയിട്ടു. മുട്ടിനു കീഴെ കിടന്നിരുന്ന ഒറ്റ മുണ്ട് അരഞ്ഞാണച്ചരടില്‍ നിന്നും അയാള്‍ പറിച്ചെടുത്ത് തഴക്കൂട്ടത്തിനു പുറത്തേക്കെറിഞ്ഞു. കോണകം മാത്രമുടുത്ത ഒരു വലിയ ശരീരം അവളുടെ മുന്നില്‍ നിന്നു. ഇടതുകൈ കൊണ്ട് അയാള്‍ അവളുടെ മുടിയില്‍ ചുറ്റിപ്പിടിച്ചു.

“മാറ്റെടീ…” അയാള്‍ മുരണ്ടു. ആരോ പറഞ്ഞു പഠിപ്പിച്ചിട്ടെന്ന പോലെ കാച്ച ഉടുത്തിരുന്ന തുണി അരയ്ക്കുമുകളിലേക്ക് തെറുത്തു കയറ്റി. ഇതിനു മുമ്പും പത്തി മുതലാളിയുടെ ശീലങ്ങള്‍ അവള്‍‌ക്ക് അറിയാമായിരുന്നു. അനുസരിച്ചില്ലെങ്കില്‍ എന്തു ചെയ്യാനും മടിക്കാത്ത പ്രകൃതം. എതിര്‍ത്തു നിന്നിട്ടൊന്നും ഒരു കാര്യവുമില്ലെന്ന് അവള്‍ക്കറിയാം. അടിച്ചു വീഴ്ത്തിയിട്ടാണെങ്കിലും അയാള്‍ ആവശ്യം നടത്തും. ഇതിനു മുമ്പും അങ്ങനെ സംഭവിച്ചിട്ടുണ്ട്. തന്റെ കോളനിയിലെ തേയി. ഒരു രാത്രിയില് ഇയാളുടെ കൈയ്യില്‍ പെട്ടത് അവളായിരുന്നു. ചെറുപ്പക്കാരി. നല്ല ഊരുള്ളവള്‍. ആവോളം എതിര്‍ത്തു നിന്നു. അവസാനം രണ്ടു കാലും തല്ലിയൊടിച്ചിട്ടാണ് ഇയാള്‍ അവളെ പിഴപ്പിച്ചത്.

ആരും ചോദിക്കാനില്ല. എസ്സൈ രായരപ്പന്‍ ഇയാളുടെ വീട്ടിലെ കുടികിടപ്പുകാരനാണ്. പ്രദേശത്തെ മറ്റു ചിലര്‍ അയാളുടെ ഏറാന്‍ മൂളികളായിട്ടുണ്ട്. രായരപ്പനും കൂട്ടരും കേറിയിറങ്ങാത്ത വീടുകളില്ല. നേരം സന്ധ്യയായാല് കള്ളും കഞ്ചാവുമാണ് അവരുടെ കൂട്ട്. ആവോളം സേവിച്ചതിനു ശേഷം ഒരിറക്കമാണ്. ഏതു വീട്ടിലാണ് ചെന്നു കയറുന്നതെന്ന് അറിയില്ല. എവിടെയാണെങ്കിലും ആ വീട്ടുടമസ്ഥന്‍ മാറിനില്ക്കണം. രായരപ്പന്‍ കാര്യം നടത്തി വരുന്നതുവരെ കൂട്ടുകാര് പുറത്തിരിക്കും. ചിലപ്പോഴൊക്കെ അവരില്‍ ചിലര്‍ അയാള്‍ക്കു ശേഷം അകത്തേക്ക് കടക്കും. പത്തിമുതലാളിയാണ് പലപ്പോഴും അകത്തു കടക്കുക.

എല്ലാം കഴിഞ്ഞ് തിരിച്ചിറങ്ങി വരുന്ന പത്തിമുതലാളിയെ രായരപ്പന്‍ വിളിക്കും “പത്തീ…”
“ഓ..” പത്തിയുടെ മറുപടിയിലും സ്നേഹം കലര്‍ന്നിരുന്നു.
അതേ പത്തിമുതലാളിയാണ് മുന്നില്‍. കാച്ച എതിര്‍ക്കാന്‍ പോയില്ല. മുടിയിലെ പിടി വിടാതെ തന്നെ പത്തിമുതലാളി അവളെ കുനിച്ചു നിറുത്തി. പശുവിനെ കറക്കുന്നതുപോലെ വലതുകൈകൊണ്ട് അവളുടെ രണ്ടു മുലകളേയും അയാള്‍ പിടിച്ചു വലിച്ചു. കാച്ചയ്ക്ക് വേദനിച്ചു. അവള്‍ അതുവരെ കയ്യിലടക്കിപ്പിടിച്ചിരുന്ന ചുള്ളിക്കമ്പുകളുടെ കെട്ടും അന്നത്തെ കൂലിയായി കിട്ടിയ നെല്ലും നിലത്തേക്കിട്ടു. രണ്ടു കൈയ്യും മുട്ടുകാലിലൂന്നി ആയംപിടിച്ചു നിന്നു.

അടിയുടെ ഊക്കില്‍ വായില്‍ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു. കിനിഞ്ഞ ചോര ഒച്ചയുണ്ടാക്കാതെ അവള്‍ പുറത്തേക്ക് തുപ്പി. തുപ്പുമ്പോള്‍ ഒച്ചയുണ്ടാക്കാന്‍ പാടില്ല. ഒച്ചയുണ്ടായാല്‍ എന്താടീ ആണുങ്ങളുടെ മുമ്പിലാണോ നിന്റെ നീട്ടിത്തുപ്പ് എന്നു ചോദിച്ചു കൊണ്ടായിരിക്കും നടുവിന് ഇടി വീഴുക.

അയാള്‍ അവളുടെ മുടിയിലെ ഇടതുകൈകൊണ്ടുള്ള പിടുത്തം വിട്ടില്ല. എന്നു മാത്രവുമല്ല കൂടുതല്‍ ശക്തമായി അമര്‍ത്തിപ്പിടിച്ചു. അതനുസരിച്ച് കാച്ചയ്ക്ക് മുട്ടില്‍ കൂടുതല്‍ ശക്തിയോടെ പിടിക്കേണ്ടി വന്നു. വലതുകൈകൊണ്ട് അരയില്‍ അവശേഷിച്ചിരുന്ന കോണകം അയാള്‍ വലിച്ചെടുത്തു അഴിച്ചിട്ടിരുന്ന മുണ്ടിനു മുകളിലേക്കിട്ടു. കാച്ചയെ അയാള്‍ കൂടുതല്‍ ശക്തിയോടെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. പത്തിമുതലാളിയില്‍ നിന്നും മുക്രയിടുന്ന പോലെയുള്ള ശബ്ദങ്ങള്‍ ഉയരാന്‍ തുടങ്ങി.

രാവിലെ ഇറങ്ങിയതാണ്. കാച്ച ആലോചിച്ചു. കെട്ടിയവനെ പത്തിമുതലാളിയുടെ കണക്കമ്പ്യാര് രണ്ടു ചാക്കു സാധനങ്ങളുമായി ചന്തയിലേക്ക് പറഞ്ഞു വിട്ടു. അത് അസ്സനിക്കാക്കയുടെ കടയില്‍ കൊണ്ടു പോയി കൊടുത്ത് അവിടുന്ന് കിട്ടുന്ന പണവുമായി തിരിച്ചെത്തണം. നടന്ന് എത്തുമ്പോഴേക്കും നന്നേ രാത്രിയാവും.

നിലാവുള്ളതിനാല്‍ തോട്ടത്തിലെ പണി നിറുത്തുവാന്‍ ഒരുപാടു താമസിച്ചു. നേരത്തെ നിറുത്തിപ്പോയിട്ട് എന്താ കാര്യം എന്നാണ് കണക്കമ്പ്യാര് ചോദിക്കുക. നാളെയായാലും നിങ്ങള് തന്നെയല്ലേ ഈ പണിയൊക്കെ തീര്‍‌ക്കേണ്ടത് എന്നാണ് അയാളുടെ ന്യായം. അതുകൊണ്ട് പരമാവധി തീര്‍ത്തിട്ടു പോയാല്‍ മതി. എതിര്‍‌ത്തൊന്നും പറയാനാകില്ല. കയ്യിലിരിക്കുന്ന പാണലിന്റെ വടിയ്ക്ക് നല്ല വേദനയാണ്. അതോടൊപ്പം പോകാന്‍ നേരം കയ്യില്‍ കിട്ടുന്ന നെല്ലിന്റെ അളവിലും കുറവുണ്ടാകും. മൂന്നു കുഞ്ഞുങ്ങള്‍ കുടിയില്‍ കാത്തിരിക്കുന്നുണ്ട്. അവരുടെ വിശപ്പടക്കണം. അതുകൊണ്ട് എതിര്‍ക്കാനൊന്നും വയ്യ.

നൂറന്‍ കിഴങ്ങ് മാന്തണമെന്ന് മൂത്തവനെ പറഞ്ഞേല്പിച്ചാണ് പോന്നത്. മാന്തിയെങ്കില്‍ അവര്‍ കുറച്ചെങ്കിലും ചുട്ടു തിന്നാതിരിക്കില്ല. ഇളയവന്‍ വിശപ്പു വന്നാല്‍ കണ്ണുകാണാതെ കരയുന്നവനാണ്. അതുകൊണ്ട് അവനു വേണ്ടിയെങ്കിലും മാന്തിക്കൊടുത്തിട്ടുണ്ടാകണം.

പണി തീര്‍ത്ത് തിടുക്കപ്പെട്ട് വരുമ്പോഴാണ് പത്തിമുതലാളിയുടെ കണ്ണില്‍ പെട്ടത്. പ്രദേശത്തെ ജന്മിയാണ്. കാച്ചയും അവളുടെ ഭര്‍ത്താവുമൊക്കെ അയാളുടെ കുടികിടപ്പുകാരാണ്. അതുകൊണ്ടുതന്നെ ഓടാനോ ഒളിക്കാനോ കഴിയില്ല. അങ്ങനെ ചെയ്താല്‍ നാളെ പത്തിമുതലാളിയുടെ ആളുകള്‍ പിടിച്ചു കെട്ടുന്നത് മറ്റെന്തെങ്കിലും കാരണം പറഞ്ഞാകും. കുട്ടികള്‍ക്കും കെട്ടിയവനുമെല്ലാം അടികിട്ടും. കെട്ടിയിട്ടാണ് സാധാരണ അടിക്കുന്നത്. കലി അടങ്ങാതെ വരുമ്പോള്‍ കാന്താരി അരച്ച് അടിയുടെ മുറിവില്‍ പുരട്ടും. ചിലപ്പോള്‍ കണ്ണിലും തേയ്ക്കും. അതുകൊണ്ട് പറയുന്നത് കേള്‍ക്കുക എന്നതുമാത്രമേ പോംവഴിയുള്ളു.

കുടിയിലേക്ക് പോകുന്ന വഴിയില്‍ ചുള്ളി പെറുക്കാമെന്ന് കരുതിയതാണ് കുഴപ്പമായത്. നേരേ പോയാല്‍ മതിയായിരുന്നു.നെല്ലുകുത്തി അരിയാക്കി കഞ്ഞി വെച്ചിട്ടു വേണം. താമസിക്കണ്ട എന്നു കരുതിയാണ് വിറകു കൂടിയെടുത്തത്. ആ സമയത്താണ് പത്തിമുതലാളി വന്നത്.
അയാളുടെ മുക്രയ്ക്ക് വേഗത കൂടി വരുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോഴേക്കും അതൊരു ഞരക്കമായി മാറി. അപ്പോഴും മുടിയിലെ പിടുത്തം അയാള്‍ വിട്ടിട്ടുണ്ടായിരുന്നില്ല.

കാച്ചയ്ക്ക് ഒരു പാട്ടു പാടാന്‍ തോന്നി. മക്കളെ താരാട്ടു പാടിയുറക്കുന്ന ഒരു പാട്ടാണ് നാവില്‍ വന്നത്:-

ഉറങ്കിക്കോഗൂ മോളെ നീയു
ഉറങ്കിക്കോഗു മോളെ
അപ്പെനിലാമാ തോക്കുകാറെ
ബെടിക്കാറെ നോ
അമ്മേലാമാ കരിനെണ്ടിന്റ
കൊമ്പു കുണ്ടാവാ
മോളു നീയു ഉറാങ്കിക്കോത്താമാ
തിരുവാള തന്റ തോശ്ശനെ
പുള്ളെക്കു മൊന്റു അമ്മേ കുണ്ടാവോ
മോളെ നീയു ഉറാങ്കിക്കോഗു
മോളെ നീയൂ ഉറാങ്കിക്കോത്തമാ…

അവള്‍ക്കു ചിരിവന്നു. തന്റെ മൂന്നു മക്കളില്‍ നടുവിലത്തവള്‍, ഞൂലി, പത്തിയുടെ മൂത്ത മകന്റെ മകളാണല്ലോ എന്ന് ആ ചിരിക്കിടയില്‍ അവളോര്‍ത്തു. അതോര്‍മ്മ വന്നപ്പോള്‍ വെറുതെയെന്തിനോ അവള്‍ വീണ്ടും ചിരിച്ചു.

പത്തിമുതലാളി മുടിയിലെ പിടിവിട്ടു. രണ്ടു കൈകൊണ്ടും അവളുടെ ചന്തിയെ തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ തുടങ്ങി. മുക്ര ഞരക്കമായി. ക്രമേണ അതും നിന്നു.

“ഫ്പോ” ഒരാട്ടാണ് പിന്നെ കേട്ടത്. അതോടൊപ്പം അയാള്‍ കാച്ചയെ ശക്തമായി മുന്നോട്ടു തള്ളി.

“കുളിക്കാത്ത ച്ഛെവം…. “ തള്ളിയതിനു പുറമേ അവളുടെ പിന്നിലൊരു ചവിട്ടു കൊടുക്കാനും അയാള്‍ മറന്നില്ല. അവള്‍ വേച്ചു വീണത് കണ്ടത്തിലേക്കാണ്. അവിടെത്തന്നെ കിടന്നു. പെട്ടെന്നെങ്ങാനും എഴുന്നേറ്റുപോയാല്‍ വീണ്ടും കിട്ടും.

പത്തി തുണി തപ്പിയെടുത്ത് ഉടുത്തു. കോണകം അവിടെത്തന്നെ കിടന്നു. വടിയെടുത്തു കോണകം തോണ്ടി തോളിലിട്ടു. വീണു കിടക്കുന്ന കാച്ചയെ നോക്കി കാറിത്തുപ്പിക്കൊണ്ട് അയാള്‍ നടന്നു.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.