Sun. Dec 22nd, 2024
#ദിനസരികള്‍ 1020

 
മുന്നൂറ്റിയിരുപത്തിനാലു പേരില്‍ നാല്പത്തിരണ്ടു മലയാളികളുമായി വുഹാനില്‍ നിന്നുമുള്ള വിമാനം ഇന്ന് പുലര്‍‌ച്ചേ ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നു. രോഗം ബാധിച്ചിട്ടില്ലെന്ന് ചൈനീസ് അധികൃതര്‍ ഉറപ്പാക്കിയിട്ടുള്ളവരെയാണ് ഇന്ത്യയിലേക്ക് പോകാന്‍ അനുവദിച്ചത്. ബാധിതരായവരാകട്ടെ ചൈനയില്‍ തന്നെ തുടരുകയാണ്. ഇന്ത്യയിലേക്ക് എത്തിയവരെ പ്രത്യേകമായി തയ്യാറാക്കിയ കേന്ദ്രങ്ങളില്‍ രണ്ടാഴ്ചക്കാലം താമസിപ്പിച്ച് നിരീക്ഷിച്ചതിനുശേഷമാണ് അനന്തര നടപടികള്‍ നിശ്ചയിക്കുക.

ചൈനയിലെപ്പോലെ നിയന്ത്രണാതീതമാകാത്തതുകൊണ്ടുതന്നെ കൂടുതല്‍ കരുതലും ശ്രദ്ധയും നിരീക്ഷണത്തിലുള്ളവര്‍ക്ക് ലഭിക്കുമെന്നതിനാല്‍ അവരൊക്കെ ജീവിതത്തിലേക്ക് മടങ്ങി വരികതന്നെ ചെയ്യും. എന്നാല്‍ ചൈനയില്‍ അവശേഷിക്കുന്നവരെക്കുറിച്ച് ഏറെ ആശങ്കകളുണ്ട്. വഴിവക്കില്‍ മരിച്ചു വീണുകിടന്നിട്ടും ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നാം വായിച്ചു.

കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനിലേയും സമീപനഗരങ്ങളിലേയും മറ്റു ജനപദങ്ങളിലേയും സാഹചര്യങ്ങളെന്താണെന്ന് നമുക്ക് വ്യക്തമായി അറിയില്ല. ഒരു കാര്യം ഉറപ്പാണ്. ചൈനയില്‍ കൊറോണ ബാധിക്കപ്പെട്ടിരിക്കുന്ന പതിനാലോളം നഗരങ്ങളിലെ ജീവിതം അതിദുസ്സഹമാണ്.

ഇരുന്നൂറോ അതില്‍ കൂടുതലോ മില്ല്യണ്‍ ജനതയെ തുടച്ചു നീക്കിയ മധ്യകാല യൂറോപ്പിനെ ബാധിച്ച പ്ലേഗിനെക്കാള്‍ മൂന്നോ നാലോ ഇരട്ടിയാളുകള്‍ കൊല്ലപ്പെടുമെന്നാണ് ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ എറിക് ടോണറിനെപ്പോലെയുള്ളവര്‍ പ്രവചിക്കുന്നത്. അതിദ്രുതം ചൈനയില്‍ നിന്ന് ലോകത്തിലെ മറ്റു രാജ്യങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ ഇനിയും എന്തൊക്കെയാണ് ഉണ്ടാക്കിയെടുക്കാന്‍ പോകുന്ന വിപത്തുകളെന്നത് അപ്രവചനീയമാണ്. നാളിതുവരെ നാം നേരിട്ട മറ്റേതെങ്കിലും പകര്‍ച്ച വ്യാധികളെക്കാള്‍ കൊറോണയ്ക്ക് പ്രഹരശേഷി കൂടുതലാണ്. അതുകൊണ്ടാണ് ലോകാരോഗ്യസംഘടന ലോകമാസകലം ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

സാഹചര്യങ്ങള്‍ ഇത്രയും സങ്കീര്‍ണമായിരിക്കേ അലസമായി നാം കൊറോണയോട് പ്രതികരിക്കുന്നത്, അല്ലെങ്കില്‍ ആവശ്യമായ കരുതലുകളെടുക്കാത്തത്, അതിദയനീയമാണ്. ഇതുപറയാന്‍ കാരണം, തൃശ്ശൂരില്‍ കൊറോണ ബാധിതയായ കുട്ടിയുടെ കൂടെയുണ്ടായിരുന്നയാള്‍ ചികിത്സ തേടാന്‍ തയ്യാറാകാത്ത വാര്‍ത്ത കണ്ടതുകൊണ്ടാണ്. അവര്‍ പ്രാര്‍ത്ഥനയില്‍ മാത്രമാണ് വിശ്വസിക്കുന്നതത്രേ!

അതുകൊണ്ടുതന്നെ മരുന്നുകള്‍ കഴിക്കുന്നത് ദൈവത്തെ വെല്ലുവിളിക്കുന്നതാണത്രേ! ചൈനയില്‍ നിന്നും മടങ്ങിയെത്തിയവരില്‍ ഒരാളൊഴിച്ച് ബാക്കിയെല്ലാവരും ചികിത്സ തേടിയെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഈ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. പനി ബാധിച്ചിട്ടും വീട്ടില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്ന അവരെ മണിക്കൂറുകള്‍ നീണ്ട ബോധവത്കരണപ്രവര്‍ത്തികളിലൂടെയാണ് ആശുപത്രിയിലേക്ക് എത്തിച്ചത് എന്ന വാര്‍ത്ത ആരിലും ഞെട്ടലുണ്ടാക്കും.

എന്നു മാത്രവുമല്ല അവരുടെ അമ്മ ഒരു ബാങ്കുദ്യോഗസ്ഥയാണ് എന്നതു കൂടി മനസ്സിലാക്കണം. ചികിത്സ തേടാത്തതിനാല്‍ കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകര്‍ അവരെ ബലമായി വീട്ടിലേക്ക് മടക്കിയയക്കുകയാണുണ്ടായത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തങ്ങളെ മാത്രമല്ല, സമൂഹത്തെ പൊതുവായിത്തന്നെ ബാധിക്കുന്നതാണ് എന്ന തിരിച്ചറിവാണ് നമുക്ക് ആദ്യമായി ഉണ്ടാകേണ്ടത്.

കൈവിട്ടു പോയാല്‍ മനുഷ്യ വര്‍ഗ്ഗത്തെത്തന്നെ ഭൂമിയില്‍ നിന്നും തുടച്ചു നീക്കാന്‍‌ പോന്ന ഒരു ശത്രുവിനോടാണ് നാം ഏറ്റു മുട്ടുന്നത് എന്ന കാര്യം മറക്കാതിരിക്കുക. അതുകൊണ്ട് എന്തെങ്കിലും സംശയം തോന്നിയാല്‍, അസാധാരണമായ ഏതെങ്കിലും സാഹചര്യങ്ങള്‍ അനുഭവപ്പെട്ടാല്‍ എത്രയും വേഗം അധികാരികളെ അറിയിക്കുക എന്ന പ്രഥമിക കടമയാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്. സര്‍ക്കാര്‍ ഏജന്‍സികള്‍ നല്കുന്ന ആധികാരികമായ വിവരങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി, പരിഭ്രാന്തികളോട് വിട പറഞ്ഞ്, പ്രതികരിക്കേണ്ട സമയമിതാണ്.

മരുന്നുകളെക്കുറിച്ചും മറ്റുമായി പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെ തള്ളിക്കളയുകയാണ് ആദ്യമായി ചെയ്യേണ്ടത്. അത്തരം മുതലെടുപ്പുകാരുടെ വലയില്‍ പോയി വീഴാതിരിക്കുകയെന്നും ഈ മഹാമാരിയുടെ പ്രതിരോധത്തിന് സഹായകമാണ്. അതുകൊണ്ട് പ്രാര്‍ത്ഥനകളല്ല, പ്രവര്‍ത്തനങ്ങളാണ് നമ്മെ രക്ഷിക്കുക എന്നാണ് ആദ്യമായി സ്വയം ബോധ്യപ്പെടുത്തേണ്ടത്.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.