Wed. Jan 22nd, 2025
#ദിനസരികള്‍ 1019

 
നമ്മുടെ കൃസ്ത്യന്‍ സമൂഹം തങ്ങളിലെ നാഗവല്ലിയെ ഉള്ളില്‍ ഒളിപ്പിച്ചു വെച്ചുകൊണ്ട് പുറമേ ഗംഗയായി ജീവിക്കുന്ന ഇരട്ടവ്യക്തിത്വമുള്ള ഒരു ജനതയാണോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ഇക്കഴിഞ്ഞ ദിവസം പുരോഹിതനായ ജോസഫ് പുത്തന്‍ പുരയ്ക്കല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളാണ് അത്തരത്തിലുള്ള ഒരു ചോദ്യത്തെ പ്രസക്തമാക്കുന്നത്. മുസ്ലിംജനതയോട് ഉള്ളിലടക്കിപ്പിടിച്ച വെറുപ്പോടെയാണ് കൃസ്ത്യാനികള്‍ ജീവിച്ചു പോകുന്നതെന്നും അതുകൊണ്ടുതന്നെ ഹിന്ദുത്വവാദികളുടെ മുസ്ലിംവിരുദ്ധ നീക്കങ്ങളെ ഒരളവുവരെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ആകെത്തുക.

തികച്ചും വ്യക്തിപരമാണ് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ അഭിപ്രായമെന്ന് കണക്കാക്കി തള്ളിക്കളയേണ്ടതാണ് പ്രസംഗത്തില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെന്ന അഭിപ്രായം എനിക്കില്ല. മറിച്ച് കൃസ്ത്യന്‍ പൊതുമനസ്സില്‍ അടിഞ്ഞു കൂടിക്കിടക്കുന്ന സവര്‍ണതയുടെ പക്ഷപാതപരമായ ബഹിര്‍സ്ഫുരണങ്ങളാണ് അവ എന്ന ചിന്തയായിരിക്കും വസ്തുതകളോട് കൂടുതലായി അടുത്തു നില്ക്കുന്നത്.

മുസ്ലീങ്ങളെ പൊതുശത്രുവാക്കി മാറ്റി നിറുത്തുവാനുള്ള ശ്രമങ്ങളെ അറിഞ്ഞുകൊണ്ടുതന്നെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നിലപാടു സ്വീകരിക്കുന്ന ഫാദര്‍ ജോസഫ് എത്ര കുടിലവും നീചവുമായ നുണകളെ കൂട്ടുപിടിച്ചാണ് പാവപ്പെട്ട വിശ്വാസികളുടെ മനസ്സിലേക്ക് ഇസ്ലാം വിരുദ്ധതയെ കുത്തിവെയ്ക്കുന്നതെന്നു കൂടി ചിന്തിക്കുമ്പോഴാണ് അദ്ദേഹം ചീറ്റുന്ന വിഷത്തിന്റെ കാഠിന്യം നമുക്ക് മനസ്സിലാകുകയുള്ളു. തീവ്രഹിന്ദുത്വ ശക്തികളായ ശിവസേനയുള്ളതുകൊണ്ടാണ് മഹാരാഷ്ട്രയില്‍ ജീവിച്ചു പോകാന്‍ കഴിയുന്നത് എന്നാണ് അച്ചന്‍ കണ്ടുപിടിച്ചിരിക്കുന്നത്. എന്തായാലും ഫാദർ ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ പ്രസംഗം മതങ്ങള്‍ തമ്മിലുള്ള വൈരനിര്യാതനബുദ്ധി വെളിവാക്കുന്ന ചര്‍ച്ചകള്‍ക്ക് വേദി തുറന്നിടുന്നുണ്ട്.

കൃസ്ത്യന്‍ മുസ്ലിം ശത്രുതയ്ക്ക് പുരാണങ്ങളോളംതന്നെ പഴക്കമുണ്ടെങ്കിലും വര്‍ത്തമാനകാലത്ത് പൊതുവേ ശാന്തരായ ഒരു സമൂഹമായിട്ടാണ് കൃസ്ത്യന്‍ മതത്തെ ഇന്ത്യന്‍ പരിസരത്തിലെങ്കിലും പ്രകീര്‍ത്തിക്കാറുള്ളത്. ഹിന്ദുത്വവാദികളില്‍ നിന്നും അടികളേറ്റു വാങ്ങി തങ്ങളുടെ സുവിശേഷ ജോലികളുമായി ഒതുങ്ങി ജീവിക്കുന്നവരെന്ന പരിവേഷത്തിനപ്പുറം ആ സമൂഹം മറ്റു പലതും ആലോചിക്കുന്നുണ്ടെന്നാണ് ജോസഫിന്റെ പ്രസംഗം ചൂണ്ടിക്കാണിക്കുന്നത്. അതുപക്ഷേ ഒരു മതേതര സ്വഭാവമുള്ള സമൂഹഘടനയെ ഏതെങ്കിലും വിധത്തില്‍ പരിപോഷിപ്പിക്കുന്നതല്ല എന്നതാണ് ഏറെ ഖേദകരമായിട്ടുള്ളത്.

പല സ്വകാര്യ സംഭാഷണത്തിലും പുറമേ കാണിക്കാറില്ലെങ്കിലും കൃസ്ത്യന്‍ മനസ്സില്‍ മതവര്‍ഗ്ഗീയത വളരെ ശക്തമാണെന്ന അഭിപ്രായം പലരും ഉന്നയിച്ചു കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും മുസ്ലീങ്ങളോടാകുമ്പോള്‍ അതിനൊരു പ്രത്യേക തീവ്രത കൂടി ലഭിക്കുന്നു. തങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരാണെന്നാണ് പൊതുവേ ആ ജനസമൂഹം ചിന്തിച്ചു പോകുന്നത്. (ഗ്രഹാം സ്റ്റെയിനിനെപ്പോലെയുള്ളവരെ പച്ചക്കു കത്തിച്ചപ്പോള്‍ മതംമാറ്റാന്‍ പോയിട്ടല്ലേ എന്ന് ന്യായീകരിച്ച ചരിത്രവും ഇക്കൂട്ടര്‍ക്കുണ്ട്. അതോടൊപ്പം തങ്ങളെ തൊട്ടാല്‍ അമേരിക്ക രക്ഷകരായി എത്തുമെന്നുമുള്ള ഒരു വിശ്വാസം പലരും ഉന്നയിക്കുന്നത് കേള്‍ക്കാറുമുണ്ട്.)

ശിവസേനയെക്കാള്‍ അപകടകാരികളായി മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന കൃസ്ത്യന്‍ ബുദ്ധികേന്ദ്രങ്ങള്‍ പക്ഷേ ചരിത്രത്തെ വായിച്ചുകൊണ്ടല്ല ഇത്തരം നിലപാടുകളിലേക്ക് എത്തുന്നതെന്ന് വ്യക്തമാണ്. അടികൊള്ളാന്‍ നിലവില്‍ മുസ്ലിം ചെണ്ടയുള്ളതുകൊണ്ടുമാത്രമാണ് കൃസ്ത്യാനികളിലേക്ക് കോലെത്താതിരിക്കുന്നത്. അതുകൊണ്ട് തങ്ങള്‍ സുരക്ഷിതരാണെന്നും മുസ്ലിംങ്ങള്‍ക്ക് രണ്ടു കിട്ടുന്നതില്‍ വേവലാതിയൊന്നുമില്ലെന്നും അങ്ങനെ തല്ലാന്‍ ആളില്ലാതെ വന്നാല്‍ മുസ്ലീങ്ങളുടെ ഭീഷണി തങ്ങള്‍‌ക്കെതിരെയായിരിക്കണമെന്നും വാദിക്കുന്നത് എത്ര അസംബന്ധമാണെന്ന് നാം തിരിച്ചറിയേണം.

എന്തായാലും മതങ്ങള്‍ തമ്മിലുള്ള കാലുഷ്യങ്ങള്‍ ഏറെ അധികരിച്ചിരിക്കുന്ന ഇക്കാലത്ത് അന്യമതവെറിയുടെ ഒളിച്ചു വെച്ച അജണ്ടയുമായി കൃസ്ത്യന്‍ സമൂഹം ഇവിടെ കഴിഞ്ഞു പോകുന്ന അവസ്ഥയുണ്ടായിക്കൂടാ. അതുകൊണ്ട് സാധാരണക്കാരായ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന ജോസഫിനെപ്പോലെയുള്ള പാതിരിമാരുടെ ഇത്തരം നീക്കങ്ങളെ നാം വേരോടെ പിഴുതുമാറ്റേണ്ടതുണ്ട്. അഥവാ രണ്ടു ഹിന്ദുവും മുസ്ലീങ്ങളും തമ്മിലുള്ള അടികള്‍ക്കിടയില്‍ ചോര കുടിക്കുന്ന ഒരു ചെന്നായയുടെ വേഷമാണ് തങ്ങള്‍ക്ക് നല്ലതെന്ന് കൃസ്ത്യന്‍ സമൂഹത്തിലെ ഭൂരിഭാഗവും ചിന്തിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, മറിച്ചായാല്‍ കഷ്ടമെന്നല്ലാതെ എന്തു പറയാന്‍.

ഒരു കാര്യം കൂടി പറയേണ്ടതുണ്ടെന്ന് തോന്നുന്നു. അത് ജോസഫച്ചന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഇസ്ലാമോഫോബിയ ഉണ്ടാക്കിയെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് കൃസ്ത്യന്‍ മതവിഭാഗങ്ങള്‍ അസംഗതമായ, അസാധാരണമായ ഒരു സാഹചര്യത്തില്‍ ലവ്വ് ജിഹാദുമുയര്‍ത്തിക്കൊണ്ട് വന്നത് എന്നു കൂടി പരിശോധിക്കപ്പെടണമെന്നതാണ്. മുസ്ലിം മതവിഭാഗത്തോടുള്ള വെറുപ്പ് വളര്‍‌ത്താന്‍ കൃസ്ത്യാനികളുടെയിടയില്‍ ഭൂരിപക്ഷ തീവ്രവാദ സംഘടനകളില്‍ നിന്നോ മറ്റേതെങ്കിലും ഇടങ്ങളില്‍ നിന്നോ ഈ പുരോഹിതനടക്കമുള്ളവര്‍ പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടോയെന്നു കൂടി കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കണം. അത് പൌരജീവിതത്തെ സ്വസ്ഥമായി മുന്നോട്ടു കൊണ്ടുപോകാന്‍ നമ്മുടെ ജനാധിപത്യ ഘടനയില്‍ അത്യന്താപേക്ഷിതമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മനോജ് പട്ടേട്ട്, വയനാട്ടിലെ മാനന്തവാടി സ്വദേശി.

അഭിപ്രായങ്ങൾ ലേഖകന്റേതു മാത്രം.