Mon. Dec 23rd, 2024
ഡല്‍ഹി:

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന പേരാണ് ഷര്‍ജീല്‍ ഇമാം. അസമുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവന രാജ്യദ്രോഹപരമാണെന്ന് ആരോപിച്ചാണ് ഇമാമിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അമിത് ഷാ പോലും പാരമര്‍ശിക്കുന്ന ഷര്‍ജീല്‍ ഇമാം ആരാണ്? 

ജെഎന്‍യു വിദ്യര്‍ത്ഥി യൂണിയന്‍ നേതാവായിരുന്ന കനയ്യകുമാറിനെക്കാള്‍ അപകടകാരിയാണ് ഇമാമെന്നാണ് അമിത്ഷാ പങ്കുവച്ച ആശങ്ക. ആറ് സംസ്ഥാനങ്ങളിലാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. ബിഹാറിലെ ജെഹാനബാദില്‍നിന്നാണ് ഒടുവില്‍ അറസ്റ്റിലാകുന്നത്.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നതിനെതിരെ ഡല്‍ഹിയിലെ ഷാഹിന്‍ ബാഗില്‍ നടക്കുന്ന സമരത്തിന്റെ തുടക്കത്തില്‍ സമരനായകരില്‍ ഒരാളായിരുന്നു ഷര്‍ജീല്‍. ജനുവരി രണ്ടു വരെ ഷഹീന്‍ ബാഗിലെ സമരവുമായി ഷര്‍ജീല്‍ സൗത്ത് ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. പിന്നീടാണ് സമരം പ്രദേശത്തെ സ്ത്രീകള്‍ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയത്.

അക്ബര്‍ ഇമാമിന്‍റെ രണ്ട് പുത്രന്മാരില്‍ മുതിര്‍ന്നവന്‍

ബീഹാറിന്റെ തലസ്ഥാന നഗരിയായ പാട്നയില്‍ നിന്ന് 75 കിലോ മീറ്റര്‍ അകലെയുള്ള ജെഹാനാബാദിലെ കാകോ ഗ്രാമത്തില്‍ ജനിച്ച ഇമാം ചെറുപ്പം തൊട്ടേ പുസ്തകങ്ങള്‍ക്കു നടുവിലായിരുന്നു സമയം ചെലവഴിച്ചത്. ഇമാമിനെ ജീവിതത്തില്‍ ഏറെ സ്വാധീനിച്ച രണ്ട് വിഷയങ്ങളായിരുന്നു ചരിത്രവും, കമ്പ്യൂട്ടറും.

ജനതാദള്‍ (യുണൈറ്റഡ്) നേതാവായിരുന്ന പരേതനായ അക്ബര്‍ ഇമാമിന്റെ രണ്ടു മക്കളില്‍ മൂത്തയാളാണ് ഷര്‍ജീല്‍ ഇമാം. മാതാവ് അഗ്സാന്‍ റഹീം. അക്ബര്‍ ഇമാം ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ജെഡിയു ടിക്കറ്റില്‍ മത്സരിച്ചിരുന്നു. കാന്‍സര്‍ ബാധയെത്തുടര്‍ന്ന് അഞ്ച് വര്‍ഷം മുമ്പാണ് മരണപ്പെട്ടത്.

2006 ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇമാം, ആദ്യ ശ്രമത്തിൽ തന്നെ ജെഇഇ പ്രവേശന പരീക്ഷ വിജയിച്ചു. കമ്പ്യൂട്ടർ സയൻസിൽ ബി. ടെക്കിനായി ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സ്ഥാനം നേടി. 200 ബിരുദ ധാരികളുള്ള ഒരു ക്ലാസ്സിലെ ഏക മുസ്ലീമായിരുന്നതിനെക്കുറിച്ച് ഇമാം മുമ്പ് എഴുതിയിട്ടുണ്ട്.

“മുസ്ലീങ്ങൾക്കെതിരായ നിരവധി അഭ്യൂഹങ്ങളും മുൻവിധികളും തെറ്റായ വിവരമുള്ള നിരവധി ഹിന്ദു വിദ്യാർത്ഥികൾ പ്രചരിപ്പിക്കുകയും, മറ്റുള്ളവര്‍ അത് സത്യമായി കണക്കാക്കുകയും ചെയ്തു, കാരണം അവരെ തടയാൻ മുസ്ലീങ്ങൾ ഇല്ലായിരുന്നു” ഇമാം എഴുതിയത് ഇങ്ങനെയായിരുന്നു.

കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയില്‍ നിന്ന് വിവര സാങ്കേതിക വിദ്യയില്‍ പഠനം നടത്തിയ ഇമാം 2017ല്‍ ജവഹര്‍ ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. ആധുനിക ഇന്ത്യാ ചരിത്രത്തില്‍ പിഎച്ച്ഡി നേടി.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ തുടക്ക കാലത്ത് ഇദ്ദേഹം ഇടതു സംഘടനയായ ഐസയുടെ പ്രവര്‍ത്തകനായിരുന്നു. പിന്നീട് ഇടതുസംഘടനകളുമായി ഉണ്ടായ അഭിപ്രായ വ്യത്യാസം മൂലം അകന്നു. ജെഎന്‍യു പോലുള്ള സര്‍വകലാശാലകളിലെ ഇടതു സംഘടനകളില്‍ പോലും വര്‍ധിച്ച തോതില്‍ ഇസ്ലാം ഭീതിയുണ്ടെന്നതായിരുന്നു ഇദ്ദേഹത്തിന്റെ ഒരു പ്രധാന വിമര്‍ശനം.

രാജ്യദ്രോഹ കുറ്റവും അറസ്റ്റും

അസമിനെ ഇന്ത്യയില്‍ നിന്ന് വിഘടിപ്പിക്കുന്നതിനെ കുറിച്ച് ചിക്കന്റെ കഴുത്ത് മുറിക്കുന്നതിനോട് ഉപമിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നത്. തനിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ പ്രസംഗം ഏതെങ്കിലും പൊതുപരിപാടിയിലോ രാഷ്ട്രീയ പരിപാടിയിലൊ നടത്തിയതല്ലെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഷര്‍ജീല്‍ വ്യക്തമാക്കിയതെന്നാണ് പോലീസ് പറയുന്നത്.

ഒരു മുറിയിലെ 30-35 ആളുകള്‍ പങ്കെടുത്ത പ്രസംഗമാണ് വൈറലായിരിക്കുന്നതെന്നും ഇതോടെ താന്‍ ഒരു നല്ല പ്രഭാഷകനല്ലെങ്കിലും പലരും തന്നെ പൊതു പ്രഭാഷണങ്ങള്‍ക്ക് വിളിക്കാന്‍ തുടങ്ങി എന്നുമാണ് അദ്ദേഹം പറഞ്ഞതെന്നാണ് പോലീസ് വൃത്തങ്ങല്‍ അറിയിക്കുന്നത്. 

പ്രസംഗം നടത്തി എന്ന് പറയപ്പെടുന്ന ഡിസംബര്‍ 13ന് ശേഷം 42 ദിവസം കഴിഞ്ഞിട്ടാണ് അദ്ദേഹത്തിനെതിരെ കേസ് റെജിസ്റ്റര്‍ ചെയ്യുന്നത്. തന്റെ പ്രസംഗം ഇത്തരം ഒരു കോലാഹലം സൃഷ്ടിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നായിരുന്നു ഷര്‍ജീലിന്‍റെ പ്രതികരണം.

 

ഡിസംബര്‍ 13നും 15നും ജാമിയ സര്‍വ്വകലാശാലയിലും ന്യൂ ഫ്രണ്ട്സ് കോളനിയിലും നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പട്ട് ജാമിയ നഗര്‍, ന്യൂ ഫ്രണ്ട്സ് കോളനി പോലീസ് സ്റ്റേഷനുകളിലായി റെജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ ഇദ്ദേഹത്തിന്റെ പങ്ക് അന്വേഷിക്കുമെന്നാണ് ഇമാമിനെ അറസ്റ്റ് ചെയ്തതിന് ശേഷം ഡല്‍ഹി പോലീസ് വ്യക്തമാക്കിയത്. 

ജനുവരി 28ന് മൂന്നു മണിക്ക് താന്‍ പോലീസിന് മുന്‍പില്‍ കീഴടങ്ങുകയായിരുന്നു എന്നാണ് ഷര്‍ജീല്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്. “അന്വേഷണവുമായി സഹകരിക്കാന്‍ ഞാന്‍ തയ്യാറാണ്. നിയമാനുസൃതമായ നിയമ പ്രക്രിയയില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. എന്റെ സുരക്ഷയും സുരക്ഷിതത്വവും ഇപ്പോള്‍ ഡല്‍ഹി പോലീസിന്റെ കൈയിലാണ്. സമാധാനം ജയിക്കട്ടെ” എന്നായിരുന്നു ട്വീറ്റ്.


എന്നാല്‍, അദ്ദേഹത്തെ വീടിന് പുറത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും, ഏതെങ്കിലും കോടതിയിലോ പോലീസ് സ്റ്റേഷനിലോ വന്ന് അദ്ദേഹം കീഴടങ്ങുകയായിരുന്നില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് രാജേഷ് ഡിയോ അവകാശപ്പെട്ടു. 

ഡല്‍ഹിക്ക് പുറമെ ബിഹാര്‍, അസം, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഇമാമിനെതിരെ രണ്ട് വ്യത്യസ്ത വീഡിയോകളുടെ പേരില്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുകള്‍ റജിസ്റ്റര്‍ ചെയ്തയുടനെ ഷര്‍ജീല്‍ ഒളിവില്‍ പോകുകയായിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പോലീസ് സംഘങ്ങള്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ (രാജ്യദ്രോഹം), 153എ (മതവിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തല്‍), 505 (പൊതു കുഴപ്പങ്ങള്‍ക്ക് കാരണമാകുന്ന പ്രസ്താവനകള്‍ നടത്തല്‍) എന്നിവ പ്രകാരം ഇമാമിനെതിരെ കേസെടുത്തത്. ഇമാമിന് പോപുലര്‍ ഫ്രണ്ടുമായുള്ള ബന്ധം പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

“പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് അവന് ആശങ്കയുണ്ടായിരുന്നു. പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയാല്‍ അത് രാജ്യത്തെ മുഴുവന്‍ ദരിദ്രരെയും ബാധിക്കുമെന്നാണ് അവന്‍ ഭയക്കുന്നത്” എന്നാണ് മകന്‍റെ അറസ്റ്റിനു പിന്നാലെ, ഷര്‍ജീലിന്റെ മാതാവ് അഗ്‌സാന്‍ റഹീം പ്രതികരിച്ചത്.