Mon. Dec 23rd, 2024
ലണ്ടന്‍:

യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ബ്രിട്ടീഷ് പ്രതിനിധികള്‍ പടിയിറങ്ങുന്നു. ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം ബ്രെക്സിറ്റ് കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. യൂറോപ്യൻ യൂണിയനിൽനിന്നു വിട്ടുപോകുന്നതിനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബ്രെക്സിറ്റ് ബില്ലിന് യൂറോപ്യന്‍ പാര്‍ലമെന്റ് വോട്ടിനിട്ട് അന്തിമ അംഗീകാരം നല്‍കിയിരിക്കുന്നു.

751 അംഗ പാര്‍ലമെന്റില്‍ 621 പേരും ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. ചരിത്രപരമായ വോട്ടിനു ശേഷം യൂറോപ്യന്‍ പാര്‍ലമെന്റ് ബ്രിട്ടീഷ് പ്രതിനിധികള്‍ക്ക് യാത്രയയപ്പും നല്‍കി. 47 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പടികളിറങ്ങുമ്പോള്‍ ചിലരുടെ മുഖത്ത് കണ്ണീരായിരുന്നെങ്കില്‍ ചിലരില്‍ സ്വപ്ന സാഫല്യത്തിന്റെ പ്രതീതിയായിരുന്നു. 73 അംഗങ്ങളായിരുന്നു ബ്രിട്ടനെ പ്രതിനിധാനം ചെയ്ത് യൂറോപ്യൻ പാർലമെന്റിൽ ഉണ്ടായിരുന്നത്.

ബ്രിട്ടന്റെ ഇരു പാർലമെന്റ് ഹൗസുകളും പാസാക്കിയ ബിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും ഒപ്പു വച്ചതോടെയാണ് നിയമമായത്. നാളെ ബ്രിട്ടീഷ് സമയം രാത്രി 11നാണ് ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാകുക. യൂറോപ്യൻ യൂണിയനിൽ അംഗമല്ലാതാകുന്ന സാഹചര്യത്തിൽ ജനുവരി 31 ശനിയാഴ്ച രാവിലെ ബ്രസൽസിലെ പാർലമെന്റ് മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തും. ബ്രസൽസിലെ ബ്രിട്ടീഷ് മ്യൂസിയത്തിനു മുന്നിലാകും പിന്നീട് ഈ പതാക സ്ഥാപിക്കുക.

ബ്രക്സിറ്റ് നടപ്പിലായാലും പിന്നീടുള്ള 11 മാസം ഇതിന്റെ പരിവർത്തന കാലയളവാണ് (ട്രാൻസിഷൻ പീരീഡ്). ഇരുപക്ഷവും തമ്മിലുള്ള വ്യാപാര കരാറുകളും മറ്റു സുപ്രധാന വിഷയങ്ങളും ഇതിനിടെ ചർച്ചചെയ്താകും തീരുമാനിക്കുക. അതിനാൽ തന്നെ പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുന്നതായി ജനുവരി 31നു ശേഷവും സാധാരണ ജനങ്ങൾക്ക് അനുഭവപ്പെടില്ല.

എന്താണ് ബ്രക്സിറ്റ്?

 

28 യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടുന്ന സാമ്പത്തിക, രാഷ്ട്രീയ യൂണിയനാണ് യൂറോപ്യൻ യൂണിയൻ. ചെക്കിങ്ങോ, അധിക നിരക്കുകളോ ഇല്ലാതെ ചരക്കുകൾക്ക് അംഗരാജ്യങ്ങൾക്കിടയിൽ നീങ്ങാൻ കഴിയുന്ന സ്വതന്ത്ര വ്യാപാരവും, ആളുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും അവർ തിരഞ്ഞെടുക്കുന്ന ഏത് രാജ്യത്തും താമസിക്കാനും ജോലി ചെയ്യാനുള്ള അവസരവുമാണ് യൂണിയന്‍ ഉറപ്പ് നല്‍കുന്നത്.

1973ലാണ് യുകെ യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നത്. അന്ന്, യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റി എന്നായിരുന്നു യുകെ അറിയപ്പെട്ടിരുന്നത്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കുന്ന നടപടിയാണ് ബ്രെക്സിറ്റ്. ബ്രിട്ടണ്‍ (BRITAIN), പുറത്തുകടക്കല്‍ (EXIT) എന്നീ രണ്ട് വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് ബ്രെക്സിറ്റ്(BREXIT) എന്ന വാക്കുണ്ടായത്.

യൂറോപ്യന്‍ യൂണിയനില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന നഗരം എന്ന നിലയില്‍ ലണ്ടന്‍ സ്വാഭാവികമായും യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ പങ്കാളിയായി മാറിയിരുന്നു. ലണ്ടന്‍ നഗരത്തിലേക്ക് യൂറോപ്യന്‍ യൂണിയനിലെ ദരിദ്രരാഷ്ട്രങ്ങളില്‍ നിന്ന് കുടിയേറ്റം ഉണ്ടാവുകയും ചെയ്തു. യൂണിയനില്‍ തുടരുന്നത് ബ്രിട്ടണ് ലാഭത്തെക്കാള്‍ നഷ്‍ടമാണെന്ന വിലയിരുത്തലിനു പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ആഹ്വാനം ഉണ്ടായത്. യൂണിയനില്‍ നിന്ന് പിന്മാറുന്ന ആദ്യത്തെ അംഗരാജ്യമാണ് ബ്രിട്ടണ്‍.

2016 ജൂണ്‍ 23ന് നടന്ന ജനഹിത പരിശോധനയില്‍ 52% പേര്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടണം എന്ന് തീരുമാനിച്ചു. 48% പേര്‍ ബ്രിട്ടണ്‍ തുടരണമെന്ന് വോട്ട് ചെയ്‍തു. ഇംഗ്ലണ്ട്, വെയില്‍സ്‍ എന്നിവിടങ്ങളിലുള്ളവര്‍ ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്‍തപ്പോള്‍ സ്കോട്‍ലന്‍ഡ്, നോര്‍തേണ്‍ അയര്‍ലണ്ട് എന്നീ രാജ്യങ്ങളായിരുന്നു യൂണിയനില്‍ തുടരണം എന്ന തീരുമാനമെടുത്തത്.

അംഗീകാരം കാത്തിരുന്ന ബ്രക്സിറ്റ് കരാര്‍

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാനുള്ള തീരുമാനം ഹിതപരിശോധന കൊണ്ടുമാത്രം സാധിക്കില്ലായിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്‍റും യൂറോപ്യന്‍ യൂണിയനും ഇക്കാര്യത്തില്‍ ബില്‍ അവതരിപ്പിച്ച് അംഗീകാരം നേടണം. യൂറോപ്യന്‍ യൂണിയന്‍ ബ്രിട്ടണോട് സമ്മതം മൂളിയെങ്കിലും പാര്‍ലമെന്‍റ് കരാര്‍ അംഗീകരിക്കാത്തതാണ് അനിശ്ചിതത്വം സൃഷ്ടിച്ചത്.

വെറുതെ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ ബ്രിട്ടണ് കഴിയില്ല. നികുതിയും നയങ്ങളും ഉള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ നീക്കുപോക്കുവേണം. മൂന്നു തവണ ഇതിനായി കരാര്‍ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‍ക്ക് മൂന്ന് തവണയും കനത്ത പരാജയം ആണ് നേരിട്ടത്. ഇതോടെ അവര്‍ പ്രധാനമന്ത്രിസ്ഥാനം തന്നെ രാജിവച്ചു.

ബ്രെക്സിറ്റിന്റെ പേരില്‍ വോട്ടു തേടിയാണ് വമ്പൻ ഭൂരിപക്ഷത്തോടെ ബോറിസ് ജോണ്‍സണ്‍ ബ്രിട്ടനില്‍ അധികാരത്തിലെത്തിയത്. തെരേസയുടെ പാര്‍ട്ടിയിലെ കടുത്ത ബ്രെക്സിറ്റ് അനുകൂലിയായ ജോണ്‍സണ്‍ പ്രത്യേകിച്ച് ഒരു കരാറുകളും ഇല്ലാതെ തന്നെ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ തയാറായ വ്യക്തിയാണ്.

ബ്രെക്സിറ്റ് നടപ്പിലാക്കിയാലും വ്യാപാര കരാറുകളിലും മറ്റും അന്തിമ തീരുമാനം എടുക്കുന്നതിനും ഉടമ്പടി വ്യവസ്ഥകൾ പ്രാബല്യത്തിലാക്കുന്നതിനുമുള്ള ട്രാൻസിഷൻ കാലാവധി 2022 ഡിസംബർ വരെ ദീർഘിപ്പിക്കുക എന്നതായിരുന്നു തെരേസ മെയ് കൊണ്ടുവന്ന ബില്ലിലെ വ്യവസ്ഥ.

ബ്രെക്സിറ്റ് നടന്നാലും ആളുകൾക്ക് യൂറോപ്പിലാകമാനം കുറച്ചുകാലം കൂടി പരസ്പരം സ്വതന്ത്രമായി സഞ്ചരിക്കാനും ബ്രിട്ടനിൽ യൂറോപ്യൻ നിയമവ്യവസ്ഥ തുടരാനും അനുമതി നൽകിയിരുന്ന ഈ  സാഹചര്യം  പുതിയ ഉടമ്പടിയിൽ ബോറിസും നിലനിർത്തിയിരുന്നു. എന്നാല്‍, 2020 ഡിസംബറിൽ ട്രാൻസിഷൻ കാലാവധി അവസാനിക്കുംവിധം ബില്ലിൽ ഭേദഗതി വരുത്തി പാർലമെന്റിൽ അവതരിപ്പിക്കാനായിരുന്നു പിന്നീട് സര്‍ക്കാര്‍ തീരുമാനിച്ചത്.

ബ്രെക്സിറ്റിനുണ്ടായ നാളെ നാളെ, നീളെ നീളെ അവസ്ഥ

ബ്രെക്സിറ്റ് എന്തുകൊണ്ട് നീണ്ടുപോകുന്നു എന്നതിന് ഏറ്റവും സുപ്രധാനമായ കാര്യം ബ്രെക്സിറ്റ് കരാര്‍ തന്നെയായിരുന്നു. ഇതില്‍ പ്രധാനം അയര്‍ലണ്ട് ആണ്. തെരേസ മെയ് അവതരിപ്പിച്ച കരാറില്‍ അയര്‍ലണ്ടിനെ കൈകാര്യം ചെയ്‍ത രീതിയാണ് വ്യത്യാസമായത്.

സ്കോട്‍ലണ്ടിനും ഇംഗ്ലണ്ടിനും അപ്പുറത്താണ് അയര്‍ലണ്ട് ദ്വീപ്. വടക്കന്‍ അയര്‍ലണ്ടും റിപ്പബ്ലിക്ക് ഓഫ് അയര്‍ലണ്ടും ചേര്‍ന്ന രണ്ട് ദ്വീപുകളാണ് ഇവ. ഇതില്‍ വടക്കന്‍ അയര്‍ലണ്ട് യുണൈറ്റഡ് കിങ്‍ഡം എന്നറിയപ്പെടുന്ന ഇംഗ്ലണ്ട്, സ്കോട്‍ലണ്ട് എന്നിവയ്‍ക്കൊപ്പമാണ്. അതായത് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ സ്വാഭാവികമായും വടക്കന്‍ അയര്‍ലണ്ട് ഒപ്പം പോകേണ്ടിവരും. റിപ്പബ്ലിക് ഓഫ് അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയനില്‍ തുടരുകയും ചെയ്യും.

വടക്കന്‍ അയര്‍ലണ്ടിനും റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിനും ഇടയ്‍ക്ക് നിലവില്‍ യാതൊരു അതിര്‍ത്തിരേഖകളും ചെക് പോസ്റ്റുകളും ഇല്ല. ഇനിയൊട്ട് സ്ഥാപിക്കാനും കഴിയില്ല. കാരണം വളരെ കലുഷിതമായ ഒരു ഭൂതകാലമാണ് ഒരു ദ്വീപിലെ രണ്ടുരാജ്യങ്ങളും തമ്മിലുള്ളത്.

ചരിത്രം

1960കളില്‍ അയര്‍ലണ്ടിലെ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള സര്‍ക്കാരിന് എതിരെ വിവേചനപരമായ നയങ്ങള്‍ക്ക് എതിരെ രാജ്യത്തെ കത്തോലിക്ക വിശ്വാസികള്‍ പ്രക്ഷോഭം നടത്തി. ഇത് ബ്രിട്ടീഷ് സര്‍ക്കാരിന്റെ സഹായത്തോടെ അടിച്ചമര്‍ത്താന്‍ തീരുമാനിച്ചു.

ഇതോടെ രാജ്യത്ത് രൂക്ഷമായ ചേരിതിരിവ് ഉണ്ടായി. ബ്രിട്ടണില്‍ ചേരണമെന്ന് അഭിപ്രായമുള്ള യൂണിയനിസ്റ്റുകളും ഒറ്റ അയര്‍ലണ്ട് എന്ന ആവശ്യം ഉയര്‍ത്തി നാഷണലിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചു. പലപ്പോഴും ഇത് അയര്‍ലണ്ടും കടന്ന് ഇംഗ്ലണ്ടിലും യൂറോപ്പിലും ആക്രമണങ്ങള്‍ക്ക് കാരണമായി.

ദ് ട്രബിള്‍സ് എന്നറിയപ്പെടുന്ന ഈ സംഘര്‍ഷകാലഘട്ടം ഏതാണ്ട് മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്നു. അയര്‍ലണ്ട് രാജ്യങ്ങള്‍ക്ക് ഇടയിലുണ്ടായിരുന്ന ബ്രിട്ടീഷ് ചെക് പോസ്റ്റുകള്‍ക്ക് നേരെ നിരന്തരം ആക്രമണം നടന്നു. ഒടുവില്‍ 1998ല്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടപ്പോള്‍ അയര്‍ലണ്ടുകള്‍ തമ്മിലുള്ള അതിര്‍ത്തി അപ്രത്യക്ഷമായി. ഇവിടെ ചെക് പോസ്റ്റുകള്‍ ഉള്‍പ്പെടെ ഒരു നിര്‍മ്മിതിയും അയര്‍ലണ്ടും ബ്രിട്ടണും ആഗ്രഹിക്കുന്നില്ല.

ബ്രെക്സിറ്റ് സാധ്യമായാല്‍ അയര്‍ലണ്ട് ഒരിക്കല്‍ക്കൂടി വിഭജിക്കപ്പെടും. വടക്കന്‍ അയര്‍ലണ്ട് ബ്രിട്ടണിലും റിപ്പബ്ലിക് ഓഫ് അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയനിലുമാകും. നികുതി മാറും. ചെക് പോസ്റ്റുകള്‍ വേണ്ടി വരും. ഇത് ഒരിക്കല്‍ക്കൂടി വിഭജനത്തിന്റെ മുറിപ്പാടുകള്‍ ഉണര്‍ത്തും.

അയര്‍ലണ്ടിനെ ഉള്‍പ്പെടുത്തി ബ്രെക്സിറ്റ് കരാര്‍ ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ യുകെ പൂര്‍ണമായും യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് നയങ്ങള്‍ പിന്തുടരുന്നത് തുടരും എന്നായിരുന്നു കരാര്‍. ഇത് അതിര്‍ത്തികളില്‍ ചെക് പോസ്റ്റുകള്‍ ഒഴിവാക്കും എന്നായിരുന്നു മെയ് പറഞ്ഞത്.

ഇത് കനത്ത തിരിച്ചടിയാണ് മെയ്‍ക്ക് നല്‍കിയത്. അയര്‍ലണ്ടിന് വേണ്ടി യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് നയങ്ങള്‍ തുടരുന്നത് ഇയുവില്‍ തുടരുന്നതുമായി എന്ത് വ്യത്യാസമുണ്ടെന്നായിരുന്നു സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും മെയ് നേരിട്ട ചോദ്യം. ഒന്നുകില്‍ ബ്രിട്ടണ്‍ പൂര്‍ണമായും യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കണം. അല്ലെങ്കില്‍ തുടരണം, അതായിരുന്നു ആവശ്യം.

ഹാര്‍ഡ് ബ്രക്സിറ്റും സോഫ്റ്റ് ബ്രക്സിറ്റും

ഒറ്റയടിക്ക് ബ്രിട്ടണ്‍ പുറത്തുപോകുക. ചര്‍ച്ചകള്‍ എല്ലാം പിന്നീടെന്ന് തീരുമാനിക്കുക, എന്നതായിരുന്നു ഹാര്‍ഡ് ബ്രക്സിറ്റ് വഴി ഉന്നം വച്ചത്. അതായത് യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ അനുസരിക്കേണ്ട ബാധ്യതയോ, നികുതിയുള്‍പ്പെടെയുള്ള കാര്യങ്ങളിലോ തീരുമാനം എടുക്കാതെ, യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെടുന്ന നഷ്‍ടപരിഹാരമായ 39 ബില്യണ്‍ ഡോളര്‍ നല്‍കി പിരിയാം. എന്നാല്‍, ചര്‍ച്ചകള്‍ക്കും കരാറുകള്‍ക്കും അപ്പോഴും സാധ്യതയുണ്ടായിരുന്നു.

യൂറോപ്യന്‍ യൂണിയനില്‍ വിപണി കണ്ടെത്താനും കസ്റ്റംസ് നികുതി അടയ്‍ക്കാനും സ്വതന്ത്രമായി വാണിജ്യത്തിനും അനുവദിക്കുക എന്നതാണ് സോഫ്റ്റ് ബ്രക്സിറ്റ് അര്‍ത്ഥമാക്കിയത്. അതായത് യൂറോപ്യന്‍ യൂണിയന്‍ വിട്ടാലും വളരെ പതിയെ ഘട്ടംഘട്ടമായി മാത്രം അതില്‍ നിന്നും പിന്‍വലിയാന്‍ അനുവാദം തേടുക.

മൂന്നു വര്‍ഷത്തെ അനിശ്ചിതാവസ്ഥയ്ക്ക് വിരാമമാകുമ്പോള്‍

തെരേസ മെയ് അവതരിപ്പിച്ച കരാറിന് സമാനമായിരുന്നു ബോറിസ് ജോണ്‍സണ്‍ അവതരിപ്പിച്ച പുതിയ കരാര്‍. ഇതനുസരിച്ച് അയര്‍ലണ്ടില്‍ അതിര്‍ത്തികള്‍ ഉണ്ടാകില്ലെന്ന് ജോണ്‍സണ്‍ ഉറപ്പുവരുത്തുന്നു. യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസില്‍ തുടരുന്ന ബാക് സ്റ്റോപ് ഒഴിവാക്കിയതില്‍ മാത്രമാണ് മാറ്റം.

പുതിയ കരാര്‍ പ്രകാരം, വടക്കന്‍ അയര്‍ലണ്ടിലേക്കുള്ള വസ്‍തുക്കള്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് എത്തിയാല്‍ അവര്‍ ബ്രിട്ടണിലെ കസ്റ്റംസ് തീരുവ അടയ്‍ക്കേണ്ടി വരും. വടക്കന്‍ അയര്‍ലണ്ടില്‍ തന്നെ ഇത് ഉപയോഗിച്ചാല്‍ റീഫണ്ട് ലഭിക്കും. ഇത് റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലേക്ക് പോയാല്‍ യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് തീരുവ ഒടുക്കണം.

മൂന്നുവര്‍ഷത്തെ അനിശ്ചിതാവസ്ഥയ്ക്ക് വിരാമമിട്ട് പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ച് എലിസബത്ത് രാജ്ഞിയും, പ്രധാനമന്ത്രി ബോറിസ് ജോൺസണും ഔദ്യോഗികമായി ഒപ്പുവച്ചതോടെ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായ ബ്രക്സിറ്റ് ഡിവോഴ്സ് ബില്ല് അംംഗീകരിക്കപ്പെട്ട നിയമമാവുകയായിരുന്നു.

യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസല വോൻ ഡെയർ ലെയ്ൻ നേരത്തെ തന്നെ ഒപ്പുവച്ച ഡീലാണ് പ്രധാനമന്ത്രി പാർലമെന്റിൽ പാസാക്കി ഒപ്പിട്ട് മടക്കി അയച്ചത്. ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിൽ വച്ച് ജനുവരി 24 നായിരുന്നു ബോറിസ് ചരിത്രപ്രസിദ്ധമായ കരാറിൽ ഒപ്പിട്ടത്.

യൂറോപ്യൻ യൂണിയനുമായി പുതിയൊരു ബന്ധം ഉണ്ടാക്കുമെന്നും യൂണിയനു പുറത്തുള്ള രാജ്യങ്ങളുമായി ഉടൻ തന്നെ സ്വതന്ത്ര വ്യാപാര ബന്ധങ്ങളുണ്ടാക്കുമെന്നുമായിരുന്നു കരാറില്‍ ഒപ്പുവച്ചതിനു ശേഷം ബോറിസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞത്.

ഒരു പുതിയ സ്വതന്ത്ര വ്യാപാര ഉടമ്പടി ചർച്ച ചെയ്യുമ്പോൾ ഇരുപക്ഷത്തിനും കുറച്ച് ആശ്വാസം നൽകാനാണ് പരിവർത്തന കാലയളവ്. വ്യാപാരം മാറ്റിനിർത്തിയാൽ, ഭാവിയിലെ യുകെ- യൂറോപ്യന്‍ യൂണിയന്‍ ബന്ധത്തിന്റെ മറ്റ് പല വശങ്ങളും തീരുമാനിക്കേണ്ടതുണ്ട്.

നിയമ നിർവ്വഹണം, ഡാറ്റ പങ്കിടൽ, സുരക്ഷ വിമാന മാനദണ്ഡങ്ങള്‍, മത്സ്യബന്ധനം, വൈദ്യുതിയുടെയും വാതകത്തിന്റെയും വിതരണം,
മരുന്നുകളുടെ ലൈസൻസിംഗും നിയന്ത്രണവും തുടങ്ങി നിരവധി കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകണം. പരിവർത്തന കാലയളവ് നീട്ടില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തറപ്പിച്ചു പറയുമ്പോള്‍, ഇതൊരു വെല്ലുവിളിയാകുമെന്നാണ് യൂറോപ്യൻ കമ്മീഷൻ നല്‍കുന്ന മുന്നറിയിപ്പ്.